ഇതൊന്നു ശ്രദ്ധിച്ചോളൂ, ഇന്ത്യക്കാരെന്തിനാണ് അതിഥികളെ പട്ടിണിക്കിരുത്തുന്നതെന്ന് വിദേശവനിത, മറുപടികളിങ്ങനെ
ഇന്ത്യയിലെ പാർട്ടികളിൽ എല്ലാവരും ആദ്യം സംസാരിച്ചിരിക്കും വളരെ വൈകിയാണ് ഭക്ഷണം വിളമ്പുക എന്നാണ് അവളുടെ പരിഭവം. ഒരിക്കൽ താൻ വിശന്നു മടങ്ങി സാൻഡ്‍വിച്ചുണ്ടാക്കി കഴിക്കുകയായിരുന്നു എന്നും അവൾ പറയുന്നു.
ഇന്ത്യയിൽ വർഷങ്ങളായി താമസിക്കുന്ന എത്രയോ വിദേശികളുണ്ട്. അതിൽ പലർക്കും ഇന്ത്യയിലെ സംസ്കാരം ഇഷ്ടവുമാണ്. കുറച്ചുകൂടി ആഴത്തിലുള്ള നമ്മുടെ സൗഹൃദങ്ങളും കൂടിച്ചേരലുകളും ബഹളങ്ങളും വ്യത്യസ്തമായ ഭക്ഷണവുമെല്ലാം അവരെ ആകർഷിക്കാറുണ്ട്. അതുപോലെ, ക്രിസ്റ്റൻ ഫിഷർ എന്ന യുഎസ്സിൽ നിന്നുള്ള യുവതിയും വർഷങ്ങളായി ഇന്ത്യയിലാണ് താമസം.
2021 -ലാണ് ക്രിസ്റ്റൻ ഇന്ത്യയിലേക്ക് വരുന്നത്. ഇന്ത്യയും അവിടുത്തെ സംസ്കാരവുമെല്ലാം ക്രിസ്റ്റന് ഇഷ്ടവുമാണ്. എന്നാൽ, ഒരുകാര്യത്തിൽ അവർക്ക് ഇന്ത്യക്കാരോട് പരിഭവമുണ്ട്. നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ക്രിസ്റ്റൻ ചോദിക്കുന്നത്. ഒരുപാട് ഇന്ത്യക്കാർ ക്രിസ്റ്റന്റെ സംശയത്തിനുള്ള മറുപടിയുമായി മുന്നോട്ട് വന്നിട്ടുമുണ്ട്.
ക്രിസ്റ്റൻ പറയുന്നത്, ഇന്ത്യയിൽ ഡിന്നർ പാർട്ടിക്ക് പോയിക്കഴിഞ്ഞാൽ ഒന്നുകിൽ വിശന്നിരിക്കേണ്ടി വരും അല്ലെങ്കിൽ കഴിക്കാതെ മടങ്ങേണ്ടി വരും എന്നാണ്. താൻ അതിഥിക്ക് ആദ്യം തന്നെ ഭക്ഷണം വിളമ്പും എന്ന് ക്രിസ്റ്റൻ പറയുന്നു. എന്നാൽ, ഇന്ത്യയിലെ പാർട്ടികളിൽ എല്ലാവരും ആദ്യം സംസാരിച്ചിരിക്കും വളരെ വൈകിയാണ് ഭക്ഷണം വിളമ്പുക എന്നാണ് അവളുടെ പരിഭവം.
ഒരിക്കൽ താൻ വിശന്നു മടങ്ങി സാൻഡ്‍വിച്ചുണ്ടാക്കി കഴിക്കുകയായിരുന്നു എന്നും അവൾ പറയുന്നു. ഒപ്പം രാത്രി ഒരുപാട് വൈകി ഭക്ഷണം കഴിക്കുമ്പോൾ ഈ ഭക്ഷണം തണുത്തുപോകില്ലേ തുടങ്ങിയ ആശങ്കകളും ക്രിസ്റ്റനുണ്ട്. തനിക്ക് അതിഥികളുണ്ടായാൽ അവർ വരുമ്പോഴേക്കും താൻ ഭക്ഷണമുണ്ടാക്കി വയ്ക്കും എന്നും എത്തിയാലുടൻ വിളമ്പുമെന്നും അവൾ പറയുന്നു. എന്നാൽ, ഇവിടെയുള്ളവർ അങ്ങനെയല്ല എന്നും സംസ്കാരികമായി തനിക്ക് പൊരുത്തപ്പെടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം അതാണ് എന്നും അവൾ പറയുന്നുണ്ട്.
എന്തായാലും, ക്രിസ്റ്റന്റെ ഈ ആശങ്കകൾക്കും സംശയങ്ങൾക്കും നിരവധിപ്പേരാണ് കമന്റിൽ മറുപടി നൽകിയിരിക്കുന്നത്. അത് സത്യമാണ് എന്നാണ് മിക്കവരും പറഞ്ഞത്. ഇന്ത്യക്കാരായ നമുക്ക് അതിഥി എത്തിയപാടെ ഭക്ഷണം കൊടുക്കുന്നത് അവർ പെട്ടെന്ന് പോകാൻ വേണ്ടിയാണ് എന്ന തോന്നലുണ്ടാക്കും. അതിനാലാണ് വൈകി ഭക്ഷണം വിളമ്പുന്നത് എന്ന് പറഞ്ഞവരുണ്ട്. അതുപോലെ, വന്നയുടനെ ചായയോ ജ്യൂസോ ഒക്കെ കൊടുത്ത ശേഷമാണ് പിന്നീട് സംസാരത്തിനൊക്കെ ശേഷം വൈകി ഭക്ഷണം വിളമ്പുന്നത് എന്നും പലരും പറഞ്ഞിട്ടുണ്ട്.
മോളുടെ പൊന്നച്ഛൻ; അന്നപൂർണ ദേവി നേരിട്ടിറങ്ങിവന്നോ, ആദ്യമായി ഭക്ഷണമുണ്ടാക്കിയപ്പോൾ പ്രതികരണം ഇങ്ങനെ