ഫസ്റ്റ് ക്ലാസില്‍ നിന്ന് ഇക്കോണമിയിലേക്ക് മാറി, വിമാന യാത്രയ്ക്കിടെ തന്‍റെ നായ ചത്തെന്ന് പരാതിയുമായി യുവാവ്
ബുൾഡോഗുകൾ, പഗ്സ് തുടങ്ങിയ ചെറിയ മൂക്കുള്ള നായ ഇനങ്ങൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കൂടുതലാണ്. അതിനാല്‍ തന്നെ ഇവയുടെ വിമാന യാത്ര ഏറെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍.
ന്യൂയോർക്കിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള വിമാന യാത്രയ്ക്കിടെ ഫസ്റ്റ് ക്ലാസില്‍ നിന്ന് ഇക്കോണമിയിലേക്ക് മാറിയത് മൂലം തന്‍റെ ഫ്രഞ്ച് ബുൾഡോഗ് ആഷ് മരിച്ചെന്ന പരാതിയുമായി യുവാവ്. പരാതിക്കിടയാക്കിയ സംഭവം നടന്നത് 2024 ഫെബ്രുവരി ഒന്നിനാണ്. സാൻ ഫ്രാൻസിസ്കോ സ്വദേശിയായ മൈക്കൽ കോണ്ടില്ലോയാണ്, അലാസ്ക എയർലൈൻസിനെതിരെ കേസ് ഫയൽ ചെയ്തത്. ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് താനെടുത്ത ഫസ്റ്റ് ക്ലാസ് സീറ്റിന് പകരം ഇക്കോണമി സീറ്റിലേക്ക് മാറാന്‍ മൈക്കൽ നിർബന്ധിതനായി. ഇതേ തുടര്‍ന്ന് ക്രൂവിന്‍റെ അശ്രദ്ധ മൂലമാണ് തന്‍റെ പ്രിയപ്പെട്ട നായ ആഷ് ചത്ത് പോയതെന്ന് മൈക്കൽ കോണ്ടില്ലോ ഒക്ടോബർ 16 ന് ഫയൽ ചെയ്ത പരാതിയില്‍ പറയുന്നു.
സാൻ ഫ്രാൻസിസ്കോയിലേക്കുള്ള യാത്രയ്ക്ക് തങ്ങളുടെ രണ്ട് ഫ്രഞ്ച് ബുൾഡോഗുകളായ ആഷിനും, കോരയ്ക്കും ചുറ്റിക്കറങ്ങാൻ മതിയായ സ്ഥലവും മറ്റ് യാത്രക്കാരുമായി കുറഞ്ഞ ഇടപെടലും മാത്രമേയുണ്ടാകൂവെന്ന് ഉറപ്പാക്കാനായി മൈക്കൽ കോണ്ടില്ലോ, അച്ഛനും തനിക്കും ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളാണ് ബുക്ക് ചെയ്തത്. ഫ്ലൈറ്റ് പറന്നുയരുന്നതിന് മുമ്പ്, രണ്ട് നായ്ക്കളെയും മൃഗഡോക്ടർ പരിശോധിക്കുകയും അവ പറക്കാൻ യോഗ്യരാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ കോണ്ടില്ലോയും അച്ഛനും ഇക്കോണമി ക്ലാസിലേക്ക് മാറണമെന്ന് എയർലൈന്‍സ് ജീവനക്കാർ ആവശ്യപ്പെട്ടു.
യാത്രയുടെ അവസാന നിമിഷത്തിലുണ്ടായ ഈ സ്ഥലം മാറ്റം ആഷിൽ വലിയ ഉത്കണ്ഠയാണ് സൃഷ്ടിച്ചത്. സ്ഥലം മാറിയ ഉടനെ തന്നെ അവന്‍ ശ്വാസമെടുക്കാന്‍ പറ്റാത്തതരത്തില്‍ കിതയ്ക്കാന്‍ തുടങ്ങി. ഇതേസമയം ടേക്ക് ഓഫ് സമയത്ത് ആഷിനെ കിടത്തിയിരുന്ന കൂടിന്‍റെ വാതില്‍ അടയ്ക്കാന്‍ എയർലൈന്‍സ് ജീവനക്കാർ ആവശ്യപ്പെട്ടു. ഇത് മൂലം തനിക്ക് ആഷിനെ പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നും മൈക്കൽ കോണ്ടില്ലോയുടെ പരാതിയില്‍ പറയുന്നു. വിമാനം സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും, ആഷ് മരണത്തിന് കീഴടങ്ങിയിരുന്നു. തന്‍റെ പ്രിയപ്പെട്ട വളര്‍ത്തുമൃഗത്തിന്‍റെ അപ്രതീക്ഷിത മരണം തന്നെ ഒരു വിഷാദരോഗിയാക്കിയെന്നും മൈക്കലിന്‍റെ പരാതിയില്‍ പറയുന്നു. ബുൾഡോഗുകൾ, പഗ്സ് തുടങ്ങിയ ചെറിയ മൂക്കുള്ള നായ ഇനങ്ങൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കാരണം വിമാനയാത്രയ്ക്കിടെ അവയുടെ മരണസാധ്യത കൂടുതലാണെന്ന് അമേരിക്കൻ വെറ്ററിനറി മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു. അത്തരം ഇനങ്ങൾക്കായി, കാർഗോയായോ മറ്റ് പരിമിതമായ പ്രദേശങ്ങളിലോ അല്ലാതെ പാസഞ്ചർ ക്യാബിനിൽ തന്നെ യാത്ര അനുവദിക്കണമെന്നും സംഘടന നിര്‍ദ്ദേശിക്കുന്നു.
മനുഷ്യന്‍ ചക്രം കണ്ടുപിടിച്ചത് 6,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതും യൂറോപ്പിലെന്ന് പഠനം