സര്‍ക്കാര്‍ സൗജന്യ മാസ്‌ക്ക് തരുമെന്ന് സൈബര്‍ പ്രചാരണം; നിജസ്ഥിതി ഇതാണ്
വാട്‌സാപ്പ് വഴി പൗരന്മാരുടെ സ്വകാര്യതയിലേക്ക് ഇന്ത്യാ ഗവണ്‍മെന്റ് കടന്നുകയറുന്നതിനെക്കുറിച്ചുള്ളതാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന മറ്റൊരു സന്ദേശം. എന്നിരുന്നാലും, ഈ അവകാശവാദത്തിന് യാഥാര്‍ത്ഥ്യമില്ലെന്ന് വസ്തുത പരിശോധനയില്‍ വ്യക്തമാക്കി.
ദില്ലി: കൊറോണയെ നേരിടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സൗജന്യ മാസ്‌കുകള്‍ നല്‍കുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു സന്ദേശം ഇന്റര്‍നെറ്റില്‍ ചുറ്റിക്കറങ്ങുന്നു. വാട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചറിലുമാണ് പ്രധാനമായും ഇതു കാണുന്നത്. പിഎം മാസ്‌ക് യോജന എന്ന പുതിയ പദ്ധതി പ്രകാരം സര്‍ക്കാര്‍ സൗജന്യ മാസ്‌കുകള്‍ വിതരണം ചെയ്യുന്നുവെന്ന് സന്ദേശത്തില്‍ പറയുന്നു. ഇതേത്തുടര്‍ന്ന്, സന്ദേശം നല്‍കിയ ലിങ്കില്‍ ക്ലിക്കുചെയ്യാന്‍ ഉപയോക്താവിനെ നിര്‍ദ്ദേശിക്കുന്നു.
ഔദ്യോഗിക പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പിഐബി) വസ്തുത പരിശോധന പേജ് ഈ സന്ദേശം വ്യാജമാണെന്ന് പ്രഖ്യാപിച്ചു. വസ്തുതാ ചെക്ക് പേജിന്റെ ട്വീറ്റ് പ്രകാരം, ഇങ്ങനെയൊരു പദ്ധതിയും സര്‍ക്കാരിന് ഇല്ലെന്നും ലിങ്ക് വ്യാജമാണെന്നും സ്ഥിരീകരിക്കുന്നു. ഇതു പോലെ സമാനമായ നിരവധി വ്യാജ സന്ദേശങ്ങള്‍ ഇപ്പോള്‍ വാട്‌സാപ്പില്‍ പരക്കുന്നുണ്ട്.
ഇതിനു സമാനമായി നികുതിദായകര്‍ അവരുടെ ജിഎസ്ടി റീഫണ്ട് പ്രോസസ്സ് ചെയ്യുന്നതിന് ഒരു ലിങ്കില്‍ ക്ലിക്കുചെയ്യേണ്ടതുണ്ടെന്ന് മറ്റൊരു വാട്‌സാപ്പ് സന്ദേശവും പ്രചരിക്കുന്നുണ്ട്. ഈ സന്ദേശവും വ്യാജമാണെന്ന് വെളിപ്പെട്ടിട്ടുണ്ട്. 'റീഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും വ്യാജ ലിങ്കില്‍ ദയവായി ക്ലിക്കുചെയ്യരുത്. ഇവ ഫിഷിംഗ് സന്ദേശങ്ങളാണ്, ജിഎസ്ടിയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഫയലിംഗുകള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.'
തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രതിമാസം 3500 രൂപ 'പ്രധാന്‍ മന്ത്രി ഭട്ട യോജന' പ്രകാരം ലഭിക്കുമെന്ന് മറ്റൊരു സന്ദേശത്തില്‍ കൂടി പറയുന്നു. അത്തരം പദ്ധതികളൊന്നുമില്ലെന്ന് വ്യക്തമാക്കുന്ന വ്യാജമാണെന്ന് ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്.
വാട്‌സാപ്പ് വഴി പൗരന്മാരുടെ സ്വകാര്യതയിലേക്ക് ഇന്ത്യാ ഗവണ്‍മെന്റ് കടന്നുകയറുന്നതിനെക്കുറിച്ചുള്ളതാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന മറ്റൊരു സന്ദേശം. എന്നിരുന്നാലും, ഈ അവകാശവാദത്തിന് യാഥാര്‍ത്ഥ്യമില്ലെന്ന് വസ്തുത പരിശോധനയില്‍ വ്യക്തമാക്കി. ഈ സന്ദേശം ഏറെ രസകരമായിരുന്നു. നിങ്ങളുടെ സന്ദേശം സ്വീകര്‍ത്താവ് കണ്ടു എന്നറിയുന്നത് അതില്‍ കാണുന്ന നീല നിറത്തിലുള്ള ടിക്ക് ചിഹ്നങ്ങളാണ്.
എന്നാല്‍ ഇത്തരം സന്ദേശങ്ങളില്‍ മൂന്ന് ടിക്ക് മാര്‍ക്ക് വന്നാല്‍ സൂക്ഷിക്കണമെന്നും അങ്ങനെയെങ്കില്‍ നിങ്ങളെ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നുവെന്നുമാണ് അര്‍ത്ഥം എന്നായിരുന്നു വ്യാജസന്ദേശം. ഇങ്ങനെ ചെക്ക് ചെയ്യുന്നുണ്ടോയെന്നറിയാന്‍ തുടര്‍ന്നുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ പറയുന്നു.
തെറ്റായ വിവരങ്ങള്‍ തടയുന്നതിന്, അഞ്ച് പേര്‍ക്ക് സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്ന ആളുകളുടെ എണ്ണം വാട്‌സാപ്പ് കുറച്ചിരുന്നു. ഈ മാറ്റം ആഗോളതലത്തില്‍ സന്ദേശ ഫോര്‍വേഡുകള്‍ 25 ശതമാനം കുറച്ചതായി പറയപ്പെടുന്നു. മാഗ്‌നിഫൈയിംഗ് ഗ്ലാസില്‍ ക്ലിക്കുചെയ്ത് ഉപയോക്താവിന് വെബില്‍ ഒരു പ്രത്യേക ഫോര്‍വേഡ് പരിശോധിക്കാന്‍ കഴിയുന്ന ഒരു ഫീച്ചറും വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്.