1,800 വർഷം പഴക്കമുള്ള വെള്ളി 'മന്ത്രത്തകിട്' ക്രിസ്തുമത ചരിത്രം തിരുത്തി എഴുതുമോ?
ആദ്യകാല ക്രിസ്തുമതത്തെ കുറിച്ച് പരിമിതമായ അറിവ് മാത്രമേ ഇപ്പോഴുമൊള്ളൂ. അതിനാല്‍ തന്നെ 1,800 വര്‍ഷം പഴക്കമുള്ള വെള്ളിയില്‍ നിര്‍മ്മിച്ച മന്ത്രത്തകിടിന് വലിയ പ്രധാന്യമാണ് പുരാവസ്തു ഗവേഷകര്‍ നല്‍കിയിരിക്കുന്നത്.
രണ്ടായിരം വർഷത്തെ ചരിത്രമാണ് ക്രിസ്തുമതത്തിനുള്ളത്. അതേസമയം, ആദ്യകാല ക്രിസ്തുമത വ്യാപനത്തെ കുറിച്ചുള്ള ആധികാരിക ചരിത്രരേഖകള്‍ വളരെ കുറവാണ്. പ്രത്യേകിച്ചും റോമാ സാമ്രാജ്യം ക്രിസ്തുമത വിശ്വാസികളെ വേട്ടയാടിയതും പിന്നീട് റോം തന്നെ ക്രിസ്തുമത വിശ്വാസികളുടെ കേന്ദ്രമായി മാറുന്നതും വരെയുള്ള ചരിത്രം. എന്നാല്‍, ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിന് സമീപത്ത് ഒരു കാലത്ത് റോമന്‍ നഗരമായിരുന്ന നിഡയിലെ ഒരു ശവക്കുഴിയില്‍ നിന്നും കണ്ടെത്തിയ വെള്ളിയിൽ തീര്‍ത്ത ഒരു മന്ത്രത്തകിട് ആദ്യകാല ക്രസ്തുമത ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതായി ഗവേഷകര്‍. ലാറ്റിൻ ഭാഷയിൽ 1.37 ഇഞ്ച് വെള്ളി ഫോയിലിൽ 18 വരികളാണ് ഈ മന്ത്രത്തകിടിൽ ഉണ്ടായിരുന്നത്. ഇത്, പുരാതന റോമൻ സാമ്രാജ്യത്തിലെ ക്രിസ്തുമതത്തിന്‍റെ ആദ്യകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതായി പുരാവസ്തു ഗവേഷകര്‍ അവകാശപ്പെടുന്നു.
റോമൻ സാമ്രാജ്യത്തിൽ നിന്നും ഇതുവരെ ലഭിച്ച എല്ലാ ക്രിസ്ത്യന്‍ തെളിവുകളും നാലാം നൂറ്റാണ്ടില്‍ നിന്നുള്ളവയാണ്. എന്നാൽ 'ദി ഫ്രാങ്ക്ഫർട്ട് ഇൻസ്ക്രിപ്ഷൻ' എന്ന് അറിയപ്പെടുന്ന ഈ വെള്ളിത്തകിട് എ.ഡി. 230 നും 270 നും ഇടയിൽ നിർമ്മിക്കപ്പെട്ടതാണ്. നിഡയില്‍ 2018 -ല്‍ നടത്തിയ പുരാവസ്തു ഖനനത്തിനിടെ '134-ാം ശവക്കുഴി' എന്ന് പേരിട്ട ശവക്കുഴിയില്‍ നിന്നും കണ്ടെത്തിയ ഒരു അസ്ഥികൂടത്തിന്‍റെ കഴുത്തില്‍ നിന്നാണ് വെള്ളിയില്‍ തീര്‍ത്ത മന്ത്രത്തകിട് കണ്ടെത്തിയത്. 2019 -ലാണ് ഇതേ കുറിച്ചുള്ള പഠനങ്ങള്‍ ആരംഭിക്കുന്നത്. വെള്ളിത്തകിടിനുള്ളില്‍ നിന്നും നേർത്ത ഒരു വെള്ളി ഫോയിലിൽ 18 വരി ലിഖിതങ്ങള്‍ കണ്ടെത്തി. ലെയ്ബ്നിസ് സെന്‍റർ ഫോർ ആർക്കിയോളജി വിഭാഗം 2024 -ല്‍ അത്യാധുനിക കമ്പ്യൂട്ടർ ടോമോഗ്രാഫ് ഉപയോഗിച്ച് വെള്ളി ഫോയിലിലെ ലിഖിതങ്ങള്‍ വായിക്കാന്‍ ശ്രമം നടത്തി.
'യേശു ദൈവമാണ്' എന്ന ആദ്യകാല ലിഖിതം കണ്ടെത്തിയത് ഇസ്രായേൽ ജയിലിൽ
തകിടിനുള്ളില്‍ ഉരുട്ടിവച്ച നിലയിലുള്ള വെള്ളി ഫോയിലിന് ഏകദേശം 1,800 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. വെള്ളി ഫോയില്‍ നിവർത്തി അത് സ്കാന്‍ ചെയ്ത ശേഷം സൃഷ്ടിച്ച 3ഡി മോഡല്‍ ഉപയോഗിച്ചാണ് അതിലെ എഴുത്തുകള്‍ വായിക്കാന്‍ ശ്രമം നടത്തിയത്. അക്കാലത്ത് ഗ്രീക്കിലോ ഹീബ്രുവിലോ എഴുതിയ മന്ത്രത്തകിടുകള്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, പൂർണ്ണമായും ലാറ്റിൻ ഭാഷയിലാണ് ഈ ലിഖിതം എഴുതിയതെന്നതും ഗവേഷകരെ അത്ഭുതപ്പെട്ടുത്തി. വെള്ളി ഫോയിലിന്‍റെ അരികുകള്‍ പൊടിഞ്ഞ് തുടങ്ങിയത് ചില വാക്കുകള്‍ വായിച്ചെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാസങ്ങളെടുത്ത് വെള്ളി ഫോയിലിലെ ലിഖിതങ്ങള്‍ ഗവേഷകര്‍ വായിച്ചെടുത്തു.
കേരളത്തില്‍ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ബൗദ്ധ - ജൈന മതങ്ങള്‍ക്ക് പിന്നീടെന്താണ് സംഭവിച്ചത്?
ക്രിസ്തുമതത്തെ കുറിച്ച് മാത്രമാണ് അതില്‍ എഴുതിയിരുന്നത്. റോമിന് വടക്കോട്ടുള്ള ക്രിസ്തുമത വ്യാപനത്തെയും ക്രിസ്തുമതത്തിലെ അടിയുറച്ച ഭക്തിയെയും ലിഖിതം സൂചിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോമൻ ചക്രവർത്തിയായ നീറോ ക്രിസ്ത്യാനികളെ കൂട്ടക്കൊലയ്ക്ക് വിധിച്ചിരുന്ന കാലം. മൂന്നാം നൂറ്റാണ്ടിലും റോമില്‍ ക്രിസ്തമതം ഭരണകൂട വേട്ടയ്ക്ക് ഇരയായിരുന്നു. ഇക്കാലത്ത് ഇത്രയും മതവിശ്വാസത്തോടെ ഒരാള്‍ ക്രിസ്തുമതത്തെ കുറിച്ചുള്ള രേഖകള്‍ അടങ്ങിയ വെള്ളിത്തകിട് ഉപയോഗിച്ചത് ഗവേഷകരെ അത്ഭുതപ്പെടുത്തി. തകിടില്‍ അപ്പോസ്തലനായ പൗലോസിന്‍റെ വിദ്യാർത്ഥിയായ വിശുദ്ധ ടൈറ്റസിനെക്കുറിച്ച് പരാമർശമുണ്ടെന്നും ഫിലിപ്പിയർക്കുള്ള പൗലോസിന്‍റെ കത്തിൽ നിന്നുള്ള ഉദ്ധരണികളുണ്ടെന്നും പഠനം അവകാശപ്പെടുന്നു.