സോഷ്യൽമീഡിയയിൽ സഹതാപം നേടാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ? അറിഞ്ഞിരിക്കണം 'സാഡ്ഫിഷിംഗി'നെ കുറിച്ച്
ഒരാൾ ജീവിതം മടുത്തു എന്ന് പറഞ്ഞ് പോസ്റ്റിട്ടാൽ ശരിക്കും അയാൾക്ക് നമ്മുടെ പിന്തുണ ആവശ്യമുണ്ടോ, അതോ സഹതാപത്തിന് വേണ്ടി വെറുതെ ചെയ്യുന്നതാണോ (സാഡ്ഫിഷിംഗ്) എന്ന ശങ്ക ആളുകളുടെയിടയിലുണ്ടാക്കാം. നിരന്തരം ഇത്തരം സഹതാപവും അറ്റൻഷനും ആഗ്രഹിക്കുന്ന അനേകം പോസ്റ്റുകൾ കണ്ട് മടുത്തവർ ഇതും അവഗണിച്ചേക്കാം.
സോഷ്യൽ മീഡിയയിൽ എപ്പോഴും സങ്കടം പറയുന്നവരുണ്ട്. ചിലരത് ചെയ്യുന്നത് സഹതാപം കിട്ടാനും ശ്രദ്ധ കിട്ടാനുമാണ്. അതുമായി ബന്ധപ്പെട്ട ഒരു വാക്കാണ് 'സാഡ്ഫിഷിംഗ്'. എന്താണീ സാഡ്ഫിഷിംഗ്? തങ്ങളുടെ ദുഃഖങ്ങളും പ്രയാസങ്ങളുമെല്ലാം വളരെ വലുതാക്കി കാണിച്ചുകൊണ്ട് മനപ്പൂർവം ആളുകളുടെ സഹതാപം നേടിയെടുക്കുന്നതിനെയാണ് സാഡ്ഫിഷിംഗ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്.
അത്തരത്തിലുള്ള അനേകം പോസ്റ്റ് ഓരോ ദിവസവും നാം കാണുന്നുണ്ടാവും. ചിത്രങ്ങളുടെ കാപ്ഷനിൽ പോലും മനപ്പൂർവം ആളുകളുടെ ശ്രദ്ധയാകർഷിക്കാനും സഹതാപം നേടാനും വേണ്ടിയുള്ള വരികളെഴുതുന്നവരേയും, ഓരോ പോസ്റ്റിലും വേദനയും വിഷമവും ചതിക്കപ്പെട്ടതിനെ കുറിച്ചും ഒക്കെ പറയുന്നവരും എല്ലാം അതിൽ പെടുന്നു.
2019 -ൽ ജേണലിസ്റ്റ് റെബേക്ക റീഡ് ആണ് 'സാഡ്ഫിഷിംഗ്' എന്ന പദം ആദ്യമായി പ്രയോഗിച്ചത്. മോഡലും മീഡിയ പേഴ്സണാലിറ്റിയുമായ കെൻഡൽ ജെന്നർ തന്റെ മുഖത്തെ കുരുവിനെ കുറിച്ച് നിരന്തരം പോസ്റ്റ് ചെയ്തതിനെ 'മാർക്കറ്റിംഗ് കാമ്പയിനെ'ന്നാണ് റീഡ് വിശേഷിപ്പിച്ചത്.
ഓൺലൈനിൽ 'അറ്റൻഷൻ സീക്കിംഗി'ന് വേണ്ടിയാണ് ആളുകൾ ഇത്തരം കാര്യങ്ങൾ നിരന്തരം പറയുന്നതെന്നും റീഡ് വാദിക്കുന്നു. എന്നാൽ, ശ്രദ്ധയ്ക്ക് വേണ്ടി ആഗ്രഹിക്കുന്നത് തെറ്റല്ലെന്നും റീഡ് പറയുന്നുണ്ട്. പക്ഷേ, ചെറിയ കാര്യങ്ങൾ പർവതീകരിച്ച് സഹതാപം നേടിയെടുക്കാൻ ശ്രമിക്കുന്നവർക്കിയിടയിൽ യഥാർത്ഥ പ്രശ്നങ്ങളുള്ളവർ മുങ്ങിപ്പോകും എന്നതാണ് 'സാഡ്ഫിഷിംഗി'ന്റെ ദൂഷ്യഫലം.
യഥാർത്ഥ പ്രശ്നമുള്ളവരെ 'സാഡ്ഫിഷിംഗ്' നടത്തുകയാണ് എന്ന് കരുതി തള്ളിക്കളയുന്ന സാഹചര്യമുണ്ടാവാനും സാധ്യതയുണ്ട് എന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ഉദാഹരണത്തിന് ഒരാൾ ജീവിതം മടുത്തു എന്ന് പറഞ്ഞ് പോസ്റ്റിട്ടാൽ ശരിക്കും അയാൾക്ക് നമ്മുടെ പിന്തുണ ആവശ്യമുണ്ടോ, അതോ സഹതാപത്തിന് വേണ്ടി വെറുതെ ചെയ്യുന്നതാണോ (സാഡ്ഫിഷിംഗ്) എന്ന ശങ്ക ആളുകളുടെയിടയിലുണ്ടാക്കാം. നിരന്തരം ഇത്തരം സഹതാപവും അറ്റൻഷനും ആഗ്രഹിക്കുന്ന അനേകം പോസ്റ്റുകൾ കണ്ട് മടുത്തവർ ഇതും അവഗണിച്ചേക്കാം. വെറും 'അറ്റൻഷൻസീക്കിംഗിനുള്ള നാടകം' എന്നും പറഞ്ഞ് അവരെ പരിഹസിച്ചേക്കാം. ഇത് പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരെ മാനസികമായി തളർത്തും. അവരുടെ മാനസികനില മോശമാക്കും. ഇതും 'സാഡ്ഫിഷിംഗി'ന്റെ മോശം ഫലമാണ്.
'സാഡ്ഫിഷിംഗ്' വിവിധ തരം ചൂഷണങ്ങൾക്ക് വഴിയൊരുക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. സഹതാപം നേടാനായി നിരന്തരം ദുഃഖകഥകൾ പറയുന്നവരെ ചൂഷകർ എളുപ്പത്തിൽ വലയിലാക്കാമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാൽ, ഇന്ന് ഓൺലൈൻ സമൂഹത്തിൽ സാഡ്ഫിഷിംഗും, അതുവഴി മുതലെടുപ്പ് നടത്തുന്നവരും, സ്വയം മാർക്കറ്റ് ചെയ്യുന്നവരും ഇഷ്ടം പോലെയുണ്ട് എന്നതാണ് സത്യം.