85 രൂപയ്ക്ക് വീട് വാങ്ങി, 4 കോടി മുടക്കി നവീകരണം നടത്തി യുവതി, വെറുതെയല്ല, കാരണമിതാണ്
85 രൂപയ്ക്ക് താൻ സ്വന്തമാക്കിയ ആ വീട് തീരെ ചെറുതാണെന്ന് മനസ്സിലാക്കിയ ടാബോൺ തുടർന്ന് 20 ലക്ഷം രൂപയ്ക്ക് (23,000 ഡോളർ) തൊട്ടടുത്തുള്ള വസ്തുകൂടി വാങ്ങിക്കുകയായിരുന്നു. എന്നാൽ, വീടിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചതോടെയാണ് യഥാർത്ഥ വെല്ലുവിളി നേരിട്ടു തുടങ്ങിയത്.
നമ്മുടെ പഴയ തലമുറയിൽ പെട്ടവർ ഈ ലോകത്ത് അവശേഷിപ്പിച്ചു പോകുന്നതിനോട് വല്ലാത്തൊരു ആത്മബന്ധം സൂക്ഷിക്കുന്നവരാണ് നമ്മിൽ പലരും. അത്തരത്തിൽ ഒരു ആത്മബന്ധത്തിന്റെ പേരിൽ ഒരു യുവതി തന്റെ മുൻതലമുറ ഒരിക്കൽ കൈവശം വച്ചിരുന്ന സ്വത്ത് സ്വന്തമാക്കിയ സംഭവം ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്.
അമേരിക്കയിൽ നിന്നുള്ള ഇവർ ഇറ്റലിയിലുള്ള ഭവനമാണ് വെറും 85 രൂപയ്ക്ക് (ഏകദേശം $1.05) വാങ്ങിയത്. എന്നാൽ, ഈ വീടിന്റെ നവീകരണത്തിനായി ഇവർ ചെലവഴിച്ചതാകട്ടെ നാലുകോടി രൂപയും (ഏകദേശം 480,000 ഡോളർ) .
ചിക്കാഗോ സ്വദേശിയായ മെറിഡിത്ത് ടാബോൺ ആണ് ലേലത്തിൽ സാംബൂക്ക ഡി സിസിലിയ എന്ന ഇറ്റാലിയൻ ഗ്രാമത്തിലെ ഒരു പഴയ വീട് വെറും 85 രൂപയ്ക്ക് സ്വന്തമാക്കിയത്. 1908 -ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് കുടിയേറുന്നതിന് മുമ്പ് ഇവിടെയായിരുന്നു ടാബോണിൻ്റെ പഴയ തലമുറ താമസിച്ചിരുന്നത്. അതിപുരാതനമായ ഈ വീട് ലേലത്തിൽ വിൽക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോഴാണ് അത് പ്രയോജനപ്പെടുത്താൻ ടാബോൺ തീരുമാനിച്ചത്.
85 രൂപയ്ക്ക് താൻ സ്വന്തമാക്കിയ ആ വീട് തീരെ ചെറുതാണെന്ന് മനസ്സിലാക്കിയ ടാബോൺ തുടർന്ന് 20 ലക്ഷം രൂപയ്ക്ക് (23,000 ഡോളർ) തൊട്ടടുത്തുള്ള വസ്തുകൂടി വാങ്ങിക്കുകയായിരുന്നു. എന്നാൽ, വീടിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചതോടെയാണ് യഥാർത്ഥ വെല്ലുവിളി നേരിട്ടു തുടങ്ങിയത്. 34 ലക്ഷം രൂപയുടെ ബജറ്റിൽ തുടങ്ങിയ നവീകരണ പ്രവൃത്തികൾ അവസാനിച്ചത് നാലുകോടി രൂപയിലാണ്. തന്റെ ജീവിതത്തിൽ ഇതുപോലൊരു വെല്ലുവിളി തനിക്ക് മുൻപെങ്ങും നേരിടേണ്ടി വന്നിട്ടില്ല എന്നാണ് നവീകരണ പ്രവൃത്തികളെ കുറിച്ച് ടാബോൺ വിശദീകരിച്ചത്.
നവീകരണ പ്രവൃത്തികൾക്ക് ശേഷം വസ്തു വാങ്ങിക്കാനായി നിരവധിപേർ താൽപര്യം പ്രകടിപ്പിച്ചെങ്കിലും അത് വിറ്റുകളയാൻ താൻ തയ്യാറല്ല എന്നാണ് ടാബോൺ പറയുന്നത്. തന്റെ കുടുംബത്തിന്റെ ചരിത്രവുമായി ആഴത്തിൽ ബന്ധമുള്ള വീട് എത്ര മോഹന വാഗ്ദാനങ്ങൾ നൽകിയാലും നഷ്ടപ്പെടുത്തി കളയാൻ തയ്യാറല്ല എന്നും അവർ കൂട്ടിച്ചേർത്തു.
3.84 കോടിയുടെ സ്വപ്ന വീട്, പക്ഷേ, ജനല്‍ തുറന്നാല്‍ പേടിപ്പെടുത്തുന്ന കാഴ്ച