ട്വിറ്റർ നൽകുന്നത് വേദനകള്‍ മാത്രം; വിറ്റൊഴിയാന്‍ തയ്യാറാണെന്ന് ഇലോണ്‍ മസ്ക്
ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇതെക്കുറിച്ച് മസ്ക് പറയുന്നത്. ട്വിറ്റർ വാങ്ങിയതിൽ ഖേദമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ലണ്ടന്‍: ട്വിറ്റർ തനിക്ക് വളരെയധികം വേദനകളാണ് തരുന്നതെന്നും ഒരു റോളർ കോസ്റ്റർ റൈഡ് പോലെയാണ് ഈ യാത്രയെന്നും ട്വിറ്റർ മേധാവി ഇലോൺ മസ്ക്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇതെക്കുറിച്ച് മസ്ക് പറയുന്നത്. ട്വിറ്റർ വാങ്ങിയതിൽ ഖേദമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശരിക്കും സമ്മർദ്ദകരമായ ഒരു സാഹചര്യമാണ് ഉള്ളത്. എന്നാൽ, ട്വിറ്റർ ഏറ്റെടുത്തത് ശരിയായ തീരുമാനമായിരുന്നു എന്നാണ് തനിക്ക് ഇപ്പോഴും തോന്നുന്നതെന്നും മസ്ക് പറഞ്ഞു.
ജോലിഭാരം വളരെ കൂടുതലായതിനാൽ താൻ ചിലപ്പോൾ ഓഫീസിൽ തന്നെയാണ് ഉറങ്ങാറുള്ളത്. ലൈബ്രറിയിൽ ആരും ഉപയോഗിക്കാത്ത ഒരു സോഫ താൻ സ്വന്തമാക്കിയെന്നും മസ്ക് പറയുന്നു.കഴിഞ്ഞ കുറച്ച് മാസങ്ങളായി പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രയാസത്തെക്കുറിച്ചും ഇലോൺ മസ്‌ക് സംസാരിച്ചു. ട്വിറ്ററിലെ 80 ശതമാനം തൊഴിലാളികളെയും പുറത്താക്കുക എളുപ്പമല്ല.
കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 8,000ൽ നിന്ന് 1500 ആയി കുറഞ്ഞിരിക്കുകയാണ്. പിരിച്ചുവിടൽ ബാധിച്ച എല്ലാ ട്വിറ്റർ ജീവനക്കാരുമായും വ്യക്തിപരമായി സംസാരിക്കാൻ തനിക്ക് അവസരം ലഭിച്ചില്ലെന്നും അതിനാൽ ഇമെയിലുകളിലൂടെ അവരെ വിശദാംശങ്ങൾ അറിയിച്ചിട്ടുണ്ടെന്നും മസ്ക് സമ്മതിച്ചു. ഇത്രയും പേരോട് മുഖാമുഖം സംസാരിക്കാൻ തനിക്ക് സാധിക്കില്ല.അനുയോജ്യമായ ഒരാളെ കണ്ടെത്തിയാൽ ഉടൻ തന്നെ ട്വിറ്റർ വില്ക്കുമെന്നാണ് മസ്ക് പറയുന്നത്.
ട്വിറ്റർ വാങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററുമായുള്ള കരാറിൽനിന്നു പിന്മാറുകയാണെന്ന് മസ്‌ക് അറിയിച്ചത് ജൂലൈ എട്ടിനാണ്. ട്വിറ്റർ കാണിച്ച കണക്കുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള കാര്യങ്ങളെ കുറിച്ചാണ് മസ്‌ക് ചൂണ്ടിക്കാണിച്ചത്.
കരാറിലും ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം നൽകണമെന്ന വ്യവസ്ഥ നിലവിലുണ്ട്. ഇത് കമ്പനി അംഗീകരിക്കുന്നില്ലെന്നായിരുന്നു മസ്കിന്റെ അഭിഭാഷകന്റെ വാദം. കരാർ നടപ്പിലാക്കാൻ 2023 ഏപ്രിൽ വരെ സമയമുണ്ടായിരുന്നു. അതിവേഗ തീർപ്പാക്കൽ ആവശ്യമില്ലെന്നാണ് മസ്‌കിന്റെ അഭിഭാഷകൻ ആൻഡ്രു റോസ്മാൻ വാദിച്ചിരുന്നതെങ്കിലും വൈകാതെ മസ്ക് ട്വിറ്റർ ഏറ്റെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോളോ ചെയ്യുന്ന പുതിയ ആളെ അറിഞ്ഞാല്‍ ഞെട്ടും; കാരണം ഇതോ?
ട്വിറ്റർ ആസ്ഥാനത്ത് 'ഡബ്ല്യു' ഇല്ല; പുതിയ നീക്കവുമായി ഇലോൺ മസ്‌ക്