ഇസ്രയേലിന് ഉള്ളില്‍ കയറി അക്രമിക്കാന്‍ ധൈര്യം കാട്ടിയ ഹമാസിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങള്‍ ആരൊക്കെ ?

'രണ്ട് മസ്തിഷ്ക്കങ്ങളും ഒരു സൂത്രധാരനും' എന്ന് മാത്രമേ ഹമാസ് നേതൃത്വങ്ങള്‍ക്ക് പോലും പോരാട്ടത്തെ കുറിച്ച് അറിയൂവെന്ന് റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ( ഇസ്മായിൽ ഹനിയേയും യഹ്യ സിൻവാറും ചിത്രം ഗെറ്റി)

Who are the intelligence centers behind Hamas bkg


രാഷ്ട്രീയ പ്രശ്നങ്ങളില്‍ രാജ്യമെങ്ങും പ്രക്ഷോപങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു, ലോകത്തിലെ ഏറ്റവും വലിയ രഹസ്യ ശൃംഖലയെന്ന് പുകള്‍പെറ്റ ഇസ്രായേലിന്‍റെ ചാരസംഘടനയായ മൊസാദിന്‍റെ കണ്ണുകളെ പോലും കബളിപ്പിച്ച് ഹമാസ് സംഘാംഗങ്ങള്‍ ഇസ്രായേലിന്‍റെ അനിധിവേശ ഭൂമിയിലേക്ക് ഇരച്ചെത്തിയത്. സംഘം അക്രമണം അഴിച്ച് വിട്ടതിന് ശേഷമാണ് രാജ്യം അക്രമിക്കപ്പെട്ടെന്ന വിവരം പുറത്തറിഞ്ഞത് തന്നെ. ഇസ്രായേലും സഖ്യകക്ഷിയായ അമേരിക്കയും ഹമാസിന്‍റെ അപ്രതീക്ഷിത നീക്കത്തില്‍ നടുങ്ങിയെന്ന് രാഷ്ട്രത്തലവന്മാരുടെ വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു. പിന്നാലെ ഹമാസിന് ഇത്രയും ധൈര്യം എവിടെ നിന്നെന്ന ചോദ്യം ഉയര്‍ന്നു. ഒപ്പം ആരൊക്കെയാണ് ഈ അക്രമണത്തിന്‍റെ ബുദ്ധി കേന്ദ്രങ്ങളെന്ന ചോദ്യവും. 

സുന്നികളായ പലസ്തീനികള്‍ക്ക് ഷിയാ രാജ്യമായ ഇറാന്‍ സഹായം നല്‍കിയെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. സുന്നികളെ, സഹായിക്കാന്‍ ഇറാന്‍ ഏങ്ങനെ തയ്യാറായിയെന്ന അമ്പരപ്പിലായിരുന്നു ലോകം. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇറാന്‍റെ സാന്നിധ്യത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും അതിന് മതിയായ തെളിവുകളില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം ഹമാസിന്‍റെ നേതാക്കള്‍ക്ക് പോലും ഇത്തവണത്തെ പോരാട്ടത്തിന് ആരാണ് നേതൃത്വം വഹിക്കുന്നതെന്ന് അറിയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. 'രണ്ട് മസ്തിഷ്ക്കങ്ങളും ഒരു സൂത്രധാരനും' എന്ന് മാത്രമേ ഹമാസ് നേതൃത്വങ്ങള്‍ക്ക് പോലും പോരാട്ടത്തെ കുറിച്ച് അറിയൂവെന്ന് റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹമാസിന്‍റെ അൽ ഖസ്സാം ബ്രിഗേഡ്‌സിന്‍റെ കമാൻഡർ മുഹമ്മദ് ദെയ്ഫ്, ഗാസയിലെ ഹമാസ് നേതാവ് യെഹ്‌യ സിൻവാറുമായി ചേർന്ന് സംയുക്തമായാണ് ആക്രമണത്തിന് തീരുമാനമെടുത്തതെന്ന് ഹമാസിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഹമാസിന്‍റെ സാമ്പത്തിക, പരിശീലനം, ആയുധം എന്നിവയുടെ പ്രധാന സ്രോതസ്സായ ഇറാന്, അക്രമണത്തെ കുറിച്ച് അറിയാമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം പലസ്തീൻ നേതൃത്വം, ഇറാന്‍റെ പിന്തുണയുള്ള ലെബനീസ് തീവ്രവാദികളായ ഹിസ്ബുള്ള, ഇറാൻ എന്നിവരുൾപ്പെടുന്ന സംയുക്ത ഓപ്പറേഷൻ റൂമുകളിലൊന്നും ഇത്രയും വലിയൊരു ആക്രമണത്തെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇതിനിടെ ഇസ്രയേലിനെതിരായ ആക്രമണത്തിൽ ടെഹ്‌റാന് പങ്കില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവ് അലി ഖാംനഈ ചൊവ്വാഴ്ച അവകാശപ്പെട്ടു. ഇറാന്‍റെ നേരിട്ടുള്ള പങ്കാളിത്തത്തിന് തെളിവില്ലെന്ന് യുഎസും പറഞ്ഞു. അതേസമയം ഹമാസ് നേതാവ് അലി ബറകയെ ഉദ്ധരിച്ച് കൊണ്ട് റോയിട്ടേഴ്സ് പറയുന്നത് ഹമാസ് രണ്ട് വര്‍ഷമായി ഈ യുദ്ധത്തിനുള്ള തയ്യാറെടുപ്പിലായിരുന്നെന്നാണ്. ഇപ്പോഴത്തെ ഹമാസ് ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രധാനമായും മൂന്ന് നേതാക്കളാണ് ഉള്ളതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇസ്മായിൽ ഹനിയേ, മുഹമ്മദ് ദെയ്ഫ്, യഹ്യ സിൻവാർ എന്നീ മൂന്ന് പേരുകളാണ് വാഷിംഗ്ടണ്‍ പോസ്റ്റ് മുന്നോട്ട് വയ്ക്കുന്നത്. 

75 വര്‍ഷം 18 യുദ്ധങ്ങള്‍; പതിനായിരങ്ങള്‍ മരിച്ച് വീണ മിഡില്‍ ഈസ്റ്റ് എന്ന യുദ്ധഭൂമി

Who are the intelligence centers behind Hamas bkg

(മുഹമ്മദ് ദെയ്ഫിന്‍റെതായി വിദേശ മാധ്യമങ്ങള്‍ പുറത്ത് വിട്ട ചിത്രം)

മുഹമ്മദ് ദെയ്ഫ്

1991-ൽ രൂപീകൃതമായ ഹമാസിന്‍റെ സൈനിക വിഭാഗമായ ഇസ്സെദീൻ അൽ-ഖസ്സാം ബ്രിഗേഡിന്‍റെ നിഴൽ നേതാവായാണ് മുഹമ്മദ് ദെയ്ഫ് അറിയപ്പെടുന്നത്. പൊതുമധ്യത്തില്‍ വരാത്ത മുഹമ്മദ് ദെയ്ഫ് എന്ന എഞ്ചിനീയറിംഗ് ബിരുദധാരിയാണ് പുതിയ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രമെന്നും കരുതപ്പെടുന്നു. ഇന്ന് ഹമാസിന്‍റെ സൈനിക വിഭാഗത്തിന്‍റെ തലവനായി ദെയ്ഫ് അറിയപ്പെടുന്നു. "ഇസ്രായേലിനെതിരെ ചാവേർ ബോംബർമാരെ വിന്യസിക്കുന്നതിനും സൈനികരെ തട്ടിക്കൊണ്ടുപോകുന്നതിന് നേതൃത്വം നൽകുന്നതും" മുഹമ്മദ് ദെയ്ഫാണെന്ന് യുഎസ് ആരോപിക്കുന്നു. മുഹമ്മദ് ദെയ്ഫ് പൊതുവേദികള്‍ പങ്കിടാത്ത ആളാണെന്ന് അസോസിയേറ്റഡ് പ്രസ്  റിപ്പോര്‍ട്ട് ചെയ്യുന്നു. വെറും മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഇയാളുടെതായി പുറത്ത് വന്നിട്ടുള്ളത്. ഒന്ന് ഇരുപത് വയസിന് മുമ്പുള്ളത്. രണ്ട് ഇസ്രായേല്‍ പട്ടാളം 16 മാസത്തോളം തടവില്‍ ഇടുന്നതിന് മുമ്പ് എടുത്തത്. മൂന്നാമത്തേത് മുഖം മൂടി ധരിച്ച ഒരു നിഴല്‍ ചിത്രം. 2006-ലെ ഇസ്രായേൽ ആക്രമണത്തില്‍ ദെയ്ഫിന്‍റെ കാലിന് പരിക്കേറ്റെന്നും ഇന്ന് ഇയാള്‍ വീല്‍ചെയറിന്‍റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും പുതിയ ഹമാസ് ആക്രമണത്തിന് ശേഷം "ഇന്ന് ജനങ്ങൾ അവരുടെ വിപ്ലവം വീണ്ടെടുക്കുകയാണ്." എന്ന മുഹമ്മദ് ദെയ്ഫിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നു. "അൽ-അഖ്സ കൊടുങ്കാറ്റ്" എന്നാണ് പുതിയ ആക്രമണത്തെ ദെയ്ഫ് വിശേഷിപ്പിച്ചത്. 2021 ലെ വിശുദ്ധമാസത്തില്‍ ഇസ്രായേല്‍ സൈന്യം അക്രമിച്ച അൽ-അഖ്സ മസ്ജിദ് ആക്രമണത്തില്‍ നിന്നാണ് ഇയാള്‍ ഏറ്റവും പുതിയ ആക്രമണത്തിന് പേര് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

മുഹമ്മദ് ദെയ്ഫിനെ വധിക്കാന്‍ ഇസ്രായേലും  മൊസാദും നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു. 2014 ല്‍ ദെയ്ഫിന്‍റെ ഭാര്യയെയും കൈക്കുഞ്ഞിനെയും ഇസ്രായേല്‍ സേന കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണത്തില്‍ ദെയ്ഫിന്‍റെ  കുടുംബ വീട് ആക്രമിച്ച ഇസ്രായേല്‍ സംഘം അദ്ദേഹത്തിന്‍റെ സഹോദരനെ കൊലപ്പെടുത്തി. 2014 ലെ യുദ്ധത്തില്‍ ഇയാള്‍ സജീവമായി പങ്കെടുത്തിരുന്നെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. ഹമാസിന് നുഴഞ്ഞ് കയറാന്‍ പദ്ധതി തയ്യാറാക്കിയതും ഗാസയിലെ അസംഖ്യം തുരങ്കങ്ങള്‍ക്ക് പിന്നിലും ഇയാളാണെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. ഗാസയിലെ അജ്ഞാത തുരങ്കത്തിലിരുന്നാണ് ദെയ്ഫ് പുതിയ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും ഇസ്രായേല്‍ സേന ആരോപിക്കുന്നു. 

യഹ്യ സിൻവാർ

ഗാസയിലെ ഹമാസിന്‍റെ മറ്റൊരു രാഷ്ട്രീയ നേതാവാണ് യഹ്യ സിൻവാർ. 1962-ൽ ജനിച്ച സിൻവാർ, പിന്നീട് ഇസെദീൻ അൽ-ഖസ്സാം ബ്രിഗേഡ് എന്ന് പേരുമാറിയ സംഘടനയുടെ നേതാവാണ്. 1980 കളുടെ അവസാനത്തിൽ രണ്ട് ഇസ്രായേലി സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് യഹ്യ സിൻവാർ തടവിലാക്കപ്പെട്ടു. 2011-ൽ തട്ടിക്കൊണ്ടുപോയ ഇസ്രായേൽ സൈനികൻ ഗിലാഡ് ഷാലിറ്റിന്‍റെ മോചനത്തിനായി ഇസ്രായേല്‍ ഇയാളെ വിട്ടയക്കുകയായിരുന്നു.  2015 -ൽ മുഹമ്മദ് ദെയ്ഫിനൊപ്പം സിൻവാറിനെയും യുഎസ് ഭീകരനായി പ്രഖ്യാപിച്ചു. അതേ സമയം 2018 ലും 2019 ലും അതിർത്തി സംഘർഷങ്ങളുണ്ടായപ്പോള്‍ ഈജിപ്തിന്‍റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥത ചര്‍ച്ചകളെ യഹ്യ സിൻവാർ അനുകൂലിച്ചു. 2021-ൽ ഗാസ മുനമ്പിന്‍റെ തെക്ക് ഭാഗത്തുള്ള സിൻവാറിന്‍റെ വീടും ഓഫീസും ഇസ്രായേല്‍ അക്രമിച്ചു. അതേ സമയം ഗാസയിലെ മാനുഷികവും സാമ്പത്തികവുമായ സാഹചര്യം മെച്ചപ്പെടുത്താൻ യഹ്യ സിൻവാർ ശ്രമിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇസ്മായിൽ ഹനിയേ

ഹമാസിന്‍റെ രാഷ്ട്രീയ നേതാവായ ഇസ്മായിൽ ഹനിയേ 2019 മുതൽ വിദേശത്താണെന്ന് മാത്രം വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. എന്നാല്‍ കോടിപതിയായ ഇസ്മായിൽ ഹനിയേ ഖത്തറില്‍ സുഖ ജീവിതത്തിലാണെന്ന് എക്ണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2004 -ൽ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗ്രൂപ്പിന്‍റെ സ്ഥാപകൻ അഹമ്മദ് യാസിന്‍റെ പ്രധാന സഹായിയായിരുന്നു ഇസ്മായിൽ ഹനിയേയെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 2006-ൽ വെസ്റ്റ് ബാങ്ക് നിയന്ത്രിച്ചിരുന്ന എതിരാളികളായ ഫതഹ് രാഷ്ട്രീയ പാർട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാണ് ഹമാസ് ഗാസയിൽ അധികാരത്തിലെത്തിയത്. പിന്നീടിങ്ങോട്ട് ഗാസയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. 2017-ൽ ഹമാസിന്‍റെ പൊളിറ്റിക്കൽ ബ്യൂറോയുടെ പ്രസിഡന്‍റായി ഹനിയേ തെരഞ്ഞെടുക്കപ്പെട്ടു. 2021-ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് 2018-ൽ ഹനിയയെ തീവ്രവാദിയായി പ്രഖ്യാപിച്ചു.  “ഹനിയയ്ക്ക് ഹമാസിന്‍റെ സൈനിക വിഭാഗവുമായി ബന്ധമുണ്ട്, കൂടാതെ സായുധ പോരാട്ടത്തിന്‍റെ വക്താവാണ്. . .” യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

വെറും നാല് ദിവസം; നടന്നത് ഇസ്രായേലിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സിവിലിയൻ കൂട്ടക്കൊല !


 

Latest Videos
Follow Us:
Download App:
  • android
  • ios