കമലാ ഹാരിസ് എന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ബൈഡന്റെ 'റണ്ണിങ് മേറ്റി'ന്റെ ഇന്ത്യൻ കണക്ഷൻ എന്താണ് ?

ജഡ്ജായിരുന്ന കാലത്ത് കറുത്തവർഗക്കാർക്ക് നീതി നേടിക്കൊടുക്കാതിരുന്ന കമല ഇനി ഉപരാഷ്ട്രപതി പദത്തിലേറിയാൽ തന്നെ അതുറപ്പുവരുത്തുമെന്ന് എങ്ങനെ പ്രതീക്ഷിക്കാമെന്നാണ് വിമർശകരുടെ ചോദ്യം.

What is the indian connection of Kamala Harris, the running mate of Joe Biden in US Presidential Election

കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്ന് വന്ന ഒരു വാർത്ത ഇന്ത്യൻ മാധ്യമങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉള്ള താത്പര്യം ഇരട്ടിപ്പിക്കുന്ന ഒന്നായിരുന്നു. ' 2020 നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ ജോ ബൈഡൻ തന്റെ റണ്ണിങ് മേറ്റ് ആയി കമലാ ഹാരിസ് എന്ന കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററെ ആണ്. റണ്ണിങ് മേറ്റ് എന്ന് വെച്ചാൽ അമേരിക്കൻ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ ഒപ്പം ചേർന്ന് എതിരാളികളുമായി മത്സരിക്കുന്ന ആൾ എന്നാണ്. പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ റണ്ണിങ് മേറ്റ് ആണ്, തെരഞ്ഞെടുപ്പിൽ ജയിച്ചാൽ പിന്നീട് വൈസ് പ്രസിഡന്റ് ആവുക. 

ആരാണ് കമലാ ഹാരിസ്?

കമലാ ഹാരിസ് ജനിച്ചതും വളർന്നതും ഒക്കെ അമേരിക്കൻ മണ്ണിൽ തന്നെയാണ്. അവരുടെ മുഴുവൻ പേര് കമലാ ദേവി ഹാരിസ് എന്നാണ്. 1964 ഒക്ടോബർ 20 -ന് കാലിഫോർണിയയിലെ ഓക്‌ലാന്‍ഡിലാണ് ജനനം. കമലയുടെ അമ്മ ശ്യാമള ഗോപാലൻ ജനിച്ചത് അവിഭക്ത ഇന്ത്യയിലെ മദ്രാസ് പ്രെസിഡെൻസിയിൽ ആയിരുന്നു. ബ്രിട്ടീഷ് സർവീസിൽ ഉന്നതോദ്യോഗസ്ഥനായിരുന്ന പിവി ഗോപാലനും രാജത്തിനും ജനിച്ച നാലുമക്കളിൽ  ഒരാളായിരുന്നു ശ്യാമള. മകനെന്നോ മകളെന്നോ ഭേദമില്ലാതെ നാലുപേരെയും എത്ര പഠിക്കാൻ ആഗ്രഹിക്കുന്നുവോ അത്രയും പഠിപ്പിക്കാം എന്ന മനസ്സുള്ളവരായിരുന്നു ശ്യാമളയുടെ അച്ഛനുമമ്മയും. ആദ്യം ലേഡി ഇർവിൻ കോളേജിൽ നിന്ന് ബിരുദമെടുത്ത ശേഷം, വീട്ടിൽ നിന്ന് വിവാഹം കഴിക്കാനുണ്ടായ സമ്മർദ്ദത്തെ മറികടക്കാൻ വേണ്ടിയാണ് ശ്യാമള അമേരിക്കയിലെ ബെര്‍ക്ക്‌ലി കോളേജിൽ ഉന്നത പഠനത്തിനുള്ള അവസരം തരപ്പെടുത്തുന്നത്. 

 

What is the indian connection of Kamala Harris, the running mate of Joe Biden in US Presidential Election

 

യുസി ബെര്‍ക്ക്‌ലിയുടെ സുവോളജി വിഭാഗത്തിലും അവിടത്തെ കാൻസർ റിസർച്ച് ലാബിലും ഒക്കെയായിട്ടതാണ് ശ്യാമള തന്റെ ഗവേഷണം നടത്തിയത്. ബെര്‍ക്ക്‌ലിയിൽ വെച്ചാണ് ശ്യാമള തന്റെ ഭാവി വരനാകാനിരുന്ന ജമൈക്കൻ വിദ്യാർത്ഥി ഡൊണാൾഡ് ഹാരിസിനെ പരിചയപ്പെടുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ ഉപരിപഠനത്തിനായാണ് ഹാരിസ് ബെർക്ക്ലിയിൽ എത്തിയത്. ആദ്യമൊന്നും അവർക്ക് തമ്മിൽ യാതൊരു പരിചയവും ഉണ്ടായിരുന്നില്ല. ഹാരിസ് എക്കണോമിക്സ് വിഭാഗത്തിലും, ശ്യാമള സുവോളജി ഡിപ്പാർട്ട്മെന്റിലും പഠിത്തത്തിൽ മുഴുകി.

അങ്ങനെയിരിക്കെയാണ് ബെര്‍ക്ക്‌ലിയെ പിടിച്ചു കുലുക്കിയ കറുത്തവർഗക്കാരായ വിദ്യാർത്ഥികളുടെ ഒരു സമരമുണ്ടാകുന്നത്. സിലബസിൽ ബ്ലാക്ക് എഴുത്തുകാരുടെ കൃതികളെ അവഗണിക്കുന്നു എന്നാരോപിച്ചു നടത്തിയ ആ ഐതിഹാസിക സമരത്തിൽ ശ്യാമളയും പങ്കെടുത്തു. സമരം പുരോഗമിക്കെ രണ്ടു ഹൃദയങ്ങൾ തമ്മിലും കൊരുത്തു തുടങ്ങിയിരുന്നു. അധികം താമസിയാതെ തന്നെ ശ്യാമളയും ഹാരിസും പ്രണയ മിഥുനങ്ങളായി ക്യാമ്പസിൽ അറിയപ്പെടാൻ തുടങ്ങി. പഠിത്തം പൂർത്തിയാകും മുമ്പുതന്നെ ഇരുവരും വിവാഹിതരാകാൻ ഉറപ്പിച്ചിരുന്നു. അത് ശ്യാമളയുടെ കുടുംബത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ  'ലവ് മാരേജ്' ആയിരുന്നു. 1964 -ൽ തന്റെ ഇരുപത്താറാം വയസ്സിൽ, പിഎച്ച്ഡി പൂർത്തിയാക്കുമ്പോഴേക്കും ശ്യാമളാദേവിക്ക് ആദ്യത്തെ കുഞ്ഞു പിറന്നു. അവർ ആ കുഞ്ഞിന് കമലാ ദേവി ഹാരിസ് എന്ന് പേരിട്ടു.

 

image.png

 
തുടർന്നുള്ള വർഷങ്ങളിൽ മായാദേവി ഹാരിസ് എന്ന ഒരു കുഞ്ഞുകൂടി ശ്യാമളക്ക് പിറക്കുന്നുണ്ട്. എന്നാൽ, കമലക്ക് ഏഴുവയസ്സുള്ളപ്പോഴേക്കും തന്നെ അച്ഛനും അമ്മയും തമ്മിൽ വേർപിരിഞ്ഞു കഴിഞ്ഞിരുന്നു. അവർ അവരവരുടെ തിരക്കിട്ട ഔദ്യോഗിക ജീവിതങ്ങളിൽ പൂർണമായും മുഴുകിയും കഴിഞ്ഞിരുന്നു. ശ്യാമള അപ്പോഴേക്കും അമേരിക്കയിലെ അറിയപ്പെടുന്ന കാൻസർ ഗവേഷക ആയിക്കഴിഞ്ഞിരുന്നു. ഡൊണാൾഡ് ആകട്ടെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനും. വിവാഹമോചനക്കേസ് കഴിഞ്ഞപ്പോഴേക്കും രണ്ടു പെൺകുഞ്ഞുങ്ങളുടെയും കസ്റ്റഡി അവകാശം കോടതി അനുവദിച്ചു നൽകിയത് ശ്യാമളക്കായിരുന്നു

.

image.png

 

ഗവേഷകയായ ആ അമ്മ ഒറ്റക്ക് തന്നെ തന്റെ രണ്ടു കുഞ്ഞുങ്ങളെയും വളർത്തി. ഇടയ്ക്കിടെ തന്റെ റിസർച്ച് ലാബിൽ കൂട്ടിക്കൊണ്ടു പോയി. താൻ പങ്കെടുത്തിരുന്ന ബ്ലാക്ക് റൈറ്റ്സ് LGBTQ മാർച്ചുകളിലും അവർ കമലയെയും മായയെയും കൂടെക്കൂട്ടി. വീട്ടിലെ വിശാലമായ ലൈബ്രറിയിൽ അവർ കുഞ്ഞുങ്ങൾക്ക് പുസ്തകങ്ങളെ പരിചയപ്പെടുത്തി. കമലക്ക് താത്പര്യം നിയമം പഠിക്കാനായിരുന്നു. അതിൽ അവൾ മിടുക്കിയുമായിരുന്നു. 2004 -ൽ കമല ഹാരിസ് സാൻഫ്രാൻസിസ്കോ ഡിസ്ട്രിക്റ്റ് അറ്റോർണി ആയി തെരഞ്ഞെടുക്കപ്പെട്ടു. 

 

image.png


2011 മുതൽ 2017 വരെ കമല കാലിഫോർണിയയുടെ അറ്റോർണി ജനറൽ ആയിരുന്നു. 2016 -ൾ കമലയെ അമേരിക്കൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കാലിഫോർണിയൻ പ്രൈമറികളിൽ അമേരിക്കൻ പ്രസിഡന്റാകാനുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ കമലയുടെ പേരും ഉയർന്നു വന്നിരുന്നു. കമല മത്സരിക്കാനും തയ്യാറായി. എന്നാൽ, ആ കാമ്പെയ്ൻ അധികം മുന്നോട്ട് പോയില്ല. കമല തന്റെ നോമിനേഷൻ പിൻവലിച്ചു. 

 

image.png

 

അതിനുശേഷമാണ് ഇപ്പോൾ ബൈഡനിൽ നിന്ന് തന്റെ റണ്ണിങ് മേറ്റ് ആയി കമലാ ഹാരിസിനെ തെരഞ്ഞെടുത്തത്. ആ സ്ഥാനത്തേക്ക് ഒരു സ്ത്രീ കടന്നു വരണമെന്നാണ് താനാഗ്രഹിക്കുന്നത് എന്ന് ബൈഡൻ ആദ്യമേ പ്രഖ്യാപിച്ചിരുന്നു. ബൈഡന്റെ മുന്നിൽ റണ്ണിങ് മേറ്റ് ആക്കാൻ എലിസബത്ത് വാറെൻ, സ്‌റ്റെയ്‌സി അബ്രാംസ്, സൂസൻ റൈസ്, കമല ഹാരിസ് എന്നിങ്ങനെ പല ഓപ്‌ഷൻസും ഉണ്ടായിരുന്നു. പതിനെട്ടു ലക്ഷത്തോളം ഇന്ത്യൻ വംശജരുണ്ട് അമേരിക്കയിൽ വോട്ടവകാശമുള്ളവരായി. കമലയുടെ ഏഷ്യൻ അമേരിക്കൻ പശ്ചാത്തലം തനിക്ക് ആ വോട്ടുകൾ കൂടി നേടിത്തരും എന്നാണ് ബൈഡന്റെ കണക്കുകൂട്ടൽ. 

 

image.png

 

അത് മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളിൽ, ഫ്ലോയിഡിന്റെ മരണത്തിനു ശേഷം അമേരിക്കയിൽ നടന്ന 'ബ്ലാക്ക് ലൈവ്‌സ് മാറ്റർ' പ്രതിഷേധങ്ങളുടെ ഫലമായി അമേരിക്കയിൽ ഒരു റിപ്പബ്ലിക്കൻ, ട്രംപ്  വിരുദ്ധ വികാരം അലയടിക്കുന്നുണ്ട്. ബ്ലാക്ക് വംശീയ പശ്ചാത്തലം അവകാശപ്പെടാൻ കഴിയുന്ന കമല ഹാരിസ് ബൈഡനോടൊപ്പം ചേരുന്നത് ആ വോട്ടുകളുടെ ഏകീകരണത്തിനു കാരണമായേക്കാം എന്നും ഡെമോക്രാറ്റിക് പക്ഷം പ്രതീക്ഷിക്കുന്നുണ്ട്. നല്ലൊരു ഡിബേറ്റർ ആയ കമല ഹാരിസിന്റെ സാന്നിധ്യം ട്രംപിന്റെ അക്രമാസക്തമായ സംവാദ ശൈലിയെ ചെറുത്തുനിൽക്കാൻ ബൈഡൻ പക്ഷത്തിനെ സഹായിക്കും എന്നും അവർ പ്രതീക്ഷിക്കുന്നു.

image.png

 

ചില വിവാദങ്ങൾ കമലയുടെ വംശീയസ്വതവുമായി ബന്ധപെടുത്തിക്കൊണ്ട് റിപ്പബ്ലിക്കൻ പാർട്ടിക്കാർ ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട്. അതിൽ ഒന്ന്, അച്ഛൻ ജമൈക്കനും, അമ്മ ഇന്ത്യനും ആയതിനാൽ കമലയെ ആഫ്രോ-അമേരിക്കൻ എന്ന ഗണത്തിൽ പെടുത്താൻ സാധിക്കില്ല എന്നതാണ്. രണ്ട്, കമലയുടെ അമ്മൂമ്മ ഐറിഷ് ആണ്. അവർക്ക് അവിടെ പഞ്ചസാര മില്ലുകളുണ്ടായിരുന്നു. അവിടെ തൊഴിലാളികളെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചിരുന്നു എന്ന ആരോപണം നിലവിലുണ്ട്. ആ കുടുംബ പശ്ചാത്തലമുള്ള കമല എങ്ങനെയാണ് പിന്നെ സ്ഥിതിസമത്വത്തെപ്പറ്റി സംസാരിക്കുന്നത് എന്നാണ് അടുത്ത ആരോപണം. അടുത്ത ആക്ഷേപം, കമല ജഡ്ജായിരുന്ന കാലത്തെ കേസുകളുമായി ബന്ധിപ്പിച്ചുള്ളതാണ്. അക്കാലത്ത് പൊലീസുകാർ നിരപരാധികളെ വെടിവെച്ചു കൊന്ന നിരവധി കേസുകൾ കമലയുടെ പരിഗണനക്ക് വന്നിട്ടും ചുരുക്കം ചിലതിൽ മാത്രമേ പരാതിക്കാർക്ക് നീതി കിട്ടിയിട്ടുള്ളൂ എന്നാണ് റിപ്പബ്ലിക്കൻ പാർട്ടിക്കാർ പറയുന്നത്. ജഡ്ജായിരുന്ന കാലത്ത് കറുത്തവർഗക്കാർക്ക് നീതി നേടിക്കൊടുക്കാതിരുന്ന കമല ഇനി വൈസ് പ്രസിഡന്റ് പദത്തിലേറിയാൽ തന്നെ അതുറപ്പുവരുത്തുമെന്ന് എങ്ങനെ പ്രതീക്ഷിക്കാമെന്നാണ് വിമർശകരുടെ ചോദ്യം.

ബൈഡൻ തെരഞ്ഞെടുപ്പ് ജയിച്ചാൽ കമല ഉവൈസ് പ്രസിഡന്റാകും. അടുത്ത ഊഴത്തിൽ വേണമെങ്കിൽ പ്രസിഡന്റ് പോലും ആകാനിടയുണ്ട്. അതൊക്കെ വളരെ കടന്നുള്ള കാര്യങ്ങളാണ്. അതിനൊക്കെ തുടക്കമാവുക നവംബർ മൂന്നിന് നടക്കാൻ പോകുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ്. അതിൽ കമലയുടെ പ്രകടനം, ബൈഡന്റെ പ്രകടനം, ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രകടനം എങ്ങനെയുണ്ടാകും എന്നതിനെ ആശ്രയിച്ചാണ് അതിന്റെയൊക്കെ സാദ്ധ്യതകൾ നിശ്ചയിക്കപ്പെടുക. അത് കാത്തിരുന്നുതന്നെ കാണേണ്ട  ഒന്നാണ്. 

 

Latest Videos
Follow Us:
Download App:
  • android
  • ios