സിഗരറ്റ് വലിച്ചെറിഞ്ഞതിന് യുവതിക്ക് പിഴ, താനാ സ്ഥലത്ത് പോയിട്ട് പതിറ്റാണ്ടുകളായെന്ന് യുവതി
താൻ പുകവലിക്കാത്ത വ്യക്തിയാണെന്നും കുട്ടിയായിരുന്നപ്പോൾ മുതൽ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ചിട്ടില്ലെന്നും നതാലി അവകാശപ്പെട്ടു.
താൻ സന്ദർശനം നടത്തിയിട്ട് പതിറ്റാണ്ടുകളായ ഒരു ഗ്രാമത്തിൽ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതിന് യുകെ വനിതയ്ക്ക് പിഴ. നതാലി വാൾട്ടൺ എന്ന യുവതിക്കാണ് തൻറെ വീട്ടിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ അകലെയുള്ള സ്വാൻസ്കോമ്പിൽ സിഗരറ്റ് കുറ്റി ഉപേക്ഷിച്ചതിന് പിഴ ലഭിച്ചത്. എന്നാൽ, താൻ സന്ദർശനം നടത്തിയിട്ട് വർഷങ്ങളായ ആ ഗ്രാമത്തിൽ താൻ എങ്ങനെ സിഗരറ്റ് കുറ്റി ഉപേക്ഷിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് നതാലി.
കെൻ്റിലെ ഗ്രേവ്സെൻഡിലുള്ള നതാലിയുടെ വീട്ടിലേക്കാണ് സിഗരറ്റ് കുറ്റി ഉപേക്ഷിച്ചതിന് പിഴ ചുമത്തി കൊണ്ടുള്ള ഫിക്സഡ് പെനാൽറ്റി നോട്ടീസ് (എഫ്പിഎൻ) എത്തിയത്. നവംബർ 12 -ന് ലഭിച്ച നോട്ടീസിൽ പറയുന്നത് ഒക്ടോബർ 29 -ന് നതാലി ഗ്രാമത്തിൽ സിഗരറ്റ് കുറ്റി ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സുരക്ഷാ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് എന്നാണ്.
അതിനാൽ പിഴയായി 75 പൗണ്ട് അതായത് 8082 ഇന്ത്യൻ രൂപ അടയ്ക്കണമെന്നും നോട്ടീസിൽ നിർദ്ദേശിക്കുന്നു. അല്ലാത്തപക്ഷം നതാലിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്നും കുറ്റം തെളിയിക്കപ്പെട്ടാൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിന് £2,500 (2,69,410 രൂപ) വരെ പിഴ അടയ്‌ക്കേണ്ടിവരുമെന്നും നോട്ടീസിൽ പറയുന്നു. കോടതിയിലെ പ്രോസിക്യൂഷൻ നടപടികൾ ഉടൻ ആരംഭിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ താൻ പുകവലിക്കാത്ത വ്യക്തിയാണെന്നും കുട്ടിയായിരുന്നപ്പോൾ മുതൽ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ചിട്ടില്ലെന്നും നതാലി അവകാശപ്പെട്ടു. താൻ കുറ്റം ചെയ്തു എന്ന് പറയപ്പെടുന്ന സമയത്ത് താൻ കെൻ്റിൽ പോലും ഉണ്ടായിരുന്നില്ലെന്നും അത് തെളിയിക്കുന്ന രേഖകൾ തൻറെ കൈവശമുണ്ടെന്നും ആയിരുന്നു നതാലിയുടെ അവകാശവാദം. താൻ വഞ്ചിക്കപ്പെട്ടതാണെന്നും സുരക്ഷാസംവിധാനത്തിൽ ഉണ്ടായ പിഴവ് മറച്ചുവയ്ക്കാനാണ് ഉദ്യോഗസ്ഥർ തന്നെ കരുവാക്കുന്നതെന്നും നതാലി പറഞ്ഞു.
വിവാദം കൊടുമ്പിരി കൊണ്ടതോടെ, സംഭവസമയത്ത് താൻ സ്റ്റാഫോർഡ്ഷയറിലെ ബി ആൻഡ് എം, ടെസ്‌കോ എന്നിവിടങ്ങളിൽ ഷോപ്പിംഗ് നടത്തിയിരുന്നുവെന്ന് തെളിയിക്കുന്ന തൻ്റെ ബാങ്ക് ഇടപാടുകൾ നതാലി കോടതിയിൽ ഹാജരാക്കി. ഒടുവിൽ തെളിവുകൾ പരിശോധിച്ച് ബോധ്യപ്പെട്ട കോടതി, നതാലി വാൾട്ടൻ്റെ പെനാൽറ്റി നോട്ടീസ് റദ്ദാക്കിയതായി അറിയിച്ചു.