ഭൂകമ്പത്തിനിടെ തന്‍റെ പൂച്ചകളെ സംരക്ഷിക്കാനോടുന്ന കുട്ടി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ചെരുപ്പ് പോലും ധരിക്കാതെ പൂച്ചകളുമായി സുരക്ഷിത സ്ഥാനത്തേക്ക് ഓടുന്ന ഈ കൊച്ചു മിടുക്കനെ സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.
നടുക്കുന്ന ഭൂകമ്പത്തിനിടയിലും തന്‍റെ പൂച്ച കുട്ടിയെ രക്ഷിക്കാനായി ഒരു കൊച്ചു കുട്ടി നടത്തിയ ഹൃദയസ്പർശിയായ രക്ഷാപ്രവർത്തനം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെടാനായി എല്ലാവരും സ്വയം ശ്രമിക്കുന്നതിനിടയിലാണ് ധൈര്യശാലിയായ ഈ കൊച്ചു മിടുക്കൻ തന്‍റെ പ്രിയപ്പെട്ട പൂച്ചകളെ കൂടി രക്ഷിക്കാൻ ശ്രമം നടത്തിയത്. ഭൂകമ്പത്തിന്‍റെ പ്രവചനാതീതമായ പരിഭ്രാന്തിക്കിടയിലും കുട്ടിയുടെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ കാഴ്ചക്കാരെ ആഴത്തിൽ സ്വാധീനിച്ചു. ഹൃദയസ്പർശിയായ ഈ വീഡിയോ ക്ലിപ്പ് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അഗാധമായ ബന്ധത്തെ എടുത്തുകാണിക്കുന്നതാണന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ഈ കൊച്ചു മിടുക്കന്‍റെ രക്ഷാപ്രവർത്തനങ്ങളുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഏകദേശം 3 കോടിയോളം പേരാണ് കണ്ടത്.
ഒരു കൊച്ചു കുട്ടി തന്‍റെ വീടിനുള്ളിലൂടെ പരിഭ്രാന്തനായ ഓടുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അവന്‍റെ ഒരു കൈയില്‍ ഒരു പൂച്ചയെയും കാണാം. വീടിന്‍റെ മറ്റൊരു ഭാഗത്തേക്ക് ഓടിയ അവന്‍ അവിടെ നിന്നും തന്‍റെ രണ്ടാമത്തെ പൂച്ചയെ എടുത്ത് തോളില്‍ വയ്ക്കുന്നു. ഇതിനിടെ അവന്‍റെ അമ്മ നീ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നതും കേള്‍ക്കാം. ഈ സമയം ഭൂകമ്പം ഉണ്ടെന്നും പൂച്ചകളെ സുരക്ഷിതരാക്കണമെന്നും അവന്‍ പറയുന്നു. അത്യാവശ്യം വലിപ്പമുള്ള രണ്ട് പൂച്ചകളെയും എടുത്ത് ഓടാന്‍ അവന്‍ അല്പം ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ കാണാം. ഓടുന്നതിനിടെ അമ്മയോട് ഒരു പൂച്ചയെ പിടിക്കാന്‍ ആവശ്യപ്പെട്ട് ഒരെണ്ണെത്തിനെ അവന്‍ അമ്മയ്ക്ക് നല്‍കുന്നതും വീഡിയോയില്‍ കാണാം.
ചെരുപ്പ് പോലും ധരിക്കാതെ പൂച്ചകളുമായി സുരക്ഷിത സ്ഥാനത്തേക്ക് ഓടുന്ന ഈ കൊച്ചു മിടുക്കനെ സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദനങ്ങൾ കൊണ്ട് മൂടി. “ഭൂകമ്പം ഉണ്ടായപ്പോൾ, എന്‍റെ കുട്ടി ആദ്യം പൂച്ചക്കുട്ടിയെ കൊണ്ടുപോയി.” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. 'ഒരു പൂച്ച പ്രേമിയിൽ നിന്ന് മറ്റൊന്നിലേക്ക്, നിങ്ങൾ അവിടെ ഒരു നല്ല ആൺകുട്ടിയെ വളർത്തുന്നു.' ഒരു കാഴ്ചക്കാരന്‍ എഴുതി. 'നിങ്ങളുടെ വളർത്തുമൃഗങ്ങൾ ഉള്ളപ്പോൾ ആർക്കാണ് പാന്‍റും ഷൂസും ആവശ്യം.' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 'അതൊരു വലിയ ചെറിയ മനുഷ്യനാണ്. കൊള്ളാം അമ്മേ.' മറ്റൊരു കുറിപ്പിൽ അമ്മയ്ക്കും മകനും അഭിനന്ദനം ലഭിച്ചു. 'ചിലപ്പോൾ നായകന്മാർ കേപ്പുകളോ ഷൂസുകളോ ധരിക്കാറില്ല.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'ആഹാ റെക്കോർഡ് ചെയ്യുന്നതിനൊപ്പം പൂച്ചയുടെ ചുമതലകളും ചെയ്യാൻ അദ്ദേഹം അമ്മയെ ഓർമ്മിപ്പിച്ചു.' മറ്റൊരു കുപ്പില്‍ സൂചിപ്പിച്ചു.