ഇതെന്തൊരു അഡിക്ഷൻ? വിചിത്രമായ ഈ സ്വഭാവം കാരണം മനസമാധാനവും പണവും പോയെന്ന് യുവതി

കാര്യങ്ങൾ തന്റെ നിയന്ത്രണത്തിനും അപ്പുറമാണെന്നും എന്നാൽ തനിക്കതോർത്ത് ലജ്ജയുണ്ട് എന്നുമാണ് യുവതി പറയുന്നത്.

woman addicted to shopping says her home filled with full of unboxed items

ഒരുകാര്യം നമ്മൾ ഇഷ്ടപ്പെടുന്നതും അക്കാര്യത്തിന് നമ്മൾ അടിമയാകുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അടിമയാവുക എന്നാൽ അത് നമ്മെ കൊന്നുതിന്നുക എന്നത് തന്നെയാണ് അർത്ഥം. അതിൽ നിന്നും പുറത്ത് കടക്കുക വലിയ ബുദ്ധിമുട്ടാണ്. എല്ലാതരത്തിലും അപകടകരമാണ് അഡിക്ഷൻ. അതുപോലെ തികച്ചും വിചിത്രമായ ഒരു കാര്യത്തിന് അടിമയാണ് ഈ യുവതി. നിർത്താതെ ഷോപ്പിം​ഗ് ചെയ്യുക എന്നതാണ് ഇവരുടെ അഡിക്ഷൻ. 

സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ റെഡ്ഡിറ്റിലാണ് ഒരു യൂസർ തന്റെയീ വിചിത്രമായ അഡിക്ഷനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. അതിൽ അവർ പറയുന്നത് തനിക്ക് ഈ അടിമത്തത്തിൽ നിന്നും പുറത്ത് കടക്കാനാവുന്നില്ല. താൻ തുടർച്ചയായി സാധനങ്ങൾ വാങ്ങിക്കൊണ്ടേയിരിക്കുകയാണ് എന്നാണ്. നമുക്കറിയാമല്ലോ, ഓൺലൈൻ ഷോപ്പിം​ഗ് വളരെ ഈസിയാണ്. സൈറ്റുകളിൽ കാണുന്നു, റിവ്യൂ ഒക്കെ നോക്കുന്നു, പേ ചെയ്യുന്നു, സാധനം ഓർഡർ ചെയ്യുന്നു. അധികം താമസിക്കാതെ തന്നെ സാധനങ്ങൾ കയ്യിലെത്തുന്നു. ഇത്ര എളുപ്പം കൂടിയായതിനാൽ തന്നെ യുവതി നിർത്താതെ സാധനങ്ങൾ വാങ്ങുകയാണത്രെ. 

അവൾ പറയുന്നത്, താൻ വാങ്ങിയിരിക്കുന്ന സാധനങ്ങളിൽ ഭൂരിഭാ​ഗവും തനിക്ക് ഒരാവശ്യവും ഇല്ലാത്തതാണ് എന്നാണ്. അതിനാൽ തന്നെ പെട്ടിപോലും പൊളിച്ചിട്ടില്ല എന്നും ഇനിയും തുറക്കാത്ത ബോക്സുകൾ കൊണ്ട് തന്റെ വീട് നിറഞ്ഞിരിക്കുകയാണ് എന്നുമാണ് യുവതി പറയുന്നത്. വസ്ത്രങ്ങൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ഷൂസ് എന്നിവയൊക്കെയാണത്രെ അവൾ വാങ്ങുന്നത്. ഈ അഡിക്ഷൻ കാരണം സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ തനിക്കുണ്ടാകുന്നുണ്ട് എന്നും 19 -കാരിയായ യുവതി സമ്മതിച്ചു. പക്ഷേ, കാര്യങ്ങൾ തന്റെ നിയന്ത്രണത്തിനും അപ്പുറമാണെന്നും എന്നാൽ തനിക്കതോർത്ത് ലജ്ജയുണ്ട് എന്നുമാണ് യുവതി പറയുന്നത്.

യുവതിയുടെ ഈ സ്വഭാവം അല്പം വിചിത്രമായി തോന്നാമെങ്കിലും ഇതങ്ങനെ വെറുതെ തള്ളിക്കളയാവുന്ന കാര്യമല്ല. കംപൾസീവ് ബയിംഗ് ഡിസോർഡർ (സിബിഡി) എന്ന അവസ്ഥയാണ് യുവതിക്ക്. ഒനിയോമാനിയ എന്നും ഇത് അറിയപ്പെടുന്നു. ഇത് ഷോപ്പിം​ഗിലുള്ള അമിതമായ ആസക്തിയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios