കട്ടി മഞ്ഞില്‍ കണ്ണുകളും മുഖവും മൂടിപ്പോയ മാന്‍, അതിനെ രക്ഷിക്കുന്ന യുവാക്കള്‍, ഇതാണ് മനുഷ്യത്വം!
കട്ടിമഞ്ഞില്‍ മുഖം പൂഴ്ന്നുപോയ മാനിനെ രക്ഷപ്പെടുത്തുന്ന രണ്ട് മലകയറ്റക്കാരാണ് ഈ വീഡിയോയിലുള്ളത്.
'നൂറ്റാണ്ടിലെ ഏറ്റവും കടുപ്പമേറിയ ഹിമപാതം' എന്ന അവസ്ഥയിലൂടെ കടന്നുപോവുകയാണ് അമേരിക്കയും കാനഡയും. മറ്റ് പല രാജ്യങ്ങളിലും ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും വന്‍ ദുരന്തമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിരവധി പേരാണ് തണുത്തു വിറങ്ങലിച്ച് മരണത്തിന് കീഴടങ്ങിയത്. നിരവധി നാശനഷ്ടങ്ങളാണ് ഹിമപാതം കാരണം സംഭവിക്കുന്നത്. എന്നാല്‍, മനുഷ്യര്‍ക്കു മാത്രമല്ല, പ്രകൃതിയുടെ ഈ ശാപം ദുരന്തം വിതയ്ക്കുന്നത്. മൃഗങ്ങളും ഭീകരമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോവുന്നത്.
റെഡിറ്റ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഒരു വീഡിയോ അത്തരമൊരു മൃഗത്തിന്റെ അനുഭവമാണ് പകര്‍ത്തുന്നത്. എവിടെനിന്നാണ് ഈ വീഡിയോ പകര്‍ത്തിയത് എന്ന് വ്യക്തമല്ല. എന്നാല്‍, തുല്യതയില്ലാത്ത ദുരിതങ്ങളിലൂടെയാണ് മൃഗങ്ങള്‍ കടന്നുപോവുന്നതെന്ന് വിളിച്ചു പറയുന്നതാണ് ഒരു മാനിന്റെ ഈ വീഡിയോ. അപാരമായ മനുഷ്യപ്പറ്റിന്റെ കൂടി അനുഭവമാണ് ഇെതന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. കട്ടിമഞ്ഞില്‍ മുഖം പൂഴ്ന്നുപോയ മാനിനെ രക്ഷപ്പെടുത്തുന്ന രണ്ട് മലകയറ്റക്കാരാണ് ഈ വീഡിയോയിലുള്ളത്. അതിവേഗമാണ് ഈ വീഡിയോ വൈറലായത്.
കടുത്ത ഹിമപാതത്തിനിടെയുള്ള ഒരു ദിവസമാണ് ഈ വീഡിയോയിലുള്ളത്. രണ്ട് മല കയറ്റക്കാര്‍ നടന്നു വരുന്ന വഴി കണ്ട ദൃശ്യം. അവര്‍ കാണുന്നത്, മഞ്ഞില്‍ മുഖം ഉറഞ്ഞുപോയ ഒരു മാനിനെയാണ്. അതിന്റെ മുഖം കട്ടി മഞ്ഞില്‍ കുത്തിനില്‍ക്കുന്ന അവസ്ഥയായിരുന്നു. തല ഉയര്‍ത്തുമ്പോള്‍, കണ്ണുകളിലും വായിലും കാതുകളിലും കട്ടിയുള്ള മഞ്ഞ് മൂടിക്കിടക്കുന്നത് കാണാം. മനുഷ്യ സാമീപ്യം അറിഞ്ഞപ്പോള്‍ അത് ഓടിപ്പോവുന്നു. എന്നാല്‍, അധിക നേരം ആ ഓട്ടം നിന്നില്ല. അല്‍പ്പമകലെ, ഓടാനാവാതെ അതു നിന്നു. രണ്ടു പേരും ചേര്‍ന്ന് അതിനടുത്തു ചെന്ന് അതിനെ പിടികൂടുന്നു. എന്നിട്ട് കണ്ണുകളിലെയും വായിലെയും കാതുകളിലെയും കട്ടിയുള്ള മഞ്ഞിന്റെ ആവരണം, കഷ്ടപ്പെട്ട് ഇളക്കിമാറ്റുന്നു. ഇടയ്ക്ക് മാന്‍ കുതറി മാറുകയും വീണ്ടും ഓടാന്‍ നോക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അവര്‍ അതിനെ മുറുക്കെ പിടിച്ച് മുഖത്തുള്ള കട്ടി മഞ്ഞ് തൂത്തു മാറ്റുക തന്നെ ചെയ്യുന്നു.
ഇപ്പോള്‍, കണ്ണുകളിലുള്ള മഞ്ഞു പാളി മാറ്റി ചുറ്റും നോക്കുന്ന മാനിനെ കാണാം. മുഖത്തെ മഞ്ഞു മാറിയതോടെ, അതവിടെ നില്‍ക്കുന്നു. മുന്നില്‍ നീണ്ടു കിടക്കുന്ന മഞ്ഞു മൂടിയ പുല്‍പ്പരപ്പിലേക്ക് അത് ഓടിപ്പോവുന്നു. മാനിനെ ദുരിതത്തില്‍നിന്നും കരകയറ്റിയ മലക്കയറ്റക്കാരില്‍ ഒരാളാണ് ഈ വീഡിയോ പകര്‍ത്തിയത്. ഈ വീഡിയോ റെഡിറ്റില്‍ പോസ്റ്റ് ചെയ്തതും പെട്ടെന്ന് തന്നെ അത് വൈറലായി. മറ്റ് സോഷ്യല്‍ മീഡിയകളിലും ഈ വീഡിയോ അതിവേഗം പടര്‍ന്നു.
അപാരമായ മനുഷ്യത്വത്തിന്റെ ദൃശ്യങ്ങളാണ് ഇതെന്നാണ് ഒരു റെഡിറ്റ് ഉപഭോക്താവ് ഇതിനെ വിശേഷിപ്പിക്കുന്നത്. ലോകത്തെ ഇപ്പോഴും ജീവയോഗ്യമാക്കുന്നത് ഇത്തരം മനുഷ്യരാണെന്നാണ് മറ്റൊരാള്‍ പറയുന്നത്. എങ്ങനെയാണ് ഈ മാനിന് ഈ അവസ്ഥ ഉണ്ടായത് എന്ന കാര്യത്തിലും ഏറെ ചര്‍ച്ച നടക്കുന്നുണ്ട്. ഭക്ഷണത്തിനു വേണ്ടി നിലം കുഴിക്കാന്‍ ശ്രമിച്ചപ്പോഴാവും മുഖത്തും കണ്ണുകളിലും കട്ടിയുള്ള മഞ്ഞുപാളി മൂടിയത് എന്നാണ് പൊതുവായുള്ള അഭിപ്രായം.