ഒടുവിൽ 'മരങ്ങളുടെ അമ്മ' യാത്രയായി, ഒരു ലക്ഷത്തോളം മരങ്ങൾ നട്ടുവളർത്തിയ മുത്തശ്ശി, ആരാണ് തുളസി ​ഗൗഡ?

ജീവിതത്തിലെ അടിക്കടിയുള്ള തിരിച്ചടികൾ അവരെ ആകെ തളർത്തിയപ്പോൾ ദുഃഖം മറക്കാൻ കുടുതൽ സമയവും അവർ കാട്ടിൽ ചെലവഴിക്കാൻ തുടങ്ങി. വൃക്ഷങ്ങളെ സ്നേഹിക്കുന്നതിലൂടെയാണ് അവർ സ്വയം സമാധാനം കണ്ടെത്തിയത്.

who is Padma Shri awardee environmentalist Tulsi Gowda

ഇന്നലെയാണ് പത്മശ്രീ നൽകി രാജ്യം ആദരിച്ച പരിസ്ഥിതി പ്രവർത്തക തുളസി ​ഗൗഡ അന്തരിച്ചത്. 86 വയസായിരുന്നു അവർക്ക്. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു ഉത്തരകന്നഡ ജില്ലയിലെ ഹൊന്നാലിയിലെ വീട്ടിൽ വച്ച് അവരുടെ അന്ത്യം. ഒരു ലക്ഷത്തോളം മരങ്ങൾ നട്ടുവളർത്തിയ തുളസി ​ഗൗഡ 'കാടിന്റെ എൻസൈക്ലോപീഡിയ' എന്നും 'മരങ്ങളുടെ അമ്മ' എന്നും അറിയപ്പെടുന്നു. 2020 -ലാണ് രാജ്യം ഇവരെ പത്മശ്രീ നൽകി ആദരിച്ചത്. 

'മരങ്ങളുടെ അമ്മ' 

ചെടികളെയും, ഔഷധസസ്യങ്ങളെയും കുറിച്ച് ആഴത്തിലുള്ള അറിവാണ് ഈ മുത്തശ്ശിയെ 'വനത്തിൻ്റെ  വിജ്ഞാനകോശം' എന്ന് വിളിക്കാൻ കാരണമായത്. പതിറ്റാണ്ടായി മറ്റൊന്നും പ്രതീക്ഷിക്കാതെ മുത്തശ്ശി ചെടികളെ പോറ്റാൻ വേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവയ്ക്കുകയായിരുന്നു. വനംവകുപ്പ് നടത്തിയ വനവൽക്കരണ പരിപാടിയിൽ സജീവമായി പങ്കെടുത്തിരുന്ന അവർ 14 വർഷം അവിടെ സേവനമനുഷ്ഠിച്ചു. അതിൽ നിന്ന് കിട്ടുന്ന പെൻഷൻ മാത്രമായിരുന്നു ഏക വരുമാനം. 

1944 -ലാണ് ഹൊന്നല്ലി ഗ്രാമത്തിലെ ഹലാക്കി സമുദായത്തിലെ നാരായണന്‍റെയും നീലിയുടെയും മകളായി തുളസി ​ഗൗഡ ജനിക്കുന്നത്. കുട്ടിക്കാലം മുതലേ പരിസ്ഥിതിയെക്കുറിച്ച് കരുതലുണ്ടായിരുന്നു അവർക്ക്.

വെറും രണ്ട് വയസ്സുള്ളപ്പോൾ അച്ഛനെ നഷ്ടമായി. പിന്നീട് കടുത്ത ദാരിദ്ര്യത്തിലായി ജീവിതം. മറ്റ് മാർഗങ്ങളൊന്നും ഇല്ലാതെ, അവസാനം അമ്മയോടൊപ്പം ഒരു കൂലിത്തൊഴിലാളിയായി ജോലി ചെയ്തു. തീരെ ചെറുപ്പത്തിൽ തന്നെ അവർ ഒരു കുടുംബിനിയായി തീർന്നിരുന്നു. ‌എന്നാൽ, ദുരിതങ്ങൾ അവിടെ അവസാനിച്ചില്ല. കല്യാണം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ അവരൊരു വിധവയായി. 

ജീവിതത്തിലെ അടിക്കടിയുള്ള തിരിച്ചടികൾ അവരെ ആകെ തളർത്തിയപ്പോൾ ദുഃഖം മറക്കാൻ കുടുതൽ സമയവും അവർ കാട്ടിൽ ചെലവഴിക്കാൻ തുടങ്ങി. വൃക്ഷങ്ങളെ സ്നേഹിക്കുന്നതിലൂടെയാണ് അവർ സ്വയം സമാധാനം കണ്ടെത്തിയത്. പിന്നീട്, തൻ്റെ ജീവിത ലക്ഷ്യം ഇതാണ് എന്നവർ തിരിച്ചറിഞ്ഞു. അങ്ങനെ മരങ്ങളെയും വനത്തെയും സംരക്ഷിക്കുന്നതിനായി തുളസി ​ഗൗഡ സ്വന്തം ജീവിതം സമർപ്പിച്ചു.

താൻ നട്ടുപിടിപ്പിച്ച തൈകളുടെ ഏറ്റവും ചെറിയ കാര്യങ്ങൾ പോലും മുത്തശ്ശിക്ക് നല്ലപോലെ അറിയാം. ആ ചെടി വളരാൻ എടുക്കുന്ന സമയം, ഓരോ ചെടിക്കും ആവശ്യമായ വെള്ളത്തിൻ്റെ അളവ്, ചെടികളുടെ ഔഷധ ഗുണങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങളും മുത്തശ്ശിക്ക് കാണാപ്പാഠമാണ്. സസ്യങ്ങളെക്കുറിച്ച് ഒരു സസ്യശാസ്ത്രജ്ഞയോളം തന്നെ അറിവ് അവർക്ക് ഉണ്ട്. അതുപക്ഷേ, പുസ്തകത്തിൽ നോക്കി പഠിച്ച് നേടിയതല്ല, മറിച്ച്  സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് നേടിയെടുത്തതാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios