പൗരത്വ ഭേദഗതി ബില്ല്: ഗൂഗിള്‍ ട്രെന്‍റിംഗില്‍ വരുന്നത് ഇതൊക്കെയാണ്.!
ട്രെന്‍റ് പ്രകാരം വടക്ക് കിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ നിന്നാണ് ഏറ്റവും കൂടുതല്‍പ്പേര്‍ ഇത് തിരഞ്ഞത് 100 ആണ് അവിടുത്തെ കണക്ക്.
ദില്ലി: പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും അംഗീകരിച്ച് രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമം ആയിരിക്കുകയാണ്. ഇത് സംബന്ധിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രക്ഷോഭം അരങ്ങേറുകയാണ്. ഇതിന്‍റെ അലയൊലികള്‍ ഇന്‍റര്‍നെറ്റിലും കാണാം എന്നാണ് ഗൂഗിളിന്‍റെ ട്രെന്‍റിംഗ് റിപ്പോര്‍ട്ട് കാണിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗൂഗിള്‍ തിരച്ചില്‍ നടന്നിരിക്കുന്നത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ.
ഗൂഗിളിന്‍റെ കണക്ക് പ്രകാരം ഡിസംബര്‍ 8 മുതല്‍ 12 വരെയുള്ള തീയതികള്‍ പൗരത്വ ഭേദഗതി സംബന്ധിച്ച സെര്‍ച്ച് 100 ആയി വര്‍ദ്ധിച്ചു (ഇത് ഗൂഗിളിന്‍റെ കണക്കുകൂട്ടുന്ന മാനദണ്ഡമാണ്). ഇതിന് മുന്‍പ് പൗരത്വ ഭേദഗതി ബില്ല് ചര്‍ച്ചയായ 2018 ജനുവരിയില്‍ മാത്രമാണ് ഇത് മുന്‍പ് സെര്‍ച്ച് ചെയ്യപ്പെട്ടത്. എന്നാല്‍ അന്ന് കൂടിയ സെര്‍ച്ച് 12 വരെയാണ്.
ഇപ്പോഴത്തെ ട്രെന്‍റ് പ്രകാരം വടക്ക് കിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ നിന്നാണ് ഏറ്റവും കൂടുതല്‍പ്പേര്‍ ഇത് തിരഞ്ഞത് 100 ആണ് അവിടുത്തെ കണക്ക്. രണ്ടാം സ്ഥാനത്ത് മേഘാലയ 90 ശതമാനം പേരാണ് അത് തിരഞ്ഞത്. നാഗാലാന്‍റ് മൂന്നാം സ്ഥാനത്ത് 72 എന്നതാണ് സെര്‍ച്ച് റൈറ്റിംഗ്. അരുണാചല്‍ ആണ് പിന്നാലെ 70 ആണ് റൈറ്റിംഗ്. മണിപ്പൂര്‍ 61 ആണ് റൈറ്റിംഗ്. ഏറ്റവും കൂടുതല്‍ പ്രക്ഷോഭം നടക്കുന്ന അസം അടക്കം ലിസ്റ്റില്‍ ഇല്ല. ഇന്‍റര്‍നെറ്റ് ബന്ധങ്ങള്‍ സര്‍ക്കാര്‍ വിച്ഛേദിച്ചതിനാലാകാം ഇത്.
ഇതിനൊപ്പം What is citizenship amendment bill എന്ന് സെര്‍ച്ച് ചെയ്തവരുടെ എണ്ണത്തിലും കൂടുതല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ തന്നെ. അരുണാചലില്‍ ഈ സെര്‍ച്ച് നടത്തിയത് 100 എന്ന റൈറ്റിംഗിലാണ്. രണ്ടാം സ്ഥാനത്ത് മേഘാലയ 91 ആണ് റൈറ്റിംഗ്. ഇതിന് പിന്നില്‍ തൃപുര 66 ആണ് റൈറ്റിംഗ്. നാഗാലാന്‍റ്, മിസോറാം എന്നീ സംസ്ഥാനങ്ങളാണ് പിന്നില്‍ വരുന്നത്.
ഇതിന് പുറമേ എന്താണ് പൗരത്വ ഭേദഗതി ബില്ല്?, എന്താണ് CAB, പൗരത്വ ഭേദഗതി ബില്ലിന്‍റെ പിഡിഎഫ്, പൗരത്വ ഭേദഗതി ബില്ലിന്‍റെ ഹിന്ദി പകര്‍പ്പ് എന്നിവയ്ക്ക് വേണ്ടിയും സെര്‍ച്ചുകള്‍ കൂടിയിട്ടുണ്ട്. രസകരമായ കാര്യം ഇതിനൊപ്പം തന്നെ TaxiCab എന്നത് മൂന്നാംസ്ഥാനത്തേക്ക് സെര്‍ച്ചില്‍ കയറി വന്നിട്ടുണ്ട്. ഇതിനൊപ്പം എന്‍ആര്‍സി എന്താണെന്നതും ട്രെന്‍റിംഗ് സെര്‍ച്ചില്‍ വരുന്നുണ്ട്.