'ഫേസ്ബുക്ക് കാമുകനെ' വിവാഹം കഴിക്കാൻ വ്യാജരേഖ ചമച്ച് താനെയിൽ നിന്നും പാക്കിസ്ഥാനിലേക്ക് പോയ 23 -കാരി പിടിയിൽ
പ്രായപൂര്‍ത്തിയാകാത്ത മകളോടൊപ്പമാണ് 23 -കാരിയായ യുവതി, അബോട്ടാബാദിലുള്ള തന്‍റെ ഫേസ്ബുക്ക് കാമുകനെ വിവാഹം കഴിക്കാനായി പോയത്.
പാകിസ്ഥാനിലേക്ക് പോകുന്നതിനായി പാസ്‌പോർട്ട് നേടുന്നതിന് വ്യാജ രേഖകൾ ഉപയോഗിച്ചു എന്നാരോപിച്ച് താനെ സ്വദേശിനിയായ 23 -കാരിക്കെതിരെ താനെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ വ്യാജ പാസ്‌പോർട്ടും വിസയും നേടിയാണ് യുവതി മകളോടൊപ്പം പാകിസ്ഥാനിലേക്ക് പോയതെന്ന് പോലീസ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാജ രേഖകൾ നിർമ്മിക്കാന്‍ സഹായിച്ച ഒരു സ്ത്രീക്കും അജ്ഞാതനായ മറ്റൊരു വ്യക്തിക്കുമെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ പാസ്‌പോർട്ട് നിയമത്തിനും മറ്റ് പ്രസക്തമായ നിയമങ്ങൾക്കും കീഴിലാണ് വർത്തക് നഗർ പോലീസ് കേസെടുത്ത് എന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.
സനം ഖാൻ എന്നറിയപ്പെടുന്ന നഗ്മ നൂർ മക്‌സൂദ് അലി എന്ന യുവതിയാണ് പ്രായപൂർത്തിയാകാത്ത മകളോടൊപ്പം ഫേസ്ബുക്ക് കാമുകനെ വിവാഹം കഴിക്കുന്നതിനായി പാക്കിസ്ഥാനിലേക്ക് പോയത്. മകളുടെ യാത്ര രേഖകള്‍ ശരിയാക്കുന്നതിനായി ഇവര്‍ ആധാർ കാർഡ്, പാന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ കൃത്രിമമായി നിര്‍മ്മിച്ചു. ഇത് ഉപയോഗിച്ചാണ് ഇവര്‍ മകള്‍ക്കും തനിക്കും വിസ സംഘടിപ്പിച്ചതെന്ന് വർത്തക് നഗർ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെയാണ് യുവതി കാമുകനുമായി പരിചയപ്പെടുന്നത്. തുടർന്ന് വ്യാജ രേഖകളുടെ സഹായത്തോടെ പാകിസ്താനിലെത്തി അബോട്ടാബാദിൽ വെച്ച് ഇരുവരും വിവാഹിതരായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിവാഹശേഷം പാകിസ്ഥാനിൽ ഏകദേശം ഒന്നര മാസത്തോളം താമസിച്ച ഇവർ പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയെത്തി. യുവതിയിപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. യുവതി പാക്കിസ്ഥാനിലേക്ക് പോയതിനും പിന്നീട് മടങ്ങിയെത്തിയതിനും പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ഇവരുടെ ഭർത്താവ് മക്സൂദ് അലി എന്നയാളെ കുറിച്ച് പൊലീസിന് ലഭ്യമായ വിവരങ്ങള്‍ പരിശോധിച്ച് വരികാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ വ്യാജ രേഖകൾ ഉണ്ടാക്കുന്നതിനായി യുവതിയെ സഹായിച്ച അജ്ഞാതനെതിരെയും അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. 2023 മെയ് മാസത്തിനും 2024 ജൂണിനും ഇടയിലാണ് തട്ടിപ്പിന് ആസ്പദമായ സംഭവങ്ങൾ നടന്നതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.