മാട്രിമോണിയൽ സൈറ്റിലും രക്ഷയില്ല, യുവതിക്ക് നഷ്ടമായത് 55 ലക്ഷം രൂപ
യുവതി ഇയാളെ വിശ്വസിക്കുകയും തൻ്റെ സ്വർണ്ണാഭരണങ്ങൾ വിറ്റും ബാങ്ക് വായ്പയെടുത്തും ബന്ധുക്കളിൽ നിന്നും കടം വാങ്ങിയും, തന്റെ തൊഴിലുടമയുടെ കമ്പനിയിൽ നിന്നും കടം വാങ്ങിയും പണമുണ്ടാക്കുകയും ചെയ്തു.
ഓൺലൈനിൽ എങ്ങും തട്ടിപ്പോട് തട്ടിപ്പാണ്. ഒന്ന് ശ്രദ്ധ പാളിയാൽ കാശ് പോകും എന്ന അവസ്ഥ. ഏറ്റവും ഒടുവിലായിതാ മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട ആളാണ് മുംബൈയിൽ നിന്നുള്ള യുവതിയെ പറ്റിക്കുകയും 55 ലക്ഷം തട്ടുകയും ചെയ്തത്.
മുംബൈ അന്ധേരിയിൽ നിന്നുള്ള 41 -കാരി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഒരു പ്രമുഖ മാട്രിമോണിയൽ സൈറ്റിലൂടെ തട്ടിപ്പുകാരനെ പരിചയപ്പെടുന്നത്. സമർത് ഭൈന്ദാർക്കറെന്നാണ് തട്ടിപ്പുകാരന്റെ പേര്. താൻ ഒരു സ്വകാര്യ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയിലെ ജീവനക്കാരനാണെന്നും 75,000 രൂപയാണ് ശമ്പളം എന്നുമാണ് ഇയാൾ യുവതിയോട് പറഞ്ഞത്.
ഗോരേഗാവിലെ ഒരു സ്വകാര്യ കമ്പനിയിൽ മാനേജ്‌മെൻ്റ് ഇൻഫർമേഷൻ സിസ്റ്റം (എംഐഎസ്) എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയാണ് യുവതി. ചൊവ്വാഴ്ചയാണ് ഇവർ വൈൽ പാർലെ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. വിവാഹം കഴിക്കാനെന്ന വ്യാജേനയാണ് ഇയാൾ യുവതിയെ കബളിപ്പിച്ചത്. തന്റെ മൊബൈൽ ബിസിനസ്സ് പ്രോജക്ടിൽ ബിസിനസ് പങ്കാളിയാകാനും അതിൽ പണം നിക്ഷേപിക്കാനും ഇയാൾ യുവതിയോട് ആവശ്യപ്പെടുകയായിരുന്നത്രെ.
യുവതി ഇയാളെ വിശ്വസിക്കുകയും തൻ്റെ സ്വർണ്ണാഭരണങ്ങൾ വിറ്റും ബാങ്ക് വായ്പയെടുത്തും ബന്ധുക്കളിൽ നിന്നും കടം വാങ്ങിയും, തന്റെ തൊഴിലുടമയുടെ കമ്പനിയിൽ നിന്നും കടം വാങ്ങിയും പണമുണ്ടാക്കുകയും ചെയ്തു. എന്തായാലും ഇയാൾ തന്റെ ഭർത്താവാകാൻ പോകുന്നയാളല്ലേ എന്ന വിശ്വാസത്തിൽ 55 ലക്ഷം നൽകിയത്രെ. നേരത്തെ തന്നെ താൻ വലിയ കുടുംബത്തിൽ നിന്നുള്ള ആളാണെന്നും അച്ഛന് വലിയ ബിസിനസാണ് എന്നും മറ്റുമൊക്കെ പറഞ്ഞ് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചിരുന്നു.
പണം നൽകിയ ശേഷം, കമ്പനിയിൽ നിന്നും കിട്ടുന്ന ലാഭത്തിന്റെ പങ്ക് അവൾക്കുള്ളതാണ് എന്ന് അയാൾ പറഞ്ഞതിനെ തുടർന്ന് യുവതി 68 ലക്ഷം ഇയാളോട് ചോദിച്ചു. എന്നാൽ, അയാൽ പണം നൽകാൻ തയ്യാറായില്ല. പിന്നീട്, യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എല്ലാം ബന്ധവും അവസാനിപ്പിക്കുകയാണ് എന്നും പറയുകയായിരുന്നു. പിന്നാലെയാണ് യുവതി പൊലീസിൽ പരാതിയുമായി എത്തിയത്.
ഏതായാലും, പൊലീസ് കേസ് അന്വേഷിച്ച് വരികയാണ്.