ഹൈസ്കൂളിൽ പ്രണയിച്ച് നടന്നത് അർദ്ധസഹോദരനെ, സത്യം വെളിപ്പെട്ടത് ഡിഎൻഎ ടെസ്റ്റിൽ, ഞെട്ടലിൽ യുവതി
കുറച്ച് ദിവസങ്ങൾക്ക് ശേഷം വിക്ടോറിയയ്ക്ക് ഒരു മെസ്സേജ് വന്നു. അയച്ചത് പഴയ കാമുകനായിരുന്നു. നീ എന്റെ അർദ്ധസഹോദരിയാണ് എന്നാണത്രെ അതിലെഴുതിയിരുന്നത്.
ഒരുകാലത്ത് താൻ സ്നേഹിച്ചിരുന്നത് തന്റെ അർദ്ധസഹോദരനെയാണ് എന്നറിഞ്ഞ ഞെട്ടലിലാണ് ഒരു യുവതി. 39 കാരിയായ വിക്ടോറിയ ഹിൽ എന്ന യുവതിയാണ് താൻ ഹൈസ്കൂളിൽ വച്ച് പ്രണയിച്ചത് തന്റെ അർദ്ധ സഹോദരനെയാണ് എന്ന് വർഷങ്ങൾക്ക് ശേഷം തിരിച്ചറിഞ്ഞിരിക്കുന്നത്.
അവളുടെ അമ്മയുടെ ഫെർട്ടിലിറ്റി ഡോക്ടറാണ് ഇതിനെല്ലാം കാരണമായിത്തീർന്നത്. അയാൾ തൻ്റെ രോഗികൾക്ക് കുഞ്ഞുങ്ങളെ ഗർഭം ധരിക്കാനായി അയാളുടെ ബീജം ഉപയോഗിച്ചിരുന്നത്രെ. എന്നാൽ, അയാളുടെ രോഗികൾ ആരും അതറിഞ്ഞിരുന്നില്ല. 23 പേരെങ്കിലും ഇതുപോലെ ഡോക്ടറുടെ മക്കളാണ് എന്ന് പറഞ്ഞ് മുന്നോട്ട് വന്നിരുന്നു. ഡിഎൻഎ ടെസ്റ്റിലാണ് ഇവരെല്ലാവരും അമ്മയെ ചികിത്സിച്ച ഡോക്ടറാണ് തന്റെ അച്ഛനെന്നും തന്റെ മാതാപിതാക്കളോട് പറയാതെയാണ് അയാൾ തന്‍റെ ബീജം ഉപയോഗിച്ചത് എന്നും അറിഞ്ഞത്.
ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ ബീജം ഉപയോഗിക്കുമെന്ന് പറഞ്ഞാണ് ഈ ഡോക്ടർ വിക്ടോറിയയുടെ അമ്മ മറാലിയെ വഞ്ചിച്ചത്. പകരം സ്വന്തം ബീജമാണ് ഇയാൾ ഉപയോഗിച്ചതത്രെ. 23andMe ഉപയോഗിച്ച് ഡിഎൻഎ ടെസ്റ്റ് നടത്തിയതിന് ശേഷമാണ് താൻ അച്ഛാ എന്ന് വിളിച്ചിരുന്ന ആളല്ല തന്റെ ശരിക്കും അച്ഛനെന്ന് വിക്ടോറിയ തിരിച്ചറിഞ്ഞത്. ഡോക്ടറാണ് തന്റെ അച്ഛനെന്നും ആ ടെസ്റ്റിൽ വെളിപ്പെട്ടു.
20 വർഷങ്ങൾക്ക് ശേഷം ഒരു ഹൈസ്കൂൾ റീയൂണിയനിൽ വച്ച് അവൾ തന്റെയീ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. അന്നാണ് അവളുടെ പഴയ കാമുകൻ തനിക്കും സമാനമായ ഒരനുഭവമുള്ളതായി തോന്നുന്നു എന്ന് പറഞ്ഞത്. ഇതുറപ്പിക്കുന്നതിനായി ഇയാൾ ഡിഎൻഎ ടെസ്റ്റും ചെയ്തു. അതിന്റെ ഫലം അയാളെ ഞെട്ടിച്ചു കളഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം വിക്ടോറിയയ്ക്ക് ഒരു മെസ്സേജ് വന്നു. അയച്ചത് പഴയ കാമുകനായിരുന്നു. നീ എന്റെ അർദ്ധസഹോദരിയാണ് എന്നാണത്രെ അതിലെഴുതിയിരുന്നത്. താൻ ആകെ ഞെട്ടിപ്പോയി. എന്ത് ചെയ്യണം എന്ന് അറിയാതെയായിപ്പോയി. താൻ ശാരീരികമായും അവനുമായി അടുപ്പത്തിലായിരുന്നു. അത് തന്നെ തകർത്തുകളഞ്ഞു എന്ന് വിക്ടോറിയ പറഞ്ഞു.
പഴയ കാമുകൻ മാത്രമല്ല വേറെയും അർദ്ധസഹോദരങ്ങളെ അവൾ തന്റെ ജീവിതത്തിൽ കണ്ടുമുട്ടി. ഇതൊക്കെയും അവളെ തീർത്തും അസ്വസ്ഥയാക്കി. ഡോക്ടർക്കെതിരെ കേസ് കൊടുക്കാനും അയാളെ കോടതിയുടെ മുന്നിലെത്തിക്കാനും വിക്ടോറിയ തീരുമാനിച്ചിരുന്നു. എന്നാൽ, ഫെർട്ടിലിറ്റി ചികിത്സയുമായി ബന്ധപ്പെട്ട നിയമങ്ങളിലെ ന്യൂനതകളാണ് അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചത്.
എന്നിരുന്നാലും, ഹില്ലിൻ്റെ അർദ്ധസഹോദരിമാരിൽ ഒരാളും സാമൂഹിക പ്രവർത്തകയുമായ ജാനിൻ പിയേഴ്സൺ ഡോക്ടർക്കെതിരെ നടപടികളുമായി മുന്നോട്ട് പോകാനാഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡോക്ടറാണ് തന്റെ അച്ഛനെന്നും വേറെയും ഇതുപോലെ ഒരുപാട് കുട്ടികളുണ്ട് എന്നും അറിഞ്ഞപ്പോൾ താനും അമ്മയും തകർന്നുപോയി എന്നാണ് അവൾ സിഎൻഎന്നിനോട് പറഞ്ഞത്.