ബിൽഗേറ്റ്സിന്റെയും ഒബാമയുടെയുമടക്കം ട്വിറ്റർ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത കൗമാരക്കാർക്കെതിരെ കേസ്
അമേരിക്കയിൽ പ്രമുഖരുടെ അക്കൌണ്ടുകൾ ഹാക്ക് ചെയ്ത സംഭവത്തിൽ രണ്ട് കൗമാരക്കാർക്കെതിരെ കേസെടുത്തു. ഇവരെ സഹായിച്ച ഒരു 22കാരനെതിരെയും കുറ്റം ചുമത്തി.
വാഷിങ്ടൺ: അമേരിക്കയിൽ പ്രമുഖരുടെ അക്കൌണ്ടുകൾ ഹാക്ക് ചെയ്ത സംഭവത്തിൽ രണ്ട് കൗമാരക്കാർക്കെതിരെ കേസെടുത്തു. ഇവരെ സഹായിച്ച ഒരു 22കാരനെതിരെയും കുറ്റം ചുമത്തി. ഇവരിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മുൻ പ്രസിഡന്റ് ബരാക് ഒബാമ, മൈക്രോസോഫ്റ്റ് സ്ഥാപനകൻ ബിൽഗേറ്റ്സ് തുടങ്ങി നിരവധി പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. അടിയന്തര നടപടി സ്വീകരിച്ച പൊലീസിന് ട്വിറ്റർ നന്ദി അറിയിച്ചു.
ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ആവശ്യപ്പെട്ടാണ് ശതകോടീശ്വരന്മാരും രാഷ്ട്രീയ പ്രമുഖരും ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്. ബിൽ ഗേറ്റ്സ്, മുൻ പ്രസിഡന്റ് ബാരാക് ഒബാമ എന്നിവർക്ക് പുറമേ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ, ടെസ്‍ല ഉടമ എലോൺ മസ്ക് എന്നിവരുടെയും അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
പണം ആവശ്യപ്പെട്ടുള്ള സന്ദേശം ഇവരുടെ അക്കൗണ്ടുകളിലും പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്ക് മാർക്ക് ട്വിറ്ററിൽ നിന്ന് അപ്രത്യക്ഷമായി. പാസ്‍വേർഡ് മാറ്റാനുള്ള ശ്രമം പരാജയപ്പെടുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.