അതുവരെ യുവാവ് തന്‍റെ സൗന്ദര്യത്തെയും ഗുണങ്ങളെയും പുകഴ്ത്തി, അക്കാര്യം പറഞ്ഞതോടെ മുഖം മാറി, യുവതിയുടെ അനുഭവം
മാട്രിമോണി ആപ്പിലൂടെ മാച്ചായി, പരിചയപ്പെട്ട യുവാവിന്റെ കൂടെ ഡിന്നർ കഴിക്കാൻ ചെന്നപ്പോഴുണ്ടായ അനുഭവമാണ് യുവതി പങ്കുവയ്ക്കുന്നത്.
കാലമെത്ര മാറി എന്ന് പറഞ്ഞാലും സ്ത്രീകളെ അംഗീകരിക്കാത്ത ഒരു സമൂഹം തന്നെയാണ് ഇന്നും നമ്മുടേത്. സ്ത്രീകൾ എപ്പോഴും വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കണമെന്നും പുരുഷന്മാരെ അതിനൊന്നും കിട്ടില്ല എന്നും ചിന്തിക്കുന്നവരാണ് സമൂഹത്തിൽ അധികവും. അതിനി കാലമെത്ര മാറിയാലും, സ്ത്രീകൾ ജോലിക്ക് പോയാലും, സകലമേഖലകളിലും അവരുടെ കയ്യൊപ്പ് പതിപ്പിച്ചാലും ഈ ചിന്താഗതിക്ക് മാത്രം വലിയ മാറ്റമൊന്നും ഇല്ല. അതുപോലെ ഒരു ദുരനുഭവം പങ്കുവയ്ക്കുകയാണ് സോഷ്യൽ മീഡിയയിൽ ഒരു യുവതി.
സ്വാതി കൊകാടെ എന്ന യുവതിയാണ് തന്റെ അനുഭവം ത്രെഡ്സിലൂടെ പങ്കുവച്ചിരിക്കുന്നത്. മാട്രിമോണി ആപ്പിലൂടെ മാച്ചായി, പരിചയപ്പെട്ട യുവാവിന്റെ കൂടെ ഡിന്നർ കഴിക്കാൻ ചെന്നപ്പോഴുണ്ടായ അനുഭവമാണ് യുവതി പങ്കുവയ്ക്കുന്നത്. യുവതി പറയുന്നത്, ഈ സംഭവത്തോടെ അത് അൺമാച്ച് ആവുകയും താൻ ആ അനുഭവത്തിൽ അസ്വസ്ഥയാവുകയും ചെയ്തു എന്നാണ്.
സ്വാതി എഴുതുന്നത് ഇങ്ങനെ: ''അടുത്തിടെ മാട്രിമോണി ആപ്പിൽ പരിചയപ്പെട്ട ഒരു യുവാവുമായി ഞാൻ ഡിന്നറിന് പോയി. സംഭാഷണം നല്ല രീതിയിൽ പോവുകയായിരുന്നു. പക്ഷേ, ജോലിത്തിരക്ക് കാരണം എല്ലാ ദിവസവും എനിക്ക് പാചകം ചെയ്യാൻ സാധിക്കില്ല എന്ന് പറഞ്ഞതോടെ അയാളുടെ മുഖം മാറി. അയാൾക്ക് എന്നെ വിവാഹം കഴിക്കാൻ താല്പര്യമില്ലാതായി. അതുവരെ അവൻ എന്റെ സൗന്ദര്യത്തേയും മനസിനെയും ഗുണങ്ങളെയും ഒക്കെ വാഴ്ത്തുകയായിരുന്നു. പാചകം അത്രയേറെ പ്രധാനപ്പെട്ട കാര്യമാണോ'' എന്നായിരുന്നു സ്വാതിയുടെ പോസ്റ്റ്.
വളരെ പെട്ടെന്ന് തന്നെ സ്വാതിയുടെ പോസ്റ്റ് വൈറലായി മാറി. ഒരുപാട് പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. പാചകം എപ്പോഴും സ്ത്രീകളുടെ ജോലി ആയിത്തീരുന്നതിനെ കുറിച്ചും, ഏത് സ്ത്രീയാണെങ്കിലും വീട്ടിൽ വച്ചുവിളമ്പേണ്ടത് അവളുടെ കടമയാണ് എന്ന് ഇന്നും ചിന്തിക്കുന്നവരെ കുറിച്ചുമുള്ള വലിയ ചർച്ചകളും വിമർശനങ്ങളുമാണ് ഇതേത്തുടർന്ന് ഉയർന്നത്.
(ചിത്രം പ്രതീകാത്മകം)
കുറഞ്ഞ ഓക്സിജനിലും ജീവിക്കാനുള്ള കഴിവ്, മനുഷ്യൻ പരിണമിക്കുന്നു, പഠനം ടിബറ്റൻ പീഠഭൂമിയിലെ മനുഷ്യരിൽ