India@75 : ഇന്ത്യയെന്നാൽ അന്ധവിശ്വാസമെന്ന് കരുതിയ പാശ്ചാത്യലോകത്തെ അമ്പരപ്പിച്ച ശാസ്ത്രജ്ഞൻ

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ജഗദീഷ് ചന്ദ്ര ബോസിന്‍റെ ജീവിതം.

who is Jagadish Chandra Bose india at 75 special story

1895, നവംബർ... കൽക്കത്താ ടൗൺഹാൾ. പ്രസിഡൻസി കോളേജിലെ ഇന്ത്യക്കാരനായ ഒരു യുവ പ്രൊഫസ്സർ ഒരു ദിവ്യാത്ഭുതം അവതരിപ്പിക്കുന്നെന്ന് അറിഞ്ഞ് നിറഞ്ഞുകവിഞ്ഞ സദസ്സ്. തന്റെ ചില യന്ത്രസാമഗ്രികളുമായെത്തിയ പ്രൊഫസ്സർ ഒരു സ്വിച്ച് തൊട്ടപ്പോൾ പരസ്പരമായി ഒരു ബന്ധവും ഇല്ലാതെ 75 അടി അകലെയുള്ള  ഒരു ഒഴിഞ്ഞ മുറിയിൽ ഒരു വലിയ മണി ഒച്ച. ഒപ്പം ഒരു കൈത്തോക്ക് പൊട്ടി, ചെറിയ ബോംബ് സ്ഫോടനവും. സദസ്സും ലോകവും അമ്പരന്നു. വയർലെസ്സ് സംവേദനത്തിന്റെ പ്രഥമ പ്രായോഗികപരീക്ഷണം. ജഗദീഷ് ചന്ദ്ര ബോസ് (Jagadish Chandra Bose) എന്ന 36 -കാരനെ ലോകം ആദരിച്ചുതുടങ്ങുന്നത് അന്നാണ്.

ജഗദീഷ് ചന്ദ്ര ബോസ്, പ്രഫുല്ല ചന്ദ്ര റായ്, സി വി രാമൻ, ശ്രീനിവാസ രാമാനുജൻ, സത്യേന്ദ്രനാഥ് ബോസ്, മേഘനാദ് സാഹ... സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് തന്നെ ഇന്ത്യയുടെ ആത്മാഭിമാനവും ദേശീയബോധവും ഉത്തേജിപ്പിച്ച ശാസ്‌ത്രജ്‌ഞർ.  ഇന്ത്യയെന്നാൽ അന്ധവിശ്വാസമെന്ന കരുതിയ പാശ്ചാത്യലോകത്തെ അമ്പരപ്പിച്ചവർ.     

സമകാലികലോകത്തെ വിപ്ലവകരമായി മാറ്റിത്തീർത്തത് ഇലക്ട്രോണിക് സാങ്കേതികവിദ്യയാണ്. ഇതിന്റെ അടിസ്ഥാന ശിലയാണ്  "വയർലെസ്സ് കമ്യുണിക്കേഷൻ". വൈദ്യുതകാന്ത തരംഗങ്ങളിലൂടെയുള്ള വിദൂരസംവേദനം. വൈഫൈ മുതലായ അത്യാധുനിക സൗകര്യങ്ങളുടെയൊക്കെ അടിസ്ഥാനം. ഇതിന്റെ ആദ്യ ശില പാകിയത് ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനാണ്. അതും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്!  ആ ശാസ്തജ്ഞജനാണ് സാക്ഷാൽ ആചാര്യ  ജഗദീഷ് ചന്ദ്ര ബോസ് എന്ന സർ ജെ സി ബോസ്. റേഡിയോ സയൻസിന്റെ പിതാവ്.  ഇന്ത്യയിലെ ആദ്യ ശാസ്ത്രഗവേഷണസ്ഥാപനമായ ബോസ് ഇൻസ്റ്റിറ്റ്യൂട്ട്  സ്ഥാപകൻ. ചന്ദ്രഗ്രഹത്തിലെ ഒരു ഗർത്തത്തിനു പേരിട്ടിരിക്കുന്നത് ബോസ് എന്നാണ്.  

നോബൽ സമ്മാനിതനായ സാർ നെവിൽ മൊട്ട് ബോസിനെപ്പറ്റി എഴുതിയത് തന്റെ കാലത്തിനു ആറു ദശാബ്ദങ്ങളെങ്കിലും മുന്നേ സഞ്ചരിച്ച ആൾ എന്നായിരുന്നു. ആദ്യത്തെ സെമി കണ്ടക്ടർ ഉപകരണം കണ്ടുപിടിച്ചതും അദ്ദേഹം. 1904 ൽ അമേരിക്കൻ സാങ്കേതിക വിദ്യാ പേറ്റന്റ് ആദ്യമായി നേടിയ ഏഷ്യക്കാരനും അദ്ദേഹം.  

മെയ്, 1901. ലണ്ടനിലെ റോയൽ സൊസൈറ്റി. ഉന്നതശാസ്ത്രജ്ഞർ അടക്കമുള്ള സദസ്സിനു മുന്നിൽ ബോസ് തെളിയിച്ചത് സസ്യങ്ങളുടെ വൈകാരികലോകം. ഉർജ്ജതന്ത്രത്തിൽ മാത്രമല്ല സസ്യശാസ്ത്രത്തിലെ ബോസിന്റെ സംഭാവനയും അതുല്യം. സസ്യങ്ങൾക്ക് വികാരം ഉണ്ടാകാമെന്ന് കണ്ടെത്തിയത് ലോകത്തെ അമ്പരപ്പിച്ച്. ചെടികളുടെ വളർച്ച രേഖപ്പെടുത്തുന്ന ക്രെസ്‌കോഗ്രാഫും ബോസിന്റെ സംഭാവന.  

പി സി റേയെപ്പോലെ ബോസും ബംഗാളി നവോഥാനത്തിന്റെ സൃഷ്ടി. ഇന്ന് ബം​ഗ്ലാദേശിലുള്ള മുൻഷിഗഞ്ചിൽ ജനിച്ച ജഗദീഷിന്റെ മാതാപിതാക്കൾ വിദ്യാസമ്പന്നരും ബ്രഹ്മോസമാജ് പ്രവർത്തകരും. അന്നത്തെ ആദ്യ ബംഗാളികളിൽ നിന്ന് വ്യത്യസ്തമായി മകനെ ഇംഗ്ലീഷ് ബോധന ഭാഷയ്ക്ക് പകരം ബംഗാളിയിൽ പഠിപ്പിച്ചു അച്ഛൻ ഭഗവാൻ ചന്ദ്ര ബോസ്. കൽക്കത്തയിലെ സെന്റ് സേവിയേഴ്‌സ് കോളേജിൽ വിദ്യാഭ്യാസകാലത്ത് ബോസിനെ ജീവശാസ്ത്രത്തിന്റെ ലോകത്തേക്ക് ആനയിച്ചത് ഈശോ സഭാ പുരോഹിതനായ പ്രൊഫസർ ഫാദർ യൂജിൻ ലഫോണ്ട്. കേംബ്രിജിൽ ഉപരിവിദ്യാഭ്യാസം. മടങ്ങിവന്ന ബോസിനും അദ്ദേഹത്തിന്റെ ചങ്ങാതി പി സി റേയെപ്പോലെ ബ്രിട്ടീഷ് അധികാരികളിൽ നിന്ന് വിവേചനം നേരിടേണ്ടിവന്നു. പക്ഷേ, റേയെപ്പോലെ തന്നെ തങ്ങളുടെ അപാരമായ പ്രതിഭ കൊണ്ട് അവർ അതൊക്കെ അതിജീവിച്ചു. 

വൈഫൈ സാങ്കേതികവിദ്യയുടെ പിതാവെന്ന നിലയ്ക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കറൻസി നോട്ടിൽ ആലേഖനം ചെയ്യാൻ തീരുമാനിച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ബോസും ഉണ്ടായിരുന്നു. പതിനഞ്ച് പുസ്തകങ്ങൾ രചിച്ച ബോസാണ് ബംഗാളി ശാസ്ത്രസാഹിത്യശാഖയുടെയും ജനയിതാവ്.  1917 -ൽ ബ്രിട്ടൻ സർ പദവി നൽകി ആദരിച്ച ബോസ് 1937 -ൽ അന്തരിച്ചു. 
 

Latest Videos
Follow Us:
Download App:
  • android
  • ios