'ലാവൻഡർ വിവാഹം' തിരഞ്ഞെടുക്കുന്നവരും കൂടുന്നു? എന്താണീ വിവാഹങ്ങളുടെ പ്രത്യേകത
എതിർലിംഗത്തിൽ പെട്ടയാളുമായി വിവാഹത്തിലായിരിക്കെ തന്നെ അവരുമായി യാതൊരു തരത്തിലുള്ള പ്രണയമോ, ശാരീരികബന്ധമോ, ആ തരത്തിലുള്ള അടുപ്പമോ ഉണ്ടാകില്ല.
സ്വവർഗാനുരാഗികളടക്കമുള്ള മനുഷ്യർ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് വീട്ടുകാരും നാട്ടുകാരും വിവാഹത്തിന് നിർബന്ധിക്കുന്നു എന്നത്. എത്ര നിർബന്ധിച്ചാലും അവരുടെ മനസോ ശരീരമോ എതിർലിംഗത്തിൽ പെട്ട ഒരാളെ വിവാഹം കഴിക്കാനോ അയാളുമായി മാനസികമായും ശാരീരികമായും അടുപ്പത്തിലിരിക്കാനോ അനുവദിക്കുന്നതാവണം എന്നില്ല. ആ സാഹചര്യത്തിലാണ് 'ലാവൻഡർ മാര്യേജ്' പ്രസക്തമാകുന്നത്.
എന്താണ് 'ലാവൻഡർ വിവാഹം'
നാട്ടുകാരെയും വീട്ടുകാരെയും ഒക്കെ ബോധ്യപ്പെടുത്താൻ വേണ്ടി നടത്തേണ്ടി വരുന്ന വിവാഹം എന്ന് വേണമെങ്കിൽ പറയാം. മാത്രമല്ല, പങ്കാളികളിൽ ഇരുവരുമോ, അല്ലെങ്കിൽ ആർക്കെങ്കിലും ഒരാൾക്കോ തങ്ങളുടെ ലൈംഗികാഭിമുഖ്യം (അത് സ്വവർഗാനുരാഗമോ എന്തുമാവാം) വീട്ടുകാരോടോ സമൂഹത്തോടെ വെളിപ്പെടുത്താൻ ആഗ്രഹമില്ലെങ്കിലും ഇങ്ങനെയൊരു വിവാഹം തിരഞ്ഞെടുക്കാറുണ്ട്.
എതിർലിംഗത്തിൽ പെട്ടയാളുമായി വിവാഹത്തിലായിരിക്കെ തന്നെ അവരുമായി യാതൊരു തരത്തിലുള്ള പ്രണയമോ, ശാരീരികബന്ധമോ, ആ തരത്തിലുള്ള അടുപ്പമോ ഉണ്ടാകില്ല. അത് ആദ്യം തന്നെ വിവാഹം ചെയ്യാനുദ്ദേശിക്കുന്ന ആളോട് വ്യക്തമാക്കി ഇരുവരുടെയും സമ്മതപ്രകാരം തന്നെയാണ് വിവാഹം നടക്കുക.
വിവാഹത്തിന് ശേഷവും തങ്ങളുടെ ഹോമോസെക്ഷ്വൽ പങ്കാളികളുമായി ഭർത്താവിന്റെയോ/ ഭാര്യയുടെയോ അറിവോടെ തന്നെ ഇവർ ബന്ധം തുടരാറുമുണ്ട്. ഒരുപക്ഷേ, LGBTQ+ ആളുകളെ നമ്മുടെ സമൂഹത്തിന് പൂർണമായും അംഗീകരിക്കാനായാൽ ഇത്തരം 'ലാവൻഡർ മാര്യേജു'കളുടെ ആവശ്യകത തന്നെ കുറയുമായിരിക്കും.
ഇതുപോലെ പരമ്പരാഗത വിവാഹങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള വിവാഹങ്ങൾ പലതരത്തിലും ലോകത്ത് പലയിടത്തും നടക്കാറുണ്ട്. 'ഫ്രണ്ട്ഷിപ്പ് മാര്യേജ്' എന്ന വാക്കും നേരത്തെ ചർച്ചയായിരുന്നു. പങ്കാളിയിൽ നിന്നും പ്രണയമോ ലൈംഗികതയോ ആവശ്യപ്പെടാതെ പരസ്പരം വിവാഹം ചെയ്ത് ജീവിക്കുന്നതിനെയാണ് ഫ്രണ്ട്ഷിപ്പ് മാര്യേജ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ജപ്പാനിലെ യുവാക്കളിൽ ഒരുപാടുപേർ ഈ 'ഫ്രണ്ട്ഷിപ്പ് മാര്യേജു'കൾ തെരഞ്ഞെടുക്കുന്നുണ്ട് എന്നും നേരത്തെ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.