ഫോണെടുക്കാന്‍ തിരിഞ്ഞു, വീണത് പാറയിടുക്കില്‍, തലകീഴായി കിടന്നത് ഏഴ് മണിക്കൂര്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം
പാറയിടുക്കിന് മുകളില്‍ നിന്ന് ഫോട്ടോയെടുക്കാനായി ഫോണ്‍ എടുത്തതാണ്. പിന്നാലെ ഏഴ് മണിക്കൂര്‍ തല കീഴായി കിടന്നത് പാറയിടുക്കില്‍. ഒടുവില്‍ അത്ഭുതകരമായ ഒരു രക്ഷപ്പെടല്‍.
'സുഭാഷേ...' ഈ വിളി, ഒരു പക്ഷേ, മലയാളിയുടെ ഒരു തലമുറയെ തന്നെ സ്വാധീനിച്ച വിളിയാണ്. 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ചിത്രത്തിലൂടെ ഗുണാ കേവില്‍ അകപ്പെട്ട് പോയ തങ്ങളുടെ സുഹൃത്തിനെ രക്ഷിക്കാന്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ നടത്തുന്ന അതിജീവനത്തിന്‍റെ കഥ. ആ സിനിമ കണ്ടിറങ്ങിയ കുട്ടികളുടെ തലമുറയെ ആ സിനിമ ഏറെ സ്വാധീനിച്ചുവെന്നതിന് തെളിവാണ്, ഇത്തരം അപകടകരമായ സ്ഥലങ്ങളിലെത്തുമ്പോള്‍, അവരിലൊരാള്‍ അറിയാതെ 'സുഭാഷേ.....' എന്ന് വിളിക്കുന്നത്. അത്തരമൊരു അതിജീവനത്തിന്‍റെ കഥയാണ് ന്യൂ സൗത്ത് വെയിൽസ് ആംബുലൻസ് സർവീസ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒക്ടോബർ 21 ന് കുറിച്ചത്.
ഓസ്ട്രേലിയയിലെ ഹണ്ടര്‍ വാലിയിൽ ഈ മാസം ആദ്യമായിരുന്നു സംഭവം. ഒരു പാറയിടുക്കിന് മുകളില്‍ നിന്ന് ഫോട്ടോയെടുക്കാനായി ഇരുപത്തിമൂന്നുകാരിയായ മെറ്റിൽഡ കാംപ്ബെൽ തന്‍റെ ബാഗില്‍ നിന്നും ഫോണ്‍ എടുത്തതാണ്. പക്ഷേ, ഫോണ്‍ പാറയിടുക്കിലേക്ക് വീണു. പിന്നാലെ അത് തപ്പിയിറങ്ങിയ മെറ്റിൽഡയും കുഴിയിലേക്ക് വീണു. കൂറ്റന്‍പാറകള്‍ക്കിടയിലൂടെ തലകീഴായി കിടക്കുന്ന തങ്ങളുടെ സഹയാത്രികയെ രക്ഷപ്പെടുത്താന്‍ കൂട്ടുകാര്‍ പഠിച്ച പണി പതിനെട്ടും നോക്കി, പക്ഷേ, കാര്യമുണ്ടായില്ല. ഏതാണ്ട് ഒരു മണിക്കൂറോളം മെറ്റില്‍ഡ മൂന്ന് മീറ്റര്‍ താഴ്ചയില്‍ തലകീഴായി കിടന്നു. തങ്ങളെ കൊണ്ട് രക്ഷപ്പെടുത്താന്‍ കഴിയില്ലെന്ന് മനസിലാക്കിയ സുഹൃത്തുക്കള്‍ സഹായത്തനായി ന്യൂ സൗത്ത് വെയിൽസ് ആംബുലൻസ് സർവീസിനെ ബന്ധപ്പെട്ടു.
വിവാഹ ശേഷം വരന്‍റെ വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച വധുവിനെ ചുമന്ന് സഹോദരന്‍; വീഡിയോ വൈറല്‍
ആംബുലൻസ് സർവീസ് സ്ഥലത്തെത്തിയെങ്കിലും പാറകളുടെ വലിപ്പവും വിചിത്രമായ കിടപ്പും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്കരമാക്കി. ഏതാണ്ട് 500 കിലോഗ്രാം ഭാരമുള്ള പാറ നീക്കി മെറ്റില്‍ഡയെ പുറത്തെടുക്കുക എന്ന സങ്കീര്‍ണമായ നീക്കമായിരുന്നു അവര്‍ നടത്തിയത്. ഒടുവില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് ഏഴ് മണിക്കൂറുകള്‍ക്ക് ശേഷം മെറ്റില്‍ഡയെ പുറത്തെത്തിക്കാന്‍ ന്യൂ സൗത്ത് വെയിൽസ് ആംബുലൻസ് സർവീസിന് കഴിഞ്ഞു. തന്‍റെ 10 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നാണ് എൻ എസ് ഡബ്ല്യു ആംബുലൻസ് സ്പെഷ്യലിസ്റ്റ് റെസ്ക്യൂ പാരാമെഡിക്കൽ പീറ്റർ വാട്ട്സ് മാധ്യമങ്ങളോട് പറഞ്ഞത്. ഏഴ് മണിക്കൂര്‍ തലകീഴായി കിടന്ന് ഒടുവില്‍ രക്ഷപ്പെട്ടെത്തിയ മെറ്റില്‍ഡയ്ക്ക് കണങ്കാലുകളില്‍ ചെറിയ ചതവും പരിക്കും മാത്രമേയുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.