50 അടി നീളം, 1000 കിലോ ഭാരം, ഭൂമിയിലെ ഏറ്റവും വലിയ പാമ്പ് ജീവിച്ചത് ഇന്ത്യയിൽ; 'വാസുകി ഇൻഡിക്കസി'ന്റെ വിശേഷം
സയന്‍റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ വാസുകിയുടെ ജീവിതകാലം 47 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പടിഞ്ഞാറൻ ഇന്ത്യയില്‍ സജീവമായിരുന്ന ചതുപ്പ് നിറഞ്ഞ നിത്യഹരിത വനങ്ങളാണെന്ന് വ്യക്തമാക്കുന്നു.
ഭൂമിയില്‍ ഇപ്പോഴുള്ളതില്‍ വച്ച് ഏറ്റവും വലിയ പാമ്പുകള്‍ അനാകോണ്ടകളാണ്. എന്നാല്‍ ഇവയേക്കാള്‍ വലിപ്പമുള്ള പാമ്പുകള്‍ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിന് തെളിവുകള്‍ ലഭിച്ചിരിക്കുകയാണ്, അതും ഇന്ത്യയില്‍ നിന്ന്. ഗുജറാത്തിലെ പനന്ദ്രോ ലിഗ്നൈറ്റ് ഖനിയ്ക്ക് സമീപത്ത് നിന്നാണ് 'വാസുകി ഇൻഡിക്കസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമന്‍ പാമ്പിന്‍റെ ഫോസില്‍ കണ്ടെത്തിയത്. വാസുകിക്ക് ഒരു ടണ്‍ ഭാരവും ഒരു സ്കൂള്‍ ബസിനെക്കാള്‍ നീളവുമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ലഭിച്ച ഫോസിലുകൾ പ്രകാരം വാസുകിക്ക് 36 അടി (11 മീറ്റർ) മുതൽ 50 അടി (15 മീറ്റർ) വരെ നീളമുണ്ടായിരുന്നതായി കണക്കാക്കുന്നു. ഇത് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ പാമ്പിന്‍റെ നീളത്തിന് സമാനമാണിത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ പാമ്പിനെ കൊളംബിയയില്‍ നിന്നാണ് ലഭിച്ചത്. ഈ പാമ്പിന് ഏകദേശം 42 അടി (13 മീറ്റർ) നീളം കണക്കാക്കുന്നു. ഇന്ന് ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ പാമ്പ് ഏഷ്യാറ്റിക് റെറ്റിക്യുലേറ്റഡ് എന്നറിയപ്പെടുന്ന പെരുമ്പാമ്പാണ്. 33 അടി (10 മീറ്ററാണ്) ഇവയുടെ നീളം.
സയന്‍റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ വാസുകിയുടെ ജീവിതകാലം 47 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പടിഞ്ഞാറൻ ഇന്ത്യയില്‍ സജീവമായിരുന്ന ചതുപ്പ് നിറഞ്ഞ നിത്യഹരിത വനങ്ങളാണെന്ന് വ്യക്തമാക്കുന്നു. വാസുകിക്ക് 2,200 പൗണ്ട് (ഏതാണ്ട് 1,000 കിലോഗ്രാം) ഭാരം ഉണ്ടായിരുന്നതായി കണക്കാക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റൂർക്കിയിലാണ് വാസുകിയെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്. 'ഹിന്ദു ദൈവമായ ശിവന്‍റെ കഴുത്തിലെ പാമ്പായ വാസുകിയുടെ പേരാണ് പുതിയ പാമ്പിന് നല്‍കിയതെന്ന് പഠന സംഘത്തിലെ ദേബജിത് ദത്ത അറിയിച്ചു. 'പാമ്പിന്‍റെ വലുപ്പവും ഭാരവും കണക്കിലെടുക്കുമ്പോള്‍ അത് പതുക്കെ ചലിക്കുന്ന പതിയിരുന്ന് വേട്ടയാടുന്ന ഒന്നായിരുന്നു. എന്നാല്‍ പാമ്പിന്‍റെ ഭക്ഷണ ക്രമത്തെ കുറിച്ച് വ്യക്തതയില്ല. അതേസമയം സമീപത്ത് നിന്ന് കണ്ടെത്തിയ മറ്റ് ഫോസിലുകൾ ചരിത്രാതീത തിമിംഗലങ്ങൾ, ക്യാറ്റ്ഫിഷ്, ആമകൾ, മുതലകൾ, മറ്റ് തണ്ണീർത്തട ജീവികള്‍ എന്നിവയോടൊപ്പമാണ് ഈ കൂറ്റന്‍ പാമ്പും ജീവിച്ചതെന്ന് വ്യക്തമാണ്.' ദേബജിത് ദത്ത പറഞ്ഞു.
ഇന്ത്യന്‍ തീരത്ത് കണ്ടെത്തിയ നഗരം ലോകത്തിലെ ഏറ്റവും പുരാതന സംസ്കാരത്തിന്‍റെ ഭാഗമോ?
വംശനാശം സംഭവിച്ച മറ്റൊരു ഭീമാകാരമായ പാമ്പായ ടൈറ്റനോബോവയെ (Titanoboa) അടുത്തിടെ ഗവേഷകര്‍ കൊളംബിയയിൽ നിന്നും കണ്ടെത്തിയിരുന്നു. ടൈറ്റനോബോവ, 60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്നതായി കണക്കാക്കുന്നു. കണ്ടെത്തിയ രണ്ട് പാമ്പുകളും പൊതുവായുള്ള കാര്യം ഇവ രണ്ടും ജീവിച്ചിരുന്നത് ലോകം അസാധാരണമായ ചൂട് കൂടിയ കാലത്താണ്. പാമ്പുകള്‍ തണുത്ത രക്തമുള്ള മൃഗങ്ങളാണ്. അവയ്ക്ക് വലുപ്പം വയ്ക്കാന്‍ ഉയര്‍ന്ന താപനില ആവശ്യമാണ്.' കേംബ്രിഡ്ജ് സർവകലാശാലയിലെ പാലിയന്‍റോളജിസ്റ്റായ ജേസൺ ഹെഡ് പറയുന്നു. എന്നാല്‍, ഇപ്പോത്തെ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ഉയര്‍ന്ന താപനിലയുടെ നിരക്ക് പാമ്പുകളെ വലിയ ഉരഗജീവികളാക്കി മാറ്റുന്നത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.