Facebook : മെറ്റയ്ക്ക് തിരിച്ചടി; ഗിഫി ഏറ്റെടുക്കൽ റദ്ദാക്കണമെന്ന് യുകെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ് അതോറിറ്റി
മറ്റ് പ്ലാറ്റ്‍ഫോമുകൾക്ക് ഗിഫിയിലേക്കുള്ള അനുമതി ഇല്ലാതാക്കില്ലെന്നായിരുന്നു ഏറ്റെടുക്കൽ സമയത്ത് ഫേസ്ബുക്കിന്‍റെ പ്രഖ്യാപനം. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കാൻ കമ്മീഷൻ തയ്യാറായില്ല.
ലണ്ടൻ: ഫേസ്ബുക്ക് - മെറ്റയുടെ (Facebook - meta) ഗിഫി (giphy.com) ഏറ്റെടുക്കലിന് തടയിട്ട് യുകെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റസ് അതോറിറ്റി. ഗിഫി ഏറ്റെടുക്കൽ സമൂഹമാധ്യമങ്ങൾക്കിടിയിലെ മത്സരത്തിൽ ഫേസ്ബുക്ക് ആപ്പുകൾക്ക് അസ്വാഭാവിക മുൻതൂക്കം നൽകുമെന്നാണ് കണ്ടെത്തൽ. ട്വിറ്റർ, ആപ്പിൾ ഐ മെസ്സേജ്, സ്ലാക്ക് എന്നീ പ്ലാറ്റ്ഫോമുകൾ ഗിഫി ഉപയോഗിക്കുന്നത് തടസപ്പെടുത്താൻ ഫേസ്ബുക്കിന് കഴിയുമെന്നാണ് കമ്മിറ്റി നിരീക്ഷണം.
400 മില്യൺ യുഎസ് ഡോളറിന് 2020ലാണ് മെറ്റ ( അന്ന് ഫേസ്ബുക്ക് ) ഗിഫിയെ ഏറ്റെടുക്കുന്നത്. ഇൻസ്റ്റാഗ്രാം അടക്കമുള്ള സർവ്വീസുകളിൽ ഗിഫി കൂടുതൽ ഇഴുകിചേരുമെന്നായിരുന്നു പ്രഖ്യാപനം. ചെറു വീഡിയോകളും ആനിമേഷനുകളും ഏതാനം സെക്കൻഡുകൾ ലൂപ്പ് ചെയ്തു വരുന്ന ഗിഫ് (.gif) ഫോർമാറ്റ് ചിത്രങ്ങളുടെ ശേഖരമാണ് ഗിഫിയുടേത്(giphy). ഇതിലും വലിയ ഏറ്റെടുക്കലുകൾ ഫേസ്ബുക്ക് മുമ്പും നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു രാജ്യത്തെ കോംപറ്റീഷൻ കമ്മീഷൻ കരാർ റദ്ദാക്കാനുള്ള ഉത്തരവിടുന്നത്.
മറ്റ് പ്ലാറ്റ്‍ഫോമുകൾക്ക് ഗിഫിയിലേക്കുള്ള അനുമതി ഇല്ലാതാക്കില്ലെന്നായിരുന്നു ഏറ്റെടുക്കൽ സമയത്ത് ഫേസ്ബുക്കിന്‍റെ പ്രഖ്യാപനം. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കാൻ കമ്മീഷൻ തയ്യാറായില്ല.