സിരി ലൈംഗിക ബന്ധം പോലും റെക്കോര്‍ഡ് ചെയ്തുവെന്ന ആരോപണം; മാപ്പ് പറഞ്ഞ് ആപ്പിള്‍
പലരുടെയും രഹസ്യ സംഭാഷണങ്ങളും ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴുള്ള സ്വകാര്യ സംഭാഷണങ്ങളും ശബ്ദങ്ങളും സിരി റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡബ്ലിന്‍: ആപ്പിള്‍ ഫോണുകളിലെ സിരി സാങ്കേതിക വിദ്യ ആളുകള്‍ തമ്മിലുള്ള ലൈംഗിക ബന്ധം പോലും റെക്കോര്‍ഡ് ചെയ്തുവെന്ന ആക്ഷേപത്തില്‍ പ്രതികരണവുമായി ആപ്പിള്‍. കഴിഞ്ഞ ഞായറാഴ്ച മുന്‍ ജീവനക്കാരനെ ഉദ്ധരിച്ച് ഐറിഷ് മാധ്യമങ്ങളാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആപ്പിളിന്‍റെ വെര്‍ച്വല്‍ അസിസ്റ്റന്‍റാണ് സിരി. ജീവനക്കാര്‍ ഓരോ ഷിഫ്റ്റിലും ആയിരത്തിലേറെ ഫോണ്‍ റെക്കോര്‍ഡിംഗുകള്‍ കേള്‍ക്കുന്നുണ്ടെന്നും മുന്‍ ജീവനക്കാരനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പലരുടെയും രഹസ്യ സംഭാഷണങ്ങളും ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴുള്ള സ്വകാര്യ സംഭാഷണങ്ങളും ശബ്ദങ്ങളും സിരി റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ കടന്നുകയറുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം സിരിയുടെ റെക്കോര്‍ഡിംഗ് സംവിധാനം നിര്‍ത്തലാക്കിയിരുന്നു. ലോകത്താകമാനമുള്ള ആപ്പിള്‍ കോണ്‍ട്രാക്ടര്‍മാരും ഉപഭോക്താക്കളുടെ മെഡിക്കല്‍ വിവരങ്ങള്‍, ഡ്രഗ് കരാറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിലാണ് ആപ്പിള്‍ പ്രതികരിച്ചത്. ആപ്പിള്‍ അതിന്‍റെ ഉയര്‍ന്ന മൂല്യങ്ങളില്‍ നിന്നും ഒരിക്കലും പിന്നോട്ട് പോകില്ല. ഇപ്പോള്‍ നടന്ന സംഭവങ്ങളില്‍ മാപ്പ് പറയുന്നു. എന്നാല്‍ ആഗോളതലത്തില്‍ നടത്തിയ അപ്ഡേറ്റിന്‍റെ ഭാഗമായി ഇത്തരം ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും. സിരിയുടെ അപ്ഡേറ്റിംഗ് ആഗോളതലത്തില്‍ തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ഈ മാപ്പ് അപേക്ഷയ്ക്കൊപ്പം തങ്ങള്‍ ഉപയോക്താവ് അനുവദിച്ചാല്‍ മാത്രമേ സിരി വഴി ഓഡിയോ റെക്കോഡ് ചെയ്യാറുള്ളൂ എന്നാണ് പറയുന്നത്. ഇത്തരം അനുവദത്തോടെ റെക്കോഡ് ചെയ്യുന്ന സംഭാഷണങ്ങള്‍ സിരിയുടെ ഒരോ ഘട്ടത്തിലുള്ള ക്വാളിറ്റി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു എന്നും ആപ്പിള്‍ പറയുന്നു. ഇത്തരത്തില്‍ ഉപയോക്താവില്‍ നിന്നും അവരുടെ അനുവാദത്തില്‍ ശേഖരിച്ച ശബ്ദങ്ങള്‍ മാത്രമാണ് ആപ്പിള്‍ ജീവനക്കാര്‍ കേള്‍ക്കുന്നത് എന്നും ആപ്പിള്‍ വിശദീകരിക്കുന്നു. അതിനാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവം തീര്‍ത്തും അസ്വഭാവിക സംഭവമാണെന്നും ആപ്പിള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒപ്പം സിരി റെക്കോഡ് ചെയ്ത വിവാദ ശബ്ദങ്ങള്‍ കേട്ടു എന്ന് പറയപ്പെടുന്നവര്‍ക്കെതിരെ ആപ്പിള്‍ നടപടി എടുത്തതായും റിപ്പോര്‍ട്ടുണ്ട്.