'യഥാര്‍ത്ഥ ജീവിതത്തിലെ ഹീറോ' എന്ന് കുറിപ്പ്; ഹീറോ തന്നെ പക്ഷേ, ചെറിയൊരു തിരുത്തുണ്ട്
'പ്രസവ സമയത്ത് ഭാര്യ മരിച്ചു. എന്നാൽ, കുട്ടിയെയും കോളേജ് ക്ലാസുകളെയും ഒരുമിച്ച് കൊണ്ടുപോകുന്നതിന്‍റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. യഥാർത്ഥ ജീവിത ഹീറോ.' ചിത്രം ഇന്ത്യന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.
അമ്മമാരുടെ സ്നേഹത്തിന് ലോകമെങ്ങും നിരവധി തെളിവുകളുണ്ട്. 'അമ്മയോളം സ്നേഹം...' എന്ന പ്രയോഗം തന്നെ ഈ മാതൃസ്നേഹത്തില്‍ നിന്നും തുടങ്ങുന്നതാണ്. ഓരോ കുഞ്ഞും അവന്‍റെ അമ്മയോട് പൊക്കിള്‍ കൊടിയിലൂടെ ജൈവികമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍, അച്ഛന്‍റെ കഥ അങ്ങനെയല്ല. പലപ്പോഴും മക്കളോട് സ്നേഹം പ്രകടിപ്പിക്കാന്‍ അച്ഛന് കഴിയാറില്ല. സാമൂഹികമായ ബോധനിര്‍മ്മിതിയാകാം ഇതിന് കാരണം. വാക്കിലും പ്രവര്‍ത്തിയിലും സ്നേഹം പ്രകടിപ്പിക്കാന്‍ അമ്മമാരേക്കാള്‍ താഴെയാണ് അച്ഛന്മാര്‍. എന്നാല്‍ നിങ്ങളുടെ ഈ ധാരണയെ തകിടം മറിക്കുന്ന ഒരൂ ചിത്രം കഴിഞ്ഞ ദിവസം ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്ക്പ്പെട്ടു. പിന്നാലെ ആ 'പിതൃസ്നേഹം' സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തു.
'പ്രസവ സമയത്ത് ഭാര്യ മരിച്ചു. എന്നാൽ, കുട്ടിയെയും കോളേജ് ക്ലാസുകളെയും ഒരുമിച്ച് കൊണ്ടുപോകുന്നതിന്‍റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. യഥാർത്ഥ ജീവിത ഹീറോ.' എന്ന കുറിപ്പോടെ അനുരാഗ് ത്യാഗി പങ്കുവച്ച ചിത്രം ഇതിനകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു. നിരവധി കുട്ടികള്‍ക്ക് മുന്നില്‍ ക്ലാസെടുക്കുന്ന ഒരു അധ്യാപകന്‍ അദ്ദേഹത്തിന്‍റെ കഴുത്തിലൂടെ ഇട്ടിരിക്കുന്ന പ്രത്യേക ബാഗില്‍ ഒരു കുഞ്ഞ് അദ്ദേഹത്തിന്‍റെ നെഞ്ചോട് ചേര്‍ന്ന് കിടിക്കുന്നതും ചിത്രത്തില്‍ കാണാം. പിന്നാലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ടാഗ് ചെയ്ത്, 'ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ആറ് മാസത്തെ പ്രസവാവധി പുരുഷന്മാര്‍ക്ക് നല്‍കാന്‍ നിയമമില്ലേ' എന്ന് ഒരു കാഴ്ചക്കാരന്‍ ചോദിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അനുരാഗ് ത്യാഗി പങ്കുവച്ച വിവരം വാസ്തവ വിരുദ്ധമായിരുന്നു.
ആസ്തി 9,100 കോടി, വയസ് 19, കോളേജ് വിദ്യാർത്ഥിനി; ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി
ക്ലാസെടുക്കുന്ന അധ്യാപകന്‍റെ പേര് Moisés Reyes Sandoval എന്നാണ്. സ്പാനിഷ് ഭാഷ സംസാരിക്കുന്ന അദ്ദേഹം ലാറ്റിനമേരിക്കകാരനാണ്. അദ്ദേഹം തന്‍റെ എഫ്ബി പേജില്‍ 2016 ല്‍ പങ്കുവച്ച ചിത്രമായിരുന്നു അത്. അന്ന് ആ ചിത്രം പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, 'വ്യത്യസ്ത വേഷങ്ങൾ ചെയ്തിട്ടും സ്കൂളിൽ നിന്ന് പഠനം നിർത്തിയിട്ടില്ലാത്ത ഒരു വിദ്യാർത്ഥിനി എനിക്കുണ്ട്, അതിനാൽ അവള്‍ക്ക് കുറിപ്പുകൾ എടുക്കാൻ ക്ലാസ് തടസ്സപ്പെടുത്താതെ മകനെ നോക്കാന്‍ ഞാൻ തീരുമാനിച്ചു.' അദ്ദേഹത്തിന്‍റെ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ കുട്ടിയായിരുന്നു അത്. പഠിക്കാന്‍ ഏറെ ആഗ്രഹിക്കുന്ന ആ വിദ്യാര്‍ത്ഥിനിയ്ക്ക് ക്ലാസില്‍ ശ്രദ്ധിക്കാന്‍ വേണ്ടി, ക്ലാസെടുക്കുമ്പോള്‍ കുഞ്ഞിനെ അദ്ദേഹം എടുത്തു. ഈ ചിത്രമായിരുന്നു പിന്നീട് പല തലക്കെട്ടുകളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഈ കുറിപ്പ് അന്ന് ഏറെ വൈറലായിരുന്നു. ഏതാണ്ട് 21,000 ത്തോളം പേരാണ് അന്ന് അദ്ദേഹത്തിന്‍റെ കുറിപ്പ് പങ്കുവച്ചത്.