തട്ടിക്കൊണ്ടുപോയതായി സന്ദേശം, ഒടുവിൽ ഇൻസ്റ്റഗ്രാമിൽ കുറ്റസമ്മതം, ബോറടിച്ചപ്പോൾ ചെയ്തതെന്ന് ഇന്‍ഫ്ലുവന്‍സർ
തന്റെ ഇൻസ്റ്റഗ്രാം ലൈവിൽ ഇപ്പോൾ അവൾ പറഞ്ഞിരിക്കുന്നത്, താൻ ചെയ്തതിൽ ഖേദിക്കുന്നു എന്നാണ്. തനിക്ക് കുഴപ്പങ്ങളൊന്നും ഇല്ല. ബോറടിച്ചപ്പോൾ രസത്തിന് വേണ്ടി ചെയ്തതാണ് എന്നാണ് അവള്‍ പറഞ്ഞിരിക്കുന്നത്.
യുഎസ്സിൽ നിന്നുള്ള ഒരു സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ഇപ്പോൾ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. ഹൂ വിക്കി എന്നറിയപ്പെടുന്ന വിക്ടോറിയ റോസിനെ അടുത്തിടെ തട്ടിക്കൊണ്ടുപോയി എന്ന് വാർത്ത പരന്നിരുന്നു. എന്നാൽ, അവർ തന്നെ കെട്ടിച്ചമച്ച കള്ളക്കഥയാണ് ഇത് എന്ന് അറിഞ്ഞതിന് പിന്നാലെയാണ് ഇവർക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. നൈജീരിയയിൽ യാത്ര പോയപ്പോൾ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു വാർത്ത പരന്നത്.
തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിക്ടോറിയ തന്നെയാണ് ഇത് വെറും നാടകമായിരുന്നു എന്ന് ഇപ്പോൾ വെളിപ്പെടുത്തിയത്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല എന്നും ആകെ ബോറടിച്ചിരുന്നപ്പോൾ ഒരു രസത്തിന് വേണ്ടി താൻ തന്നെ മെനഞ്ഞുണ്ടാക്കിയ കഥയാണ് ഇത് എന്നുമായിരുന്നു വിക്ടോറിയ പറഞ്ഞത്.
അതോടെ വിക്ടോറിയക്കെതിരെ വലിയ വിമർശനങ്ങളുയരുകയായിരുന്നു. എന്തിനേറെ പറയുന്നു, അവളെ അറസ്റ്റ് ചെയ്യണം എന്നുവരെ ആളുകൾ ആവശ്യപ്പെട്ട് തുടങ്ങി.
വിക്ടോറിയയെ തട്ടിക്കൊണ്ടുപോയി എന്നും അവളെ തട്ടിക്കൊണ്ടുപോയവർ ഒരു മില്ല്യൺ ഡോളര്‍ ചോദിച്ചു എന്നും മറ്റുമുള്ള മെസ്സേജുകളാണ് ആദ്യം എക്സിൽ (ട്വിറ്റർ) പ്രചരിച്ചത്. ഇതിന് പിന്നാലെ അവളുടെ ഫോളോവേഴ്സ് അടക്കമുള്ളവർ അവളെ ആരോ തട്ടിക്കൊണ്ടുപോയി എന്ന് തന്നെ വിശ്വസിക്കുകയും ചെയ്തു. ഈ പോസ്റ്റുകൾ പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു.
തന്റെ ഇൻസ്റ്റഗ്രാം ലൈവിൽ ഇപ്പോൾ അവൾ പറഞ്ഞിരിക്കുന്നത്, താൻ ചെയ്തതിൽ ഖേദിക്കുന്നു എന്നാണ്. തനിക്ക് കുഴപ്പങ്ങളൊന്നും ഇല്ല. ബോറടിച്ചപ്പോൾ രസത്തിന് വേണ്ടി ചെയ്തതാണ്. ചിരിക്കാൻ വേണ്ടി. തന്റെ സഹോദരനോടൊപ്പമാണ് ഇത് ചെയ്തത്. എല്ലാം നന്നായിരിക്കുന്നു, തന്നോട് ക്ഷമിക്കൂ എന്നും വിക്ടോറിയ പറഞ്ഞു. ഇതോടെയാണ് അവൾക്കെതിരെ ആളുകൾ രൂക്ഷമായി പ്രതികരിച്ചത്.
ഇത് ഒരിക്കലും തമാശയല്ല, നിങ്ങൾ ചെയ്തതിന്റെ ഫലം ഉറപ്പായും അഭിമുഖീകരിക്കേണ്ടതുണ്ട് എന്നാണ് ചിലരെല്ലാം കമന്റുകൾ നൽകിയത്. ഇവർ അറസ്റ്റ് ചെയ്യപ്പെടേണ്ടതുണ്ട് എന്നും നിരവധിപ്പേർ കമന്റുകൾ നൽകി.