ഇന്ത്യക്കാരുടെ 3 കോടി പോസ്റ്റുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്; ഈ പോസ്റ്റുകളിലെ പ്രധാന പ്രശ്നം ഇതാണ്.!

കമ്പനിയുടെ തന്നെ ഓട്ടോമേറ്റീവ് ടൂള്‍ ഉപയോഗിച്ചാണ് മൂന്നുകോടി പോസ്റ്റുകളില്‍ ഭൂരിഭാഗവും നീക്കം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.

facebook meta remove over 3 crore content from facebook and instagram in India

ദില്ലി: ഐടി നിയന്ത്രണ നിയമങ്ങള്‍ (IT act) കര്‍ശനമാക്കിയതോടെ അടുത്തകാലത്തായി തങ്ങളുടെ പ്ലാറ്റ്ഫോമില്‍ സ്വീകരിച്ച നടപടികള്‍ വിവിധ സോഷ്യല്‍ മീഡിയ കമ്പനികള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഫേസ്ബുക്ക് (facebook) മാതൃകമ്പനി മെറ്റയുടെ (Meta) കീഴിലുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്ന് എകദേശം മൂന്നുകോടി പോസ്റ്റുകളാണ് നീക്കം ചെയ്തത് എന്നാണ് പുതിയ വാര്‍ത്ത. 2021 ഐടി റൂള്‍സിന് അനുസൃതമായി ഫേസ്ബുക്ക് പ്ലാറ്റ്ഫോമില്‍ നിന്നും 2.69 കോടി പോസ്റ്റുകളും, ഇന്‍സ്റ്റഗ്രാമില്‍ (Instagram) നിന്നും 32 ലക്ഷം പോസ്റ്റുകളും ഈ കാലയളവില്‍ നീക്കം ചെയ്തു എന്നാണ് കണക്കുകള്‍ പറയുന്നത്.

കമ്പനിയുടെ തന്നെ ഓട്ടോമേറ്റീവ് ടൂള്‍ ഉപയോഗിച്ചാണ് മൂന്നുകോടി പോസ്റ്റുകളില്‍ ഭൂരിഭാഗവും നീക്കം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ ഉപയോക്താക്കളുടെ പരാതിയിലും പോസ്റ്റുകള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. ഇതും മെറ്റ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ മാസങ്ങളും ഇത്തരം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നുണ്ട് എന്നാണ് മെറ്റ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മെയ് മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഐടി നിയമം അനുസരിച്ച് പരാതി പരിഹാര ഓഫീസറെ അടക്കം നിയമിച്ച ഫേസ്ബുക്ക് പ്രസിദ്ധീകരിക്കുന്ന നാലാമത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സെപ്തംബര്‍ മാസത്തില്‍ ഫേസ്ബുക്ക് ഗ്രീവന്‍സ് സംവിധാനത്തിലൂടെ 708 പരാതികള്‍ ലഭിച്ചിരുന്നു. ഇതില്‍ 589 പരാതികള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചുവെന്നാണ് മെറ്റ അധികൃതര്‍ പറയുന്നത്. 

അതേ സമയം 33,600 ഫേസ്ബുക്ക് നീക്കം ചെയ്തത് വിദ്വേഷ പ്രചാരണത്തെ തുടര്‍ന്നാണെന്ന് ഫേസ്ബുക്ക് അറിയിക്കുന്നു. നഗ്നത, ലൈംഗികത എന്നീ ആരോപണങ്ങളില്‍ 516,800 പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഭീഷണി വ്യക്തി സുരക്ഷ എന്നിവ പരിഗണിച്ച് ഫേസ്ബുക്ക് നീക്കം ചെയ്തത് 307000 പോസ്റ്റുകളാണ്. 

മൂന്ന് രീതിയിലാണ് പോസ്റ്റുകള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി എടുക്കുന്നത് എന്നാണ് മെറ്റ അറിയിക്കുന്നത്. അതില്‍ ഒന്ന് ഫേസ്ബുക്ക് തന്നെ വികസിപ്പിച്ച ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ടൂള്‍ വച്ചാണ്, രണ്ടാമത് ചെയ്യുന്നത് ഫേസ്ബുക്ക് കമ്യൂണിറ്റിയുടെ സഹായം ഉപയോഗിക്കുകയാണ്, മൂന്നാമത് ഫേസ്ബുക്ക് സ്വന്തം ടീമിനെ വച്ച് മാനുവലായി നടത്തുന്ന ഇടപെടലാണ്.

വാട്ട്സ്ആപ്പിനെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം

അതേ സമയം മെറ്റയുടെ മറ്റൊരു കന്പനിയായ വാട്ട്സ്ആപ്പിനെതിരെ കടുത്ത നിലപാടെടുത്ത് കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയാണ്. ഇന്ത്യയിൽ ബിസിനസ് പ്ലേസ് ഇല്ലാത്ത കമ്പനിയെന്ന നിലയിൽ രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കാൻ കമ്പനിക്ക് അവകാശമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

ദില്ലി ഹൈക്കോടതിയിലാണ് കമ്പനിയും കേന്ദ്രവുമായുള്ള നിയമപോരാട്ടം നടക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ വാട്സ്ആപ്പാണ് ഹർജി നൽകിയത്. ഇന്ത്യൻ ഐടി നിയമം 2021 (IT Act 2021) ൽ പ്രദിപാദിച്ചിരിക്കുന്ന ട്രേസബിലിറ്റി ക്ലോസിനെതിരായാണ് കമ്പനി കോടതിയെ സമീപിച്ചത്.

രാജ്യത്ത് 50 ലക്ഷത്തിലേറെ ഉപഭോക്താക്കൾ നിർബന്ധമായും ഓരോ വിവരത്തിന്റെയും ഉറവിടം ആവശ്യമെങ്കിൽ സർക്കാർ ഏജൻസികളെ അറിയിക്കണം എന്നാണ് നിയമവ്യവസ്ഥത. ഇതിനെതിരായ കമ്പനിയുടെ ഹർജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രാജ്യം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios