വീട്ടിലുണ്ടാക്കിയ ക്രിസ്മസ് കേക്കിൽ ഉപയോഗിച്ചത് കൊടുംവിഷമായ ആർസെനിക്ക്; മൂന്ന് പേർ മരിച്ചു, യുവതി അറസ്റ്റിൽ
വീട്ടിലുണ്ടാക്കിയ ക്രിസ്മസ് കേക്കിന് കുരുമുളകിന്‍റെ രുചി എന്ന് കഴിച്ചവരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബാംഗങ്ങളെല്ലാം അസ്വസ്ഥത പ്രകടിപ്പിക്കുകയും ആശുപത്രിയില്‍ ആവുകയും ചെയ്തത്.
ക്രിസ്മസിനായി വീട്ടിലുണ്ടാക്കിയ കേക്കിൽ നിന്നും വിഷബാധയേറ്റ് മൂന്ന് പേർ മരിച്ച സംഭവത്തിൽ ബന്ധുവായ ഒരു സ്ത്രീയെ ബ്രസീൽ പോലീസ് അറസ്റ്റ് ചെയ്തു. സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് തെക്കൻ ബ്രസീലിലെ കടൽത്തീര പട്ടണമായ ടോറസിലാണ് ഡിസംബർ 23 -ന് ക്രിസ്മസ് കേക്ക് കഴിച്ച് മൂന്ന് സ്ത്രീകൾ മരിക്കുകയും മൂന്ന് പേർ രോഗബാധിതരാകുകയും ചെയ്തത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തികളുടെ രക്തത്തിൽ ആർസെനിക് ഉണ്ടെന്ന് അധികൃതർ കണ്ടെത്തിയതായാണ് സിഎൻഎൻ ബ്രസീൽ റിപ്പോർട്ട് ചെയ്യുന്നത്. പ്രഥമ ദൃഷ്ടിയാൽ കൊലപാതകത്തിന്‍റെ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട സ്ത്രീകളുമായി അടുത്ത് ബന്ധമുള്ള മറ്റൊരു സ്ത്രീയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ ഇവർക്കെതിരായി ശക്തമായ തെളിവുകൾ കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പിടിയിലായ സ്ത്രീയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടില്ലെങ്കിലും കേക്ക് തയ്യാറാക്കിയ സ്ത്രീയുടെ മരുമകളാണ് ഇവരെ എന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് വിവരിക്കുന്നത് ഇങ്ങനെ; ഡിസംബർ 23 -ന് ക്രിസ്മസ് ആഘോഷങ്ങൾക്കായാണ് കുടുംബാംഗങ്ങൾ ഒത്തുചേർന്നത്. ബ്രസീലിലെ പരമ്പരാഗത ക്രിസ്മസ് കേക്കായ ബോലോ ഡി നടാൽ ( Bolo de Natal) എന്ന കേക്ക് മുറിച്ച് വിളമ്പുന്ന സമയത്ത് ഏഴു പേരാണ് മുറിയിൽ ഉണ്ടായിരുന്നത്. അവരിൽ ആറു പേർ കേക്ക് കഴിച്ചപ്പോൾ ഒരാൾ മാത്രം കഴിക്കാന്‍ വിസമ്മതിച്ചു. അത് ഇപ്പോൾ പിടിയിലായ സ്ത്രീയാണ്. കേക്ക് കഴിച്ച ആറ് പേരും പിന്നീട് രോഗബാധിതരായി, അവരിൽ മൂന്നുപേർ മരിച്ചു. ബ്രസീലിയൻ പരമ്പരാഗത ക്രിസ്മസ് കേക്കായ, ബോലോ ഡി നടാൽ തയ്യാറാക്കിയത് 60 -കാരിയായ സെലി ഡോസ് അൻജോസ് ആണ്. കേക്ക് കഴിച്ച ഇവരും ആശുപത്രിയിൽ ഇപ്പോഴും ജീവന് വേണ്ടി പോരാടുകയാണ്. സെലിയുടെ രണ്ട് സഹോദരിമാരും മരുമകളുമാണ് കൊല്ലപ്പെട്ടത്.
കേക്ക് കഴിച്ചപ്പോൾ രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് സെലി കേക്ക് കഴിക്കുന്നത് നിർത്താൻ എല്ലാവരോടും ആവശ്യപ്പെട്ടെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു. സെലി ഡോസ് അൻജോസിന്‍റെ പോലീസ് പിടിയിലായ മരുമകളാണ് കേക്കിൽ വിഷം കലർത്തിയത് എന്നാണ് പോലീസിന്‍റെ വിലയിരുത്തൽ. സംഭവത്തിന് പിന്നാലെ ഒരു ഒഴിഞ്ഞ കുപ്പി അടുക്കളയില്‍ നിന്നും കണ്ടെത്തിയത് പോലീസിൽ സംശയം ജനിപ്പിച്ചു. മാത്രമല്ല, സെലി ഡോസ് അൻജോസിന്‍റെ ഭര്‍ത്താവ് അസ്വാഭാവിക മരണത്തിന് കീഴടങ്ങിയിട്ട് രണ്ട് മാസം മാത്രമേ ആയിട്ടൊള്ളൂവെന്നതും പോലീസില്‍ സംശയമുണ്ടാക്കി. ഇദ്ദേഹത്തിന്‍റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചിന് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. അതേസമയം കൊലപാതകത്തിനുള്ള കാരണമെന്തെന്ന് വ്യക്തമല്ല,