23,000 രൂപയുടെ ഷൂവിന് ഓർഡർ, ലഭിച്ചത് രണ്ട് സ്ലിപ്പർ; ടാറ്റ ക്ലിക് റീഫണ്ടും തന്നില്ലെന്ന് യുവാവിന്‍റെ കുറിപ്പ്
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ നിങ്ങള്‍ ഭാഗ്യമുണ്ടെങ്കില്‍ ഓര്‍ഡര്‍ ചെയ്ത സാധനം ലഭിക്കുമെന്നതാണ് അവസ്ഥയെന്നും ചിലര്‍ കുറിച്ചു.
വന്ന് വന്ന് ഇഷ്ടപ്പെട്ട ചില വസ്തുക്കള്‍ വേണമെങ്കില്‍ ഓണ്‍ലൈനിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പല വസ്തുക്കളും ഇന്ന് കടകളില്‍ കിട്ടാനില്ല. അതേസമയം അവയെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാണ് താനും. എന്നാല്‍ ഓണ്‍ലൈനില്‍ അവ ഓർഡർ ചെയ്താല്ലോ, നമ്മുടെ ഭാഗ്യം അനുസരിച്ചാകും കാര്യങ്ങള്‍. സംഗതി കൈയില്‍ കിട്ടിയാല്‍ കിട്ടി എന്നതാണ് അവസ്ഥ. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ എക്സില്‍ Ripper എന്ന ഉപയോക്താവ് സമാനമായ ഒരു അനുഭവം പങ്കുവച്ചത് ഏറെ പേരുടെ ശ്രദ്ധനേടി. റിപ്പറിന്‍റെ കുറിപ്പ് രണ്ട് ദിവസം കൊണ്ട് ഒന്നരലക്ഷത്തോളം പേരാണ് കണ്ടത്.
ഓണ്‍ലൈന്‍ വിപണിയിലൂടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച് റിപ്പര്‍ ഇങ്ങനെ എഴുതി, 'ഉപഭോക്താക്കള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം തട്ടിയെടുക്കാന്‍ ടാറ്റ ക്ലിക്ക് ലക്ഷ്വറി ഇവിടെയുണ്ട്. എനിക്ക് എന്‍റെ പണം നഷ്ടപ്പെട്ടു, പക്ഷേ, ദയവായി തട്ടിപ്പിൽ നിന്ന് സ്വയം രക്ഷിക്കുക. ഞാൻ ന്യൂ ബാലൻസ് സ്നീക്കറുകൾ ഓർഡർ ചെയ്തു, അവർ ഒരു ജോഡി ചെരിപ്പുകൾ അയച്ചു, ഇപ്പോൾ ഗുണനിലവാര പരിശോധന പരാജയപ്പെട്ടുവെന്ന് പറഞ്ഞ് പണം തിരികെ നൽകാൻ വിസമ്മതിക്കുന്നു.' ഒപ്പം തന്‍റെ ട്വീറ്റ് റിപ്പര്‍ ടാറ്റ ക്ലിക്ക് ക്വാളിറ്റിയ്ക്ക് ടാഗ് ചെയ്തു. ഷൂവിന് പകരം ലഭിച്ച ചെരുപ്പുകള്‍ പെട്ടെന്ന് തന്നെ മാറ്റിത്തരുമെന്ന് റിപ്പര്‍ കരുതിയെങ്കിലും അതുണ്ടായില്ല. തങ്ങലുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ മറികടക്കാന്‍ ചെരുപ്പിന് കഴിഞ്ഞില്ലെന്നും അതിനാല്‍ പണം നല്‍കാനാകില്ലെന്നുമാണ് ടാറ്റ ക്ലിക് ക്വാളിറ്റി യുവാവിനെ അറിയിച്ചത്.
കുറിപ്പ് വളരെ വേഗം വൈറലായി. പലരും ഓണ്‍ലൈനില്‍ ഓര്‍ഡറുകളുടെ തട്ടിപ്പുകളെ കുറിച്ച് സംസാരിച്ചു. റിട്ടേണ്‍ ചെയ്യേണ്ട വസ്തുവിന്‍റെ ഗുണനിലവാര മാനദണ്ഡങ്ങൾ എങ്ങനെ പാലിക്കണമെന്ന് ചിലര്‍ സംശയം ചോദിച്ചു. ഡെലിവറി പൂര്‍ത്തിയാക്കാന്‍ കമ്പനികള്‍ ഡെലിവറി ഏജന്‍റിന്‍റെ സഹായം തേടുന്നു. കമ്പനികള്‍ വിശ്വാസത്തിലെടുക്കുന്നതും ഇത്തരം ഡെലിവറി ഏജന്‍റുകളെയാണ്. അവിടെയാണ് തട്ടിപ്പ് നടക്കുന്നതെന്ന് ചിലര്‍ വിശദീകരിച്ചു. എന്നാല്‍, ഇത്തരം വിലകൂടിയ ഉത്പന്നങ്ങള്‍ കമ്പനി നേരിട്ടാണ് ഡെലിവറി ചെയ്യുന്നതെന്നും ഡെലിവറി ഏജന്‍റ് ശരിയായ ഉത്പന്നമാണ് നല്‍കിയതെന്ന് അറിയിച്ചാല്‍ കമ്പനി അതാണ് മുഖവിലയ്ക്ക് എടുക്കുകയെന്നും ചിലരെഴുതി. യുവാവിന്‍റെ നിരാശ വായിച്ച ചിലര്‍ അദ്ദേഹത്തെ ഉപദേശിച്ചു. ഓണ്‍ലൈനില്‍ വാങ്ങുന്ന സാധനങ്ങള്‍ അത് വില കൂടിയതായാലും കുറഞ്ഞതായാലും കൈപ്പറ്റുമ്പോളും അണ്‍ബോക്സ് ചെയ്യുമ്പോഴും വീഡിയോ റെക്കോര്‍ഡ് ചെയ്യുക. അങ്ങനെയാണെങ്കില്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് അതൊരു തെളിവായി ഉപയോഗിക്കാം. നിരവധി പേര്‍ ഈ നിര്‍ദ്ദേശത്തെ പിന്താങ്ങി.
'അതാ, മുകളിലേക്ക് നോക്കൂ... ആകാശത്തൊരു പശു'; അന്തംവിട്ട് ജനം, വൈറല്‍ വീഡിയോ കാണാം !