ആഫ്രിക്കൻ ചെഗുവേരയെ വധിച്ചതിന് പിന്നിൽ ആരുടെ കരങ്ങൾ?
സങ്കര വധത്തിന്റെ പിന്നിലെ ഗൂഢാലോചന നടത്തിയവരെ താനെ അന്വേഷണവും ഏല്പിച്ചു എന്നതുകൊണ്ടുതന്നെ കൊമ്പാറോ അധികാരത്തിലുണ്ടായിരുന്ന കഴിഞ്ഞ 15 വർഷവും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണുണ്ടായത്.
ബുർക്കിന ഫാസോ : ആ കൊലപാതകം നടന്നിട്ട് വർഷം 34 കഴിഞ്ഞു എങ്കിലും ഇന്നും ആഫ്രിക്ക ഉൾക്കിടിലത്തോടെ മാത്രം ചർച്ച ചെയ്യുന്ന ഒന്നാണ് ബുർക്കിന ഫാസോയുടെ അന്നത്തെ പ്രസിഡന്റ് ആയിരുന്ന തോമസ് സങ്കരയുടെ വധം. 'ആഫ്രിക്കയുടെ ചെഗുവേര' എന്നറിയപ്പെട്ടിരുന്ന സങ്കരയെ വെടിവെച്ചു കൊന്നതിന് പതിനാലു പേർക്ക് നേരെയുള്ള വിചാരണ ഏറെ വൈകിയെങ്കിലും തുടങ്ങാൻ പോവുകയാണ്.
ബുർക്കിന ഫാസോയുടെ സമരാധ്യനായ പ്രസിഡന്റായിരുന്ന തോമസ് സങ്കര, 1987 ഒക്ടോബർ 15 -നു നടന്ന ഒരു സൈനിക കലാപത്തിനിടെ പട്ടാളക്കാരുടെ വെടിയേറ്റാണ് കൊല്ലപ്പെടുന്നത്. സങ്കരയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ആത്മസ്നേഹിതൻ ബ്ലൈസ് കൊമ്പാറേ അധികാരത്തിലേറുകയുണ്ടായി. ഈ കൊല നടക്കുന്നതിനു നാലുവർഷം മുമ്പ് ഈ രണ്ട് ആത്മമിത്രങ്ങൾ ചേർന്നുതന്നെയാണ് സങ്കരയെ അധികാരത്തിലേറ്റുന്ന വിപ്ലവത്തിനും ചുക്കാൻ പിടിക്കുന്നത്.
കുറ്റം ആരോപിക്കപ്പെടുന്ന പതിനാലു പേരിൽ കൊമ്പാറേയുമുണ്ട് എങ്കിലും, വിചാരണ ബഹിഷ്കരിച്ച് നാടുവിട്ട അയാൾ അയൽരാജ്യമായ ഐവറി കോസ്റ്റിൽ അഭയം തേടി കഴിയുകയാണ്. 2014 -ൽ രാജ്യത്തുണ്ടായ വമ്പിച്ച ജന പ്രതിഷേധത്തെ തുടർന്ന് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിറങ്ങാൻ ഇയാൾ നിർബന്ധിതനായിരുന്നു. സങ്കരയുടെ കൊലപാതകത്തിൽ തനിക്ക് യാതൊരു പങ്കുമില്ല എന്ന് ഉറപ്പിച്ചു പറയുന്ന കൊമ്പാറേ വിചാരണയ്ക്ക് വിധേയനാവാൻ വിസമ്മതിച്ച് നാടുവിടുകയാണ് അന്നുണ്ടായത്.
തോമസ് സങ്കരയുടെ ഭരണകാലത്താണ് അപ്പർ വോൾട്ട എന്ന പേരുമാറ്റി രാജ്യം ബുർക്കിന ഫാസോ എന്ന പേര് സ്വീകരിക്കുന്നത്. എല്ലാം തികഞ്ഞ ഒരു മാതൃകാ ഭരണമാണ് തന്റെ കാലത്ത് സങ്കര കാഴ്ച വെച്ചത്. തന്റെ ശമ്പളത്തോടൊപ്പം രാജ്യത്തെ ബ്യൂറോക്രാറ്റുകളുടെ ചെലവുകളും വെട്ടിക്കുറച്ച പ്രസിഡന്റ്, ഗവണ്മെന്റ് ഉദ്യോഗസ്ഥർ ലക്ഷ്വറി സേവനങ്ങൾ സ്വീകരിക്കുന്നത് വിലക്കിയും ഉത്തരവിറക്കിയിരുന്നു. 1983 -ൽ സങ്കര ഭരണം ഏറ്റെടുക്കുമ്പോൾ 13 ശതമാനം മാത്രമുണ്ടായിരുന്ന രാജ്യത്ത് സാക്ഷരതാ 1987 -ൽ അദ്ദേഹം കൊല്ലപ്പെടുമ്പോഴേക്കും ഉയർന്ന് 73 ശതമാനം ആയിട്ടുണ്ടായിരുന്നു. ഫ്യൂഡൽ ജന്മിമാരിൽ നിന്ന് ഭൂമി പിടിച്ചെടുത്ത് പാവപ്പട്ട കർഷക തൊഴിലാളികൾക്ക് നൽകിയിരുന്ന ഇദ്ദേഹം രാജ്യത്ത് ഒരു ഹരിത വിപ്‌ളവം തന്നെ സൃഷ്ടിച്ചു. ബുർക്കിന ഫാസോയിൽ ആദ്യമായി ഒരു വാക്സിനേഷൻ ഡ്രൈവ് നടപ്പിലാക്കുന്നതും സങ്കര തന്നെ ആയിരുന്നു. ഐഎംഎഫ് അടക്കമുള്ള പാശ്ചാത്യ സാമ്പത്തിക സ്ഥാപനങ്ങൾ നാട്ടിൽ നടത്തുന്ന നിയോ കൊളോണിയലിസ്റ്റ് നീക്കങ്ങൾക്കെതിരെയും അദ്ദേഹം പോരാടിയിരുന്നു. അതുകൊണ്ടുതന്നെ ലാറ്റിനമേരിക്കയിൽ ചെഗുവേരയ്ക്കുണ്ടായിരുന്നതിനു സമാനമായ ഒരു പ്രതിച്ഛായയാണ് ബുർക്കിന ഫാസോയിലും, ഏറെക്കുറെ ആഫ്രിക്കയിലും സങ്കരയ്ക്കുണ്ടായിരുന്നത്.
സങ്കരയുടെ മരണം സ്ഥിരീകരിച്ച ഡോക്ടർ ഡിയെബ്രെ, അന്നത്തെ ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ ഡിയാൻഡ്രെ മുതൽ അന്നത്തെ കൊലക്കുറ്റം ഇന്ന് ആരോപിക്കപ്പെടുന്ന കൊമ്പാറോ അടക്കമുള്ളവരുടെ കരങ്ങൾ ഈ വധത്തിനു പിന്നിലുണ്ടായിരുന്നു. സങ്കര വധത്തിന്റെ പിന്നിലെ ഗൂഢാലോചന നടത്തിയവരെ തന്നെ അന്വേഷണവും ഏല്പിച്ചതിനാൽ കൊമ്പാറോ അധികാരത്തിലുണ്ടായിരുന്ന കഴിഞ്ഞ 15 വർഷവും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണുണ്ടായത്. അൽ ക്വയിദ അടക്കമുള്ള അടക്കമുള്ള പല ഭീകരവാദ സംഘടനകളും ഇന്ന് ബുർക്കിനാഫാസോയിൽ സജീവമാണ് എന്നതുകൊണ്ട് ഈ കൊലപാതകക്കേസിൽ വിധി ഏതൊക്കെ പ്രതികരണങ്ങളാണ് രാജ്യത്തുണ്ടാക്കുക എന്നത് അപ്രവചനീയമാണ്.