'സാരിക്കള്ളി'കളുടെ സംഘം അറസ്റ്റിൽ, 17 ലക്ഷത്തിന്റെ മുതൽ, 38 പട്ടുസാരികൾ കണ്ടെത്തി 

ഇവരുടെ നീക്കത്തിൽ സംശയം തോന്നിയ കടയിലെ ജീവനക്കാർ ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. പിന്നാലെ നടത്തിയ പരിശോധനയിലാണ് പട്ടുസാരികൾ മോഷ്ടിക്കാൻ ശ്രമിച്ചതായി കണ്ടെത്തുന്നത്.

women gang arrested for 17 lakhs silk saree stealing in Bengaluru

ബെം​ഗളൂരുവിലെ കടയിൽ വൻ സാരി മോഷണം, അറസ്റ്റിലായത് നാല് സ്ത്രീകൾ. ജെപി ന​ഗർ ഏരിയയിലെ ഒരു കടയിൽ നിന്നാണ് നാലുപേരും ചേർന്ന് വിലയേറിയ സാരികൾ മോഷ്ടിക്കാനുള്ള ശ്രമം നടത്തിയത്. എന്തായാലും, മോഷ്ടിച്ച മുതലും കൊണ്ട് ഇവർക്ക് കടയിൽ നിന്നും പോകാനായില്ല. അതിന് മുമ്പ് തന്നെ സംശയം തോന്നിയ ജീവനക്കാർ ഇവരെ പിടിച്ചു നിർത്തി ചോദ്യം ചെയ്ത് തുടങ്ങിയിരുന്നത്രെ. 

ഈ സ്ത്രീകളിൽ നിന്ന് 17.5 ലക്ഷം രൂപ വില വരുന്ന 38 പട്ടുസാരികൾ കണ്ടെടുത്തതായി ബെംഗളൂരു പൊലീസ് കമ്മീഷണർ ബി. ദയാനന്ദ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജെപി നഗർ പിഎസിലെ ജീവനക്കാർ 4 സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ഏകദേശം 17.5 ലക്ഷം രൂപ വില വരുന്ന 38 പട്ടുസാരികൾ ഇവരിൽ നിന്നും പിന്നീട് കണ്ടെടുക്കുകയും ചെയ്തു. ഈ 4 സ്ത്രീകളും മറ്റ് രണ്ട് പേർക്കൊപ്പം ജെപി നഗറിനടുത്തുള്ള ഒരു സിൽക്കിന്റെ കടയിൽ പോയി തൊഴിലാളികളുടെ ശ്രദ്ധ തിരിച്ച ശേഷം മോഷണത്തിന് ശ്രമിക്കുകയായിരുന്നു" എന്നാണ് അദ്ദേഹം പറഞ്ഞത്.  

പതിനെട്ടോളം സാരികളാണ് ഇവർ ഇവിടെ നിന്നും കടത്താൻ ശ്രമിച്ചത്. ഇവരുടെ നീക്കത്തിൽ സംശയം തോന്നിയ കടയിലെ ജീവനക്കാർ ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. പിന്നാലെ നടത്തിയ പരിശോധനയിലാണ് 18 പട്ടുസാരികൾ മോഷ്ടിക്കാൻ ശ്രമിച്ചതായി കണ്ടെത്തുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ ജെപി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കടയിലും ജയ്‌നഗറിലെ മറ്റൊരു കടയിലും അവർ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയതായും കമ്മീഷണർ കൂട്ടിച്ചേർത്തു.

സ്ത്രീകൾ ഇതുവരെ മോഷ്ടിച്ച മുഴുവൻ സാരികളും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വില ഏകദേശം 17.5 ലക്ഷം വരും. മൊത്തം ആറുപേരായിരുന്നു ഉണ്ടായിരുന്നത്. അതിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പം വന്ന മറ്റ് രണ്ടുപേരെ കുറിച്ച് അന്വേഷിക്കുകയാണ് എന്നും പൊലീസ് പറഞ്ഞു. 

(ചിത്രം പ്രതീകാത്മകം)

Latest Videos
Follow Us:
Download App:
  • android
  • ios