രാജ്യം കൊവിഡിന്റെ മുന്നിൽ പകച്ചുനിൽക്കുന്ന നേരത്ത് എയിംസിലെ നഴ്‌സുമാർ സമരത്തിനിറങ്ങിയത് എന്തിനാണ്?
ഏഴു മുതൽ എട്ടുമണിക്കൂർ നേരം പിപിഇ കിറ്റിനുള്ളിൽ ചെലവിടുന്ന നഴ്‌സുമാർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.
ദില്ലിയിലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സർക്കാർ ആശുപത്രി എന്നറിയപ്പെടുന്ന ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അഥവാ എയിംസ് (AIIMS) സ്ഥിതി ചെയ്യുന്നത്. ഇവിടെ ജോലി ചെയ്യുന്ന സ്ത്രീ-പുരുഷ നഴ്‌സുമാർ കഴിഞ്ഞ കുറേനാളുകളായി പ്രതിഷേധത്തിലാണ്. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള കുത്തിയിരിപ്പ് സമരമാണ് തങ്ങളുടെ പ്രതിഷേധമറിയിക്കാൻ വേണ്ടി അവർ നടത്തുന്നത്. ഇവിടെ ഉയരുന്ന ചോദ്യമിതാണ്. രാജ്യത്തെ ഏറ്റവും നല്ല പൊതുമേഖലാ ആശുപത്രിയിൽ സർക്കാർ ശമ്പളം പറ്റി തൊഴിൽ ചെയ്യുന്ന നഴ്‌സിംഗ് സ്റ്റാഫ്, കൊവിഡ് ബാധ അതിന്റെ മൂര്‍ധന്യത്തില്‍ എത്തി നിൽക്കുന്ന ഈ നിർണായക ഘട്ടത്തിൽ, ഇങ്ങനെ സമരത്തിനിറങ്ങാൻ നിർബന്ധിതരായിരിക്കുന്നത് എന്തിന്റെ പേരിലാണ് ?
തങ്ങളുടെ പ്രശ്നങ്ങൾ വിവരിച്ചുകൊണ്ട്, മെയ് 29 -നു തന്നെ നഴ്‌സുമാരുടെ സംഘടന എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയ്ക്ക് നോട്ടീസ് നൽകിയിരുന്നതാണ്. ഈ നോട്ടീസ് അവഗണിക്കപ്പെട്ടതാണ് ഇപ്പോൾ അവരെ സമരത്തിനിറങ്ങാൻ പ്രേരിപ്പിച്ചിരിക്കുന്നത്. ജൂൺ ഒന്നാം തീയതി തൊട്ടാണ് എയിംസിലെ അയ്യായിരത്തോളം വരുന്ന നഴ്‌സുമാർ സമരപാതയിലേക്ക് ഇറങ്ങിവന്നിട്ടുള്ളത്. കൊവിഡ് കാരണമുള്ള അടിയന്തരസാഹചര്യം പരിഗണിച്ച്, ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ടാണ് സമരം. സ്വന്തം ഷിഫ്റ്റുകൾ കഴിഞ്ഞ് പുറത്തിറങ്ങിയാണ് നഴ്‌സുമാർ സമരത്തിൽ പങ്കുചേരുന്നത്.
അവരുടെ ആവശ്യം പ്രധാനമായിട്ടും 'പ്രവൃത്തിസമയ'വുമായി ബന്ധപ്പെട്ടുള്ളതാണ്. കൊവിഡ് വാർഡുകളിലും, അല്ലാത്തിടങ്ങളിലും ഇപ്പോഴത്തെ സവിശേഷ സാഹചര്യം പരിഗണിച്ച് ഷിഫ്റ്റ് സമയം തീരും വരെയും പിപിഇ കിറ്റ് ധരിച്ചു തന്നെ ജോലി നോക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇപ്പോഴത്തെ ഷിഫ്റ്റ് എന്നത് ആറുമണിക്കൂർ ആയിട്ടാണ് നിജപ്പെടുത്തിയിട്ടുള്ളത്. അത് എല്ലാവിധ ഔപചാരികതകളും തീർത്തു വരുമ്പോഴേക്കും ഏഴു മുതൽ എട്ടുമണിക്കൂർ നേരം പിപിഇ കിറ്റിനുള്ളിൽ ചെലവിടുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നത്. ദിവസേന ഇത്രയധികം നേരം ഈ കിറ്റിനുള്ളിൽ കഴിയുന്നത് നഴ്‌സുമാരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനാൽ പരമാവധി പ്രവൃത്തി സമയം ആറുമണിക്കൂറിൽ നിന്ന് നാലുമണിക്കൂർ ആയി കുറയ്ക്കണം എന്നതാണ് അസോസിയേഷന്റെ ആവശ്യം.
ആരോഗ്യപ്രശ്നങ്ങൾ ഇങ്ങനെ
ഏറ്റവും കൂടുതൽ പ്രശ്നം അനുഭവിക്കുന്നത് വനിതാ നഴ്‌സുമാർ ആണെങ്കിലും പുരുഷ നഴ്‌സുമാർക്കും പ്രശ്നങ്ങൾ കുറവല്ല. പിപിഇ കിറ്റ് ധരിക്കുമ്പോൾ ചില കാര്യങ്ങളിൽ വിശേഷ ശ്രദ്ധ ആവശ്യമായി വരും. ഒരിക്കൽ അതിനുള്ളിലേക്ക് കയറിക്കഴിഞ്ഞാൽ പിന്നെ ബാത്ത് റൂമിൽ പോകാൻ സാധിക്കില്ല. മൂത്രം പിടിച്ചു നിർത്താൻ കഴിയാത്തവർ അഡൽറ്റ് ഡയപ്പറും ഇട്ടുകൊണ്ടാണ് പിപിഇ കിറ്റ് ധരിക്കാറുള്ളത്. എന്നാൽ സ്ത്രീകൾക്ക് ആർത്തവകാലത്ത് പ്രശ്നം ഇരട്ടിക്കുന്നു. കടുത്ത രക്തസ്രാവം നേരിടുന്നവർക്ക് പിപിഇ കിറ്റ് ധരിച്ചു കഴിഞ്ഞാൽ പിന്നെ പാഡ് മാറ്റാൻ സാധിക്കില്ല. മൂത്രവും ആർത്തവ രക്തവും കൊണ്ട് കുതിർന്ന പാഡുകളും ധരിച്ചുകൊണ്ട് വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോൾ പല സ്ത്രീ നഴ്‌സുമാരും തങ്ങളുടെ ഷിഫ്റ്റ് പൂർത്തിയാക്കാൻ നിർബന്ധിതരാകുന്നത്.
ഇങ്ങനെ ദുരിതം അനുഭവിക്കുന്ന നഴ്‌സുമാർക്ക് മൂത്രാശയനാളീസംബന്ധമായ അണുബാധകൾ (യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ-UTI) വന്ന് ദുരിതം ഇരട്ടിയാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനും പുറമെയാണ് പിപിഇ കിറ്റുകൾ ശരീരത്തോട് ചേർന്ന് അമർന്നിരിക്കുന്ന ഭാഗങ്ങളിൽ ചൊറിഞ്ഞ് തടിച്ചുണ്ടാകുന്ന മുറിവുകൾ (Rashes) കൊണ്ടുള്ള ബുദ്ധിമുട്ട്. തുടർച്ചയായി N95 മാസ്കും സേഫ്റ്റി ഗോഗിളും ധരിച്ച് ചെവിക്കു പിന്നിലും ചുവന്നു തിണർത്ത് അണുബാധയുണ്ടാകുന്നു. ഈ മുറിവുകൾ ഇനിയും ഏറെ നാളത്തേക്ക് തുടർന്നാൽ പിന്നെ ഒരിക്കലും മാറാത്ത വടുക്കളായി മാറിയേക്കും.
പ്രശ്നം ഷിഫ്റ്റിന്റെ സമയദൈർഘ്യം
എട്ടുമണിയാണ് ഷിഫ്റ്റ് എങ്കിൽ ഏഴരക്കെങ്കിലും വാർഡിൽ എത്തണം. ഈ കിറ്റെല്ലാം ഇട്ടു തയ്യാറായി വരാൻ അത്രയും നേരമെടുക്കും. ഷിഫ്റ്റ് സമയം തീർന്നാലും, എല്ലാം ഒതുക്കുമ്പോഴേക്കും ചുരുങ്ങിയത് ഒരുമണിക്കൂർ നേരമെങ്കിലും കിറ്റിൽ പിന്നെയും ചെലവിടേണ്ടതായി വരാറുണ്ട്.
പലപ്പോഴും ഈ കിറ്റിനുള്ളിൽ ആകെ വിയർത്തു കുളിച്ചാണ് നഴ്‌സുമാർ കഴിയുന്നത്. ചിലപ്പോഴൊക്കെ വല്ലാത്ത ശ്വാസംമുട്ട് അനുഭവപ്പെടും. ചിലർക്ക് ഓക്കാനവും അനുഭവപ്പെടാറുണ്ട്. അങ്ങനെ ഛർദ്ദിക്കാൻ വന്നാൽ പോലും ഒറ്റയ്ക്ക് ഒരാൾക്ക് ഈ കിറ്റ് അഴിച്ചെടുക്കാനാവില്ല. അതിന് മറ്റൊരാളുടെ സഹായത്തിനായി കാത്തിരിക്കേണ്ടതുണ്ട്. ഇങ്ങനെ ആകെ പ്രയാസകരമായ സാഹചര്യത്തിൽ പ്രവൃത്തി സമയം നാലുമണിക്കൂർ ആയി നിജപ്പെടുത്തണം എന്നതാണ് സമരക്കാരുടെ ആവശ്യം.
ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചാൽ, അവർ ജോലിക്ക് വരാനാകാത്ത അവസ്ഥയിലേക്ക് തള്ളിവിടപ്പെട്ടാൽ പിന്നെ ആരാണ് രോഗികളെ പരിശോധിക്കുക എന്നാണ് നഴ്‌സുമാർ ചോദിക്കുന്നത്. എയിംസിൽ ഇതുവരെ 47 നഴ്‌സുമാർ അടക്കം 329 -ലധികം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
കൊവിഡ് ഡ്യൂട്ടി കുറയ്ക്കണം
മുമ്പത്തെ സമയക്രമം കുറേക്കൂടി ഭേദമായിരുന്നു എന്ന് നഴ്‌സുമാർ പറയുന്നുണ്ട്. അതിൽ ഏഴു ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാൽ ഏഴുദിവസം ഹോം ക്വാറന്റീൻ ആയിരുന്നു. ഈ ഏഴു ദിവസത്തിൽ അഞ്ചു ദിവസം കൊവിഡ് ഡ്യൂട്ടിയും രണ്ടു ദിവസം മറ്റ് ഡ്യൂട്ടികളും ആയിരുന്നു. അങ്ങനെ വരുമ്പോൾ പിപിഇ കിറ്റിന്റെ പ്രശ്നങ്ങൾ മാറാൻ സമയം കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ഏഴു ദിവസവും കൊവിഡ് വാർഡിൽ തന്നെ ചെലവിടേണ്ട സാഹചര്യമാണ് മിക്കവർക്കും എന്ന് നഴ്‌സുമാരുടെ സംഘടന ആരോപിക്കുന്നു. തങ്ങൾക്ക് ജോലി ചെയ്യാൻ മടിയില്ല എന്നും, ജോലി ചെയ്യുന്ന സമയമല്ല, പിപിഇ കിറ്റിനുള്ളിൽ ചെലവിടേണ്ടി വരുന്ന സമയമാണ് തങ്ങൾ കുറച്ചു കിട്ടാൻ ആഗ്രഹിക്കുന്നത് എന്നും സമരം ചെയ്യുന്ന നഴ്‌സുമാർ പറയുന്നുണ്ട്.
ഇപ്പോൾ നടക്കുന്നത് 'സൂചനാ പ്രതിഷേധം' ആണെന്നും. ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ ജൂൺ 10 -ന് സൂചനാ പണിമുടക്കും, ജൂൺ 15 തൊട്ടങ്ങോട്ട് അനിശ്ചിതകാല പണിമുടക്ക് സമരവും തുടങ്ങും എന്നും സംഘടനാ നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.