ഹിറ്റ്‌ലർ ജൂതരെ വെറുത്തത് എന്തിന്റെ പേരിലായിരുന്നു..?
ഹിറ്റ്‌ലർ ജൂതരെ രോഗാണുക്കൾ എന്ന് വിളിക്കുന്നത് 1920 -ൽ ആണ്. രോഗങ്ങൾ പരത്തുന്ന അണുക്കളെ നിർമാർജ്ജനം ചെയ്യാതെ രോഗങ്ങൾ നിയന്ത്രണാധീനമാക്കാൻ സാധിക്കില്ല എന്ന് അയാള്‍ ഒരു പ്രസംഗത്തിൽ പറഞ്ഞു.
ജൂതന്മാരോടുള്ള അന്ധമായ വിരോധം, വെറുപ്പ്. ഇതൊന്നും ഹിറ്റ്‍ലർ കണ്ടുപിടിച്ചതല്ല. മധ്യകാലം തൊട്ടുതന്നെ ജൂതന്മാർ വേട്ടയാടപ്പെടുന്നുണ്ടായിരുന്നു. പലപ്പോഴും മതപരമായ കാരണങ്ങളാൽ. അടിച്ചമർത്തപ്പെടേണ്ട ഒരു അപഭ്രംശമായിട്ടാണ് അന്നത്തെ ക്രിസ്ത്യാനികൾ യഹൂദവിശ്വാസത്തെ കണ്ടത്. അന്നൊക്കെ യഹൂദരെ തിരിച്ച് ക്രിസ്തീയ വിശ്വാസത്തിലേക്ക് മടങ്ങിവരാൻ നിർബന്ധിക്കുകയും, ചില തൊഴിലുകൾ ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ഒക്കെ ചെയ്തിരുന്നു അവർ.
പത്തൊമ്പതാം നൂറ്റാണ്ടായപ്പോഴേക്കും മതത്തിന്റെ സ്വാധീനശക്തി ഇക്കാര്യത്തിൽ കുറഞ്ഞുവന്നു. വിവേചനത്തിന്റെ ആധാരം മതത്തിൽ നിന്ന് വംശശുദ്ധിയിലേക്ക് മാറി. ജർമനിയിലെ പൗരന്മാളിൽ നിന്ന് വ്യത്യസ്തമായ മറ്റേതോ വംശത്തിലാണ് ജൂതരുടെ അസ്തിത്വം എന്ന പ്രചാരണത്തിന് ആക്കം കൂടി. ക്രിസ്തുമതം സ്വീകരിച്ച ജൂതരെപ്പോലും അവരുടെ വംശീയമായ വേരുകൾ വേട്ടയാടി. അവർ അവിടെയും അധഃകൃതരായി.
ഹിറ്റ്‍ലറുടെ മനസ്സിലേക്കുള്ള ജൂതവിരോധത്തിന്റെ അധിനിവേശം
ഹിറ്റ്‍ലറുടെ മനസ്സിലേക്ക് യഹൂദവിരോധം കടന്നുവന്നത് എവിടെനിന്നാണ് എന്നത് വ്യക്തമല്ല. ദീർഘകാലം നീണ്ടുനിന്ന ഒരുവ്യക്തിത്വപ്രതിസന്ധിയുടെ പരിണിതഫലമായിട്ടാണ് അങ്ങനൊരു മാനസികാവസ്ഥ ഉടലെടുക്കുന്നത് എന്നതിന്റെ സൂചനകൾ മെയ്ൻ കാംഫ് എന്ന ആത്മകഥയിലുണ്ട്. വിയന്നയിൽ ഒരു ചിത്രകാരൻ എന്ന നിലയിൽ കഴിഞ്ഞു പോന്ന 1908 മുതൽ 1912 വരെയുള്ള കാലഘട്ടത്തിലാണ് ഹിറ്റ്ലറുടെ മനസ്സിൽ അങ്ങനൊരു വികാരം അങ്കുരിക്കുന്നത് എന്ന് തോന്നുന്നു. ചെറുപ്പം മുതൽ തന്നെ ജൂതവിദ്വേഷചിന്തകളുടെ വിത്തുകൾ ഹിറ്റ്‍ലറുടെ മനസ്സിൽ പാകപ്പെട്ടിരുന്നു എന്നുവേണം മനസ്സിലാക്കാൻ. വിയന്നയിൽ ചിത്രംവരച്ചുകൊണ്ടിരുന്ന കാലത്ത് ജൂതന്മാരെ ഹിറ്റ്‍ലർക്ക് ഇഷ്ടമല്ലായിരുന്നു എങ്കിലും, അതൊരു നയമായി വികസിച്ചു കഴിഞ്ഞിരുന്നില്ല. കാരണം, അന്നയാള്‍ വരച്ചിരുന്ന ഛായാചിത്രങ്ങളിൽ മിക്കതും വാങ്ങിച്ചിരുന്നത് ജൂതനായ സാമുവൽ മോർഗൻസ്റ്റെർൺ ആയിരുന്നു.
ഹിറ്റ്‍ലർ തന്നെ പാതി ജൂതനായിരുന്നു എന്നതാണ് വാസ്തവം. തന്റെ ജൂത പാരമ്പര്യത്തിൽ ഹിറ്റ്‍ലർക്ക് ആത്മനിന്ദയും മനസ്താപവും ഒക്കെ ഉണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ജൂതർ നടത്തിയ വിഷവാതകപ്രയോഗം മുതൽ, ഹിറ്റ്‍ലർക്ക് ഗുഹ്യരോഗം സമ്മാനിച്ച യഹൂദവേശ്യവരെ പല കാരണങ്ങളും ചരിത്രകാരന്മാർ അദ്ദേഹത്തിന്റെ അന്ധമായ യഹൂദവിരോധത്തിനായി നിരത്തുന്നുണ്ടെങ്കിലും അതിനെയൊന്നിനെയും സംശയാതീതമായി തെളിയിക്കുന്ന രേഖകൾ ഇല്ല.
ഹിറ്റ്‍ലറെ സ്വാധീനിച്ച ചിന്തകർ
രണ്ട് ഓസ്ട്രിയൻ ചിന്തകരുടെ സ്വാധീനവലയത്തിലാണ് ഹിറ്റ്‍ലറുടെ രാഷ്ട്രീയം വികസിതമാകുന്നത് എന്ന കാര്യം പ്രസിദ്ധമാണ്. ആദ്യത്തേത്, ജർമൻ ദേശീയതാവാദിയായ ജോർജ് റിട്ടർ വോൺ ഷോണറർ ആയിരുന്നു. ഓസ്ട്രിയയുടെ ജർമൻ ഭൂരിപക്ഷ പ്രവിശ്യകൾ ജർമൻ സാമ്രാജ്യത്തോട് ചേർക്കപ്പെടണം എന്ന വാദമുഖം നിരത്തിയ ആളാണ് ഷോണറർ. ജൂതർക്ക് ഒരിക്കലും പൂർണമായ അർത്ഥത്തിൽ ജർമൻ പൗരന്മാരായിരിക്കാൻ കഴിയില്ല എന്നും അയാള്‍ കരുതി.
രണ്ടാമത്തെയാൾ വിയന്നയുടെ മേയറായിരുന്ന കാൽ ള്യൂഗർ ആയിരുന്നു. ആന്റി സെമിറ്റിസത്തിന്റെ പ്രാഥമികപാഠങ്ങൾ ഹിറ്റ്‍ലർ അഭ്യസിക്കുന്നത് ആ ദർശനങ്ങളിൽ നിന്നാണ്. യഹൂദവിരോധം സാമൂഹ്യപുരോഗതിക്ക് എന്നതായിരുന്നു അയാളുടെ ലൈൻ. മെയ്ൻ കാംഫിൽ ഹിറ്റ്‍ലർ ള്യൂഗറെ വിളിക്കുന്നത്, 'എക്കാലത്തെയും ഏറ്റവും മഹാനായ ജർമൻ മേയർ' എന്നാണ്. അദ്ദേഹത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ 1933 അധികാരം കൈവന്നപ്പോൾ ഹിറ്റ്‍ലർ പ്രാവർത്തികമാക്കി.
ഹിറ്റ്‍ലറും ഒന്നാം ലോകമഹായുദ്ധവും
ഹിറ്റ്‍ലറുടെ ജീവിതത്തിൽ അതിനിർണായകമായ സ്വാധീനം ചെലുത്തിയ ഒരു യുദ്ധമായിരുന്നു ഒന്നാം ലോകമഹായുദ്ധം. അതുവരെ ലക്കുംലഗാനുമില്ലാതെ പൊയ്ക്കൊണ്ടിരുന്ന ഹിറ്റ്‍ലറുടെ ജീവിതത്തിന് അത് ഒരു നിയോഗമേകി. 1914 -ലാണ് ഹിറ്റ്‍ലർ ജർമൻ പട്ടാളത്തിന്റെ ഭാഗമാകുന്നത്. ജർമ്മനിയും, ഓസ്ട്രിയ-ഹംഗറിയും ചേർന്നാണ് ഫ്രാൻസ്, ഇംഗ്ലണ്ട്, റഷ്യ എന്നിവർ ഒന്നിച്ച സഖ്യസേനയെ നേരിട്ടുകൊണ്ടിരുന്നത്. നേരിട്ടുള്ള കരയുദ്ധത്തിന് ചുരുക്കം അവസരങ്ങളിലേ ഹിറ്റ്‍ലർ പങ്കെടുത്തുള്ളൂ എങ്കിലും ആ ധീരത അംഗീകരിക്കപ്പെട്ടു.
1918 -ൽ ജർമനി നാലുപാടുനിന്നും വളയപ്പെട്ടു. യുദ്ധത്തിൽ പരിക്കേറ്റ ഹിറ്റ്‍ലർ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ബെൽജിയത്തിൽ വെച്ച് നടന്ന വിഷവാതക പ്രയോഗത്തിൽ ഹിറ്റ്‍ലറുടെ കണ്ണുകൾക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. നീറുന്ന കണ്ണുകളുമായി ആശുപത്രിക്കിടക്കയിൽ കഴിയവേ ജർമ്മനി കീഴടങ്ങി എന്ന അശുഭവാർത്തകൂടി ഹിറ്റ്‍ലറെ തേടിയെത്തുന്നു. അതോടെ അയാള്‍ വിഷാദത്തിലേക്ക് വഴുതിവീണു. "എന്റെ കണ്ണുകൾക്കുമുന്നിൽ വീണ്ടും ഇരുൾ വീണു" എന്നാണ് മെയ്ൻ കാംഫിൽ ഈ ഒരു കാലത്തെപ്പറ്റി പറയുന്നത്. വിവരമറിഞ്ഞ്, ഇടറിയ കാലുകളോടെ തന്റെ ഡോർമിറ്ററിയിലേക്ക് നടന്നുചെന്ന്, കിടക്കയിലേക്ക് ചാടിവീണ്, തലയിണയിൽ തന്റെ പുകയുന്ന തല പൂഴ്ത്തിക്കൊണ്ട് കരയുന്നുണ്ട് ഹിറ്റ്‍ലർ അന്ന്.
ജൂതർ: ഒന്നാം ലോകമഹായുദ്ധത്തിൽ ബലിയാടുകൾ
തോറ്റു എന്ന് സമ്മതിക്കാൻ മറ്റുള്ള പല ജർമൻകാരെപ്പോലെ ഹിറ്റ്‍ലർക്കും മനസ്സില്ലായിരുന്നു എന്നാൽ, ദൗർഭാഗ്യവശാൽ അതായിരുന്നു യാഥാർത്ഥ്യം. 'വഞ്ചിച്ചതാണ്..', 'പിന്നിൽ നിന്ന് കുത്തിയതാണവർ' എന്നൊക്കെയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ വലതുപക്ഷ, ജർമൻ ദേശീയതാ വൃത്തങ്ങളിൽ സജീവമായിരുന്ന കാലം. യുദ്ധത്തിലല്ല ജർമനി തോറ്റത്, സ്വന്തം പാളയത്തിനുള്ളിലെ ഒറ്റുകാരെക്കൊണ്ടാണ് എന്നായിരുന്നു പ്രചാരണം. ആരൊക്കെയാണീ ഒറ്റുകാർ..? ജൂതന്മാർ, ഡമോക്രാറ്റുകൾ, കമ്യൂണിസ്റ്റുകൾ..!
ഇതിൽ ജൂതന്മാരെപ്പറ്റിയുള്ള മുൻവിധി തീർത്തും തെറ്റായിരുന്നു. ജർമൻ ഗവണ്മെന്റ് നേരിട്ടുനടത്തിയ അന്വേഷണം പോലും തെളിയിച്ചത് അതുതന്നെയായിരുന്നു. ഒരു ലക്ഷത്തിലധികം വരുന്ന ജർമൻ, ഓസ്ട്രിയൻ ജൂതർ തങ്ങളുടെ മാതൃരാജ്യത്തെ രക്ഷിക്കാൻ വേണ്ടി പോരാട്ടത്തിനിറങ്ങിയിരുന്നു. 1916 -ലെ യുദ്ധവീരൻ ഓട്ടോ ഫ്രാങ്ക് അതിൽ ഒരാൾ മാത്രം.
ഹിറ്റ്‍ലറുടെ രാഷ്ട്രീയപ്രവേശം
ഒന്നാം ലോകമഹായുദ്ധാനന്തരം ജർമ്മനി ആകെ കുത്തഴിഞ്ഞ അവസ്ഥയിലായി. ജർമനിയിലെ ചക്രവർത്തി അരങ്ങൊഴിഞ്ഞതോടെ വിപ്ലവകാരികൾ അധികാരം പിടിച്ചെടുക്കാൻവേണ്ടി തമ്മിൽതല്ലാൻ തുടങ്ങി. ഇടതുപക്ഷം പലയിടത്തും അധികാരം പിടിച്ചെടുത്തു. ഉദാ. മ്യൂണിക്കിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ബവേറിയ നിലവിൽ വന്നതായി വിപ്ലവകാരികൾ പ്രഖ്യാപനം നടത്തി. ഇടതുപക്ഷക്കാരുടെ പ്രകോപനങ്ങൾ വലതുപക്ഷത്തെ വെറിപിടിപ്പിച്ചു. അവർ തുറന്ന പോരിലേക്ക് ഇറങ്ങിവന്നു. ഇടതുപക്ഷത്ത് നിരവധിപേർക്ക് ജീവാപായമുണ്ടായി. ഈ അക്രമങ്ങൾ ഹിറ്റ്‍ലറെ രസം പിടിപ്പിച്ചു. ഇക്കാലത്തും ഹിറ്റ്‍ലർ പട്ടാളത്തിൽ സേവനമനുഷ്ഠിക്കുകയാണ്. അവിടെ വെച്ചാണ് തന്റെ പ്രസംഗപാടവം തിരിച്ചറിയുന്നത്. കമ്യൂണിസം എന്ന വിപത്തിനെപ്പറ്റി പട്ടാളക്കാർക്ക് ക്ലാസ്സെടുക്കാൻ, അവരിൽ ദേശസ്നേഹം ഊട്ടിയുറപ്പിക്കാൻ സൈന്യം നിയോഗിച്ചത് ഹിറ്റ്‍ലറെ ആയിരുന്നു. ഈ ദൗത്യത്തിനിടെയാണ് ഹിറ്റ്‍ലർ 'ജർമൻ വർക്കേഴ്സ് പാർട്ടി' എന്ന നാസി പാർട്ടിയുടെ പൂർവരൂപത്തെ പരിചയിക്കുന്നത്.
യഹൂദവിരോധത്തിന്റെ തീവ്രവത്കരണം
വിപ്ലവത്തിന്റെയും അക്രമത്തിന്റെയും പശ്ചാത്തലത്തിൽ ഹിറ്റ്‍ലറുടെ ജൂതവിരോധം പതുക്കെ തീവ്രവാദമായി വളർന്നുകൊണ്ടിരുന്നു. ജൂതർക്കെതിരെയുള്ള അക്രമങ്ങളെ താൻ പിന്തുണയ്ക്കുന്നില്ല എന്ന് ഹിറ്റ്‍ലർ പരസ്യമായി പറഞ്ഞുകൊണ്ടിരുന്നു എങ്കിലും, അയാള്‍ ജൂതവിരുദ്ധചിന്തയുടെ പ്രയോക്താവായിരുന്നു. അതിന് നിയമപരമായ സാധുത നൽകി അധികം താമസിയാതെ ജൂതരെ തുരത്താനുള്ള പദ്ധതികൾക്ക് ഹിറ്റ്‍ലർ തുടക്കമിടുന്നുണ്ട്.
ഹിറ്റ്‍ലർ ജൂതരെ രോഗാണുക്കൾ എന്ന് വിളിക്കുന്നത് 1920 -ൽ ആണ്. രോഗങ്ങൾ പരത്തുന്ന അണുക്കളെ നിർമാർജ്ജനം ചെയ്യാതെ രോഗങ്ങൾ നിയന്ത്രണാധീനമാക്കാൻ സാധിക്കില്ല എന്ന് അയാള്‍ ഒരു പ്രസംഗത്തിൽ പറഞ്ഞു. നമ്മുടെ സമൂഹത്തിൽ നിന്ന് 'ജൂതചിന്ത' നീക്കം ചെയ്യാതെ ജൂതരെക്കൊണ്ടുള്ള ശല്യം തീരില്ല എന്നും പറഞ്ഞു അയാളുടെ ഈ തീവ്രചിന്താസരണികളാണ് പിന്നീട് 1940 -ന് ശേഷമുള്ള ഒരു പതിറ്റാണ്ടുകാലം അയാളെക്കൊണ്ട് ജൂതർക്കെതിരെ അക്രമങ്ങൾ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്.
മുതലാളിത്തവും കമ്യൂണിസവും യഹൂദഗൂഢാലോചനകളോ..?
അക്കാലത്ത് ലോകത്ത് നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഹിറ്റ്‍ലർ പഴിച്ചത് ജൂതരെയായിരുന്നു.' ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം' എന്ന അവസ്ഥ. ജർമനി തകർന്നത് ജൂതർ കാരണം. ലോകത്തിലെങ്ങും അധീശത്വം സ്ഥാപിച്ചെടുക്കാൻ വേണ്ടി ജർമനിയെ ഒറ്റുകൊടുത്തവർ ജൂതർ. കാര്യം കാണാൻ എന്തിനും മടിക്കാത്തവർ ജൂതർ. അങ്ങനെ ആരോപണങ്ങൾ പലതുണ്ടായിരുന്നു. മുതലാളിത്തം ഒരു ജൂത ആശയമായിട്ടാണ് ഹിറ്റ്‍ലർ കണ്ടത്. സാമ്പത്തിക അധികാര ശ്രേണിയുടെയും സാമ്പത്തികലാഭങ്ങളുടേയുമൊക്കെ ഗുണഭോക്താക്കളായി ഹിറ്റ്‍ലർ അവരോധിച്ചത് ജൂതരെയായിരുന്നു.
തന്റെ ചിന്തകളിലെ വൈരുദ്ധ്യം ഹിറ്റ്‍ലറെ ഒട്ടും തളർത്തിയിരുന്നില്ല. അയാള്‍ അത് തിരിച്ചറിഞ്ഞിരുന്നില്ല എന്നതാവും സത്യം. കാരണം, മുതലാളിത്തത്തിന്റെ പേരിൽ ജൂതരെ കുറ്റപ്പെടുത്തിയ അദ്ദേഹം അതേസമയം തന്നെ കമ്യൂണിസം എന്ന 'വിപത്തി'നും അവരെത്തന്നെ പഴിചാരി. എന്നാൽ, വാസ്തവത്തിൽ അന്നത്തെ കമ്യൂണിസ്റ്റ് നേതാക്കളിൽ ബഹുഭൂരിപക്ഷവും യഹൂദരായിരിക്കുമ്പോൾ തന്നെ അണികളിൽ അവർ ഒരു ന്യൂനപക്ഷം മാത്രമായിരുന്നു. ജൂതകമ്യൂണിസ്റ്റുകൾ എന്ന വാദം സോവിയറ്റ് യൂണിയനെതിരെയുള്ള യുദ്ധത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. ആ പേരും പറഞ്ഞാണ് രണ്ടാംലോകമഹായുദ്ധത്തിലെ സോവിയറ്റ് തടവുകാരെ ഹിറ്റ്‍ലർ പീഡിപ്പിച്ചത്.
ആര്യൻ മേധാവിത്തചിന്ത
ഹിറ്റ്‍ലർ ജർമൻകാരെ ഉന്നതകുലജാതർ എന്ന് ഉയരത്തിൽ പ്രതിഷ്ഠിച്ചു. ബാക്കിയുള്ള വംശങ്ങളൊക്കെയും അതിനേക്കാൾ കുറഞ്ഞവർ എന്നുമയാള്‍ കരുതി. യഹൂദർ മാത്രമായിരുന്നില്ല കുറഞ്ഞവർ. സ്ളാവിക് വംശജരുമതേ. ജർമൻകാർക്ക് നിലനിൽപ്പുണ്ടാകണമെങ്കിൽ അവർ 'വംശശുദ്ധി' കാത്തുസൂക്ഷിക്കണം എന്നും വാദിച്ചു. പരമ്പരാഗതമായ രോഗങ്ങളുള്ളവർ കുറഞ്ഞവരായി കണക്കാക്കപ്പെട്ടു. ജന്മനാ അംഗവൈകല്യമുള്ളവർ, മാനസികപ്രശ്നങ്ങളോടെ പിറന്നുവീണവർ ഒക്കെ കുറഞ്ഞവരായി കാണപ്പെട്ടു. അവരൊക്കെ നന്നാകാൻ സാധിക്കാത്ത ക്രിമിനലുകളാണ് എന്നുവന്നു. നാസികൾക്ക് അധികാരം കിട്ടിയതോടെ, ഇത്തരത്തിലുള്ള അശുദ്ധികൾ ഉള്ളവരെ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാൻ തുടങ്ങി ഹിറ്റ്‍ലർ.
ഹോളോകോസ്റ്റ് അഥവാ വംശഹത്യ
1920 -കളിൽ ഹിറ്റ്‍ലറുടെ മനസ്സിനുള്ളിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ പ്രവർത്തിപഥത്തിൽ വന്നത് 1940 -കളിലാണ് എന്നുമാത്രം. 1933 -ൽ അധികാരം കൈവന്നപ്പോൾ തന്നെ ഹിറ്റ്‍ലർ പതുക്കെ തന്റെ ആശയങ്ങൾ ഒന്നൊന്നായി പൊടിതട്ടിയെടുക്കുന്നു. മുപ്പതുകളിൽ അയാള്‍ ജൂതന്മാരെ ജർമൻ മണ്ണിൽ നിന്ന് തുരത്താൻ തന്നാലാവുന്ന ഗൂഢാലോചനകളെല്ലാം നടത്തുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതും അതിന് അക്രമാസക്തമായ ഒരു പ്രവർത്തനസ്വഭാവം കൈവന്നു, അതോടെ കാര്യങ്ങൾ നിർദ്ദയമായ കൂട്ടക്കൊലകളിലേക്കും കോൺസൻട്രേഷൻ ക്യാമ്പുകളിലേക്കും പോയി എന്നുമാത്രം.
എല്ലാം തുടങ്ങുന്നത് 1933 -ൽ ഹിറ്റ്‍ലർ ജർമനിയുടെ ചാൻസലറായി അവരോധിക്കപ്പെടുന്നതോടെയാണ്. ചാൻസലർ പദവിയിൽ ഏറിയപാടെ ഹിറ്റ്‍ലർ എടുത്ത ആദ്യതീരുമാനം, രാജ്യത്തുനിന്ന് ഒഴിവാക്കപ്പെടേണ്ട ജൂതന്മാരായ പൗരന്മാരുടെ പട്ടിക തയ്യാറാക്കുകയാണ്. അവരെ പാർപ്പിക്കാൻ വേണ്ടി ജർമനിയിൽ അങ്ങോളമിങ്ങോളം കോൺസൻട്രേഷൻ ക്യാമ്പുകളുടെ ശൃംഖല തന്നെ ഹിറ്റ്‍ലർ കെട്ടിപ്പടുത്തു. 1933 മാർച്ച് 22 -ന് ദഷാവുവിൽ ആദ്യത്തെ ക്യാമ്പ്. മാർച്ച് 24-ന് എനേബിളിങ്ങ് ആക്റ്റ് പാസാക്കിയതോടെ ഹിറ്റ്ലർക്ക് പരമാധികാരം കൈവന്നു. ഗവണ്മെന്റ് സമൂഹത്തിന്റെ എല്ലാ തലങ്ങളിൽ നിന്നും ജൂതരെ ഒറ്റപ്പെടുത്തിത്തുടങ്ങി. ജൂതരുടെ കച്ചവടങ്ങൾ ബഹിഷ്കരിക്കപ്പെട്ടു. അവർക്കെതിരെ ന്യൂറംബർഗ് നിയമങ്ങളെന്ന പേരിൽ കരിനിയമങ്ങൾ പലതും നടപ്പിലാക്കി. അധികം താമസിയാതെ ജൂതരുടെ കച്ചവടസ്ഥാപനങ്ങൾ പലതും കൊള്ളയടിക്കപ്പെട്ടു. തീവെച്ചു നശിപ്പിക്കപ്പെട്ടു. 1939-ൽ പോളണ്ടിനെ അക്രമിച്ചുകൊണ്ട് ജർമനി രണ്ടാം ലോകമഹായുദ്ധത്തിന് തുടക്കമിടുന്നു.
യുദ്ധം തുടങ്ങിയതോടെ ജൂതർക്കെതിരെയുള്ള പ്രതികാര നടപടികൾ പിന്നെയും കടുത്തു. ജർമ്മനിയിലെ യഹൂദപൗരന്മാരെ അവരുടെ വീടുകളിൽ നിന്ന് അറസ്റ്റുചെയ്തുകൊണ്ടുവന്ന് ഓഷ്വിറ്റ്സിലെയും ബെയ്സെക്കിലെയും, കെൽമ്നോയിലെയും മറ്റും കോൺസൻട്രേഷൻ ക്യാമ്പുകളിൽ കോൺസൻട്രേഷൻ ക്യാമ്പുകളിൽ നിർബന്ധിതമായി പാർപ്പിക്കാൻ തുടങ്ങി. കൂട്ടത്തോടെ ജൂതരെ വധിക്കുന്നതിന് പാർലമെന്റ് തന്നെ കൊലയാളി സംഘങ്ങൾക്ക് അംഗീകാരം നൽകി. യുദ്ധത്തിന്റെ ആദ്യത്തെ അഞ്ചു വർഷത്തിനുള്ളിൽ തന്നെ പന്ത്രണ്ടു ലക്ഷത്തിലധികം ജൂതർ വധിക്കപ്പെട്ടു.
നാസികളുടെ ജൂതവിരോധത്തിന്റെ മറ്റൊരു വികൃത മുഖം ജൂതതടവുകാരുടെ മേൽ നടത്തിയ വൈദ്യപരീക്ഷണങ്ങളാണ്. ഏഴായിരത്തിലധികം തടവുകാർക്കുമേൽ ധാർമികതയുടെ സകല സീമകളും അതിലംഘിച്ചുകൊണ്ടുള്ള ക്രൂരമായ പല വൈദ്യശാസ്ത്ര പരീക്ഷണങ്ങളും നടത്തപ്പെട്ടു. ജോസഫ് മെൻഗലെ എന്ന കുപ്രസിദ്ധനായ ഡോക്ടർ കോൺസൻട്രേഷൻ ക്യാമ്പുകളിലെ ജൂതരായ കുട്ടികളെ പലവിധം പരീക്ഷണങ്ങൾക്കുവിധേയരാക്കി ചിത്രവധം ചെയ്തു. കുട്ടികളെ പ്രെഷർ ചേമ്പറുകളിൽ അടച്ചും, അവരെ ഫ്രീസറിൽ അടച്ചും, രാസവസ്തുക്കൾ കുത്തിവെച്ച് കണ്ണിന്റെ നിറം മാറ്റിയും കൈകാലുകൾ മുറിച്ചുമാറ്റിയും ഒക്കെയുള്ള പരീക്ഷണങ്ങളിൽ ഡോക്ടർ മെൻഗലെ ആനന്ദം കണ്ടെത്തി.
ഹിറ്റ്‍ലറുടെ ജൂതവിദ്വേഷത്തിന്റെ ഇരയായത് അറുപതുലക്ഷം പേരാണ് . യൂറോപ്പിലെ യഹൂദ ജനസംഖ്യയുടെ മൂന്നിലൊന്നു വരും അത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ്, ഹിറ്റ്‌ലർ മരിച്ച്, പിന്നെയും നിരവധി വർഷക്കാലം ജർമൻ സർക്കാർ ജൂതരോട് പ്രവർത്തിക്കപ്പെട്ട ക്രൂരത സമ്മതിക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ പതിറ്റാണ്ടുകൾക്കിപ്പുറം 2005 മെയ് 10 -നാണ് ജൂതരായ ഇരകൾക്ക് ബെർലിനിൽ ഓഷ്‌വിറ്റ്സ് മെമ്മോറിയൽ എന്നപേരിൽഒരു സ്മാരകം ഉയരുന്നത്. ഹിറ്റ്‍ലറുടെ ശവകുടീരത്തിൽ നിന്ന് അധികം ദൂരെയല്ലാതെയാണ് അതും.
ജർമ്മനി ഒരർത്ഥത്തിൽ റഷ്യയിൽ നിന്നും, ജപ്പാനിൽ നിന്നും, ചൈനയിൽ നിന്നുമൊക്കെ വ്യത്യസ്തമാണ്. കാരണം അത് ഒരു രാഷ്ട്രമെന്ന നിലയ്ക്ക് സ്വന്തം മണ്ണിൽ അങ്ങനെ അതിഹീനമായ ഒരു കുറ്റം നടന്നിട്ടുണ്ട് എന്ന് സമ്മതിക്കുകയും, അതിനുള്ള പശ്ചാത്താപമെന്നോണം തലസ്ഥാനനഗരിയിൽ തന്നെ ബൃഹത്തായ ഒരു സ്മാരകം അതിലെ ഇരകൾക്കായി നിർമ്മിക്കുകയും ചെയ്തു. രണ്ടു ഫുട്ബോൾ സ്റ്റേഡിയങ്ങളുടെ വലിപ്പത്തിൽ പണിതിരിക്കുന്ന ഈ സ്മാരകത്തിൽ നാസി ഭീകരതയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കഥകൾ പറയാൻ ശ്രമിച്ചിട്ടുണ്ട്. 'ഹോളോകോസ്റ്റ്' എന്ന ചരിത്രം മാപ്പുനൽകാത്ത ക്രൂരതയ്ക്ക് ഇരയാക്കപ്പെട്ടവരിൽ പലരും അതിനെ അതിജീവിച്ചിട്ടുണ്ട്. അവർ ഇന്നീ സ്മാരകം സന്ദർശിക്കുമ്പോൾ, ആ നടുക്കുന്ന ഓർമ്മകൾ അവരുടെ കണ്മുന്നിൽ വീണ്ടും ദീപ്തമാകുന്നുണ്ടാവും.
കടപ്പാട്: Anne Frank.org