ആഹാ, എത്ര സത്യസന്ധമായ രാജിക്കത്ത്, ഇങ്ങനെയൊക്കെ ആരെങ്കിലും ചെയ്യുമോ? വൈറലായി സ്ക്രീന്‍ഷോട്ട്
ഒരുപാടുപേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ആ ഫോൺ വാങ്ങിക്കൊടുത്ത് ഇയാളെ കമ്പനിയിൽ തന്നെ നിർത്തൂ എന്ന് പറഞ്ഞവരുണ്ട്.
പല കാരണങ്ങൾ കൊണ്ടും നാം ജോലി രാജി വയ്ക്കാറുണ്ട്. ജോലി സാഹചര്യം മെച്ചപ്പെട്ടതല്ലെങ്കിൽ രാജി വയ്ക്കാം, വേറെ നല്ലൊരു ജോലി കിട്ടിയാൽ ഇപ്പോഴുള്ള ജോലി രാജി വയ്ക്കാം തുടങ്ങി ഒരുപാട് ഒരുപാട് കാരണങ്ങളുണ്ട് അല്ലേ? എന്നാൽ, എന്തൊക്കെ കാരണങ്ങളുണ്ടായാലും എല്ലാവരുടേയും രാജിക്കത്ത് ഏകദേശം ഒരുപോലിരിക്കും. അതൊരു സത്യസന്ധമായ രാജിക്കത്താവണം എന്നില്ല. എന്നാൽ, വളരെ സത്യസന്ധമായ ഒരു രാജിക്കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
എഞ്ചിനീയർഹബ്ബിൻ്റെ സഹസ്ഥാപകനായ ഋഷഭ് സിംഗാണ് ഇത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഒരു ജീവനക്കാരനയച്ച ഇമെയിലിന്റെ സ്ക്രീൻഷോട്ടാണ് ഇതിൽ കാണുന്നത്. ഇതിന് പിന്നാലെ എക്സിൽ (ട്വിറ്ററിൽ) ഇതേ ചൊല്ലി വ്യാപകമായ ചർച്ചയും നടന്നു.
ഒരേസമയം സത്യസന്ധമായതും തമാശ നിറഞ്ഞതുമായ രാജിക്കത്ത് എന്നാണ് ആളുകൾ ഈ രാജിക്കത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. രാജിക്കത്തിൽ പറയുന്നത്, രണ്ട് വർഷത്തെ കഠിനാധ്വാനവും അർപ്പണബോധവും എല്ലാമുണ്ടായിട്ടും ശമ്പളം ഒട്ടും കൂടിയിട്ടില്ല എന്നാണ്. അതിനാലാണ് രാജിവയ്ക്കുന്നത് എന്നും ഈ രാജിക്കത്തിൽ പറയുന്നു.
'iQOO 13 ഫോൺ വാങ്ങാൻ താൻ ആഗ്രഹിച്ചിരുന്നു. അതിന്റെ വില ₹51,999 ആണ്. ഈ ശമ്പളം കൊണ്ട് തനിക്കത് വാങ്ങാൻ സാധിക്കും എന്ന് തോന്നുന്നില്ല. ഇന്ത്യയിലെ ഏറ്റവും വേഗമുള്ള ഫോൺ വാങ്ങാനും മാത്രം ശമ്പളമില്ലെങ്കിൽ, തൻ്റെ കരിയർ എങ്ങനെ വേഗത്തിൽ നീങ്ങുമെന്ന കാര്യത്തിൽ തനിക്ക് ആശങ്കയുണ്ട്' എന്നാണ് രാജിക്കത്തിൽ പറയുന്നത്.
ഒരുപാടുപേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ആ ഫോൺ വാങ്ങിക്കൊടുത്ത് ഇയാളെ കമ്പനിയിൽ തന്നെ നിർത്തൂ എന്ന് പറഞ്ഞവരുണ്ട്. എന്നാൽ, ഫോണിനെ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഫോൺ എന്നാണ് രാജിക്കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടും, നേരത്തെ തന്നെ അനേകം മാർക്കറ്റിംഗ് ഗിമ്മിക്ക് പോസ്റ്റുകൾ വൈറലായിരുന്നതുകൊണ്ടും ഈ മെയിലും പോസ്റ്റും മാർക്കറ്റിംഗിന്റെ ഭാഗമല്ലേ എന്ന് നിരവധിപ്പേർ കമന്റിൽ ചോദിച്ചിട്ടുണ്ട്.