36 മണിക്കൂര്‍; എയർ ഇന്ത്യയുടെ പിടിപ്പുകേടില്‍ നഷ്ടമായ ലഗേജ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് യുവതിയുടെ പരാതി
എയർ ഇന്ത്യ എയർലൈനെ ടാഗ് ചെയ്ത് കൊണ്ട് ഇവർ പങ്കുവെച്ച പോസ്റ്റ് വളരെ വേഗത്തിലാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത്.
വിമാനക്കമ്പനികളുടെ ചെറിയ പിഴവുകൾ പോലും ഒരു യാത്രയെ ദുരിത പൂര്‍ണ്ണമാക്കി മാറ്റും. അടുത്തിടെ ഒരു ഗവേഷക വിദ്യാർഥി അത്തരമൊരു യാത്രാനുഭവം എക്സിൽ പങ്കുവച്ചു. യാത്രയ്ക്കിടയിൽ യുഎസ് ഇന്ത്യ വിമാനത്തിൽ ലഗേജ് കയറ്റാൻ എയർ ഇന്ത്യ എയർലൈൻ ജീവനക്കാർ മറന്നുവെന്നും അതെത്തുടർന്ന് തനിക്കുണ്ടായ ബുദ്ധിമുട്ടുകളുമാണ് ഇവർ പങ്കുവെച്ചത്. 36 മണിക്കൂർ നേരത്തെ കാത്തിരിപ്പിന് ശേഷവും തനിക്ക് ലഗേജ് കിട്ടിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് 40 തവണ എയർലൈൻ കസ്റ്റമർ കെയറിലേക്ക് തനിക്ക് വിളിക്കേണ്ടി വന്നുവെന്നുമാണ് ഇവർ പറയുന്നത്.
ബെർക്ക്‌ലിയിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്‌ഡി വിദ്യാർത്ഥിനിയായ പൂജ കാതൈൽ എന്ന യുവതിയാണ് ജൂലൈ 8ന് എക്സില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് കൊണ്ട് പോസ്റ്റിട്ടത്. എയർ ഇന്ത്യ എയർലൈനെ ടാഗ് ചെയ്ത് കൊണ്ട് ഇവർ പങ്കുവെച്ച പോസ്റ്റ് വളരെ വേഗത്തിലാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതും വിമാന കമ്പനി കാലതാമസം നേരിട്ടതിൽ ഖേദം പ്രകടിപ്പിക്കുകയും എയർപോർട്ട് / ബാഗേജ് ടീമുമായി പരിശോധിച്ച് ഉടൻ തന്നെ മറുപടി നൽകാമെന്നും ഉറപ്പ് നൽകുകയും ചെയ്തു. സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നും ബാംഗ്ലൂരേക്ക് പോരും വഴിയാണ് ബാഗ് നഷ്ടമായത്. ജൂലൈ എട്ടിന് രാത്രി എട്ട് മണിയോടെയായിരുന്നു പൂജയുടെ ഈ പോസ്റ്റ്.
'പെട്ടെന്ന് വാ..'; വാഴത്തോപ്പിൽ കിടന്ന പുലിക്കൊപ്പം സെൽഫി എടുക്കുന്ന നാട്ടുകാരുടെ വീഡിയോ വൈറൽ
രാത്രി പത്തുമണിയോടെ, തന്‍റെ പരാതിക്ക് ഇതുവരെയായും തൃപ്തികരമായ ഒരു മറുപടി തരാൻ എയർ ഇന്ത്യ തയ്യാറായിട്ടില്ലെന്ന് പൂജ എക്സില്‍ കുറിച്ചു. അതിന് മറുപടിയുമായി എയർ ഇന്ത്യയെത്തി, ദയവായി തങ്ങൾക്ക് അല്പസമയം കൂടി അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ടു. എയർലൈൻസിന്‍റെ ഭാഗത്ത് നിന്നും തൃപ്തികരമായ മറുപടി പിന്നീട് ഉണ്ടായോ എന്ന കാര്യം വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട മറ്റ് പോസ്റ്റുകൾ ഒന്നും പിന്നീട് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, പൂജ തനിക്കുണ്ടായ ബുദ്ധിമുട്ട് പങ്കുവെച്ച് കൊണ്ട് പോസ്റ്റ് ചെയ്ത കുറിപ്പ് സമൂഹ മാധ്യമത്തില്‍ നിരവധി ഉപയോക്താക്കളുടെ ശ്രദ്ധ നേടി. 26,000 -ലധികം ആളുകൾ പോസ്റ്റിനോട് പ്രതികരിച്ചു. നിരവധി പേരാണ് തങ്ങൾക്കുണ്ടായ സമാനമായ ദുരനുഭവങ്ങൾ പങ്കുവെച്ചത്. മറ്റ് ചിലർ എയർ ഇന്ത്യയിൽ ഇനി യാത്ര ചെയ്യണമെങ്കില്‍ പലതവണ ആലോചിച്ചതിന് ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂ എന്ന് അഭിപ്രായപ്പെട്ടു.
പരിസരം മറന്ന് അടി, ഇടി ; തിരക്കേറിയ 'നമ്മ മെട്രോ'യിലെ യാത്രക്കാരുടെ തമ്മില്‍ തല്ല്: വീഡിയോ വൈറൽ