അങ്ങനെ ജോലി പോയിക്കിട്ടി, ഇന്ത്യക്കാരായ ഊബർ ഡ്രൈവർമാരെ അധിക്ഷേപിച്ച് പോസ്റ്റ്, പിരിച്ചുവിട്ടെന്ന് യുവതി
അവളുടെ ചിത്രങ്ങൾക്കുള്ള കാപ്ഷനിൽ പറയുന്നത്, ആദ്യത്തെ ചിത്രം ഊബർ വന്നു കൊണ്ടിരിക്കുകയാണ് എന്ന് പറയുമ്പോഴുള്ളതാണ്. എന്നാൽ, രണ്ടാമത്തെ ചിത്രം ആ ഊബറിന്റെ ഡ്രൈവർ ഒരു ഇന്ത്യക്കാരനായ പുരുഷനാണ് എന്ന് അറിയുമ്പോഴുള്ളതാണ് എന്നാണ്.
ലോകം അതിവേഗം സഞ്ചരിക്കുകയാണ്. സാങ്കേതികവിദ്യയുടെയും സോഷ്യൽ മീഡിയയുടേയും ഒക്കെ ഈ കാലത്ത് മനുഷ്യരും രാജ്യങ്ങളും തമ്മിലുള്ള അതിർത്തികൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന് പറയാറുണ്ട്. പലരും ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് പോവുകയും അവിടെ പഠിക്കുകയും ജോലി ചെയ്യുകയും അവിടെ തന്നെ സ്ഥിരതാമസമാക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.
അതേസമയം തന്നെ വംശീയമായ അധിക്ഷേപങ്ങളും അവഗണനകളും ഉണ്ട് എന്നതും വേദനാജനകമായ സത്യമാണ്. എന്തായാലും, ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച യുവതി അതുകാരണം തന്റെ ജോലി നഷ്ടപ്പെട്ടു എന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ.
ഒരു അമേരിക്കൻ യുവതിയാണ് ഇന്ത്യക്കാരായ ഊബർ ഡ്രൈവർമാരെ മോശമായി ചിത്രീകരിച്ചു കൊണ്ട് എക്സിൽ (ട്വിറ്ററിൽ) പോസ്റ്റിട്ടത്. അതിന് പിന്നാലെ തനിക്ക് ജോലി നഷ്ടപ്പെട്ടു എന്നാണ് യുവതി ഇപ്പോൾ പറയുന്നത്.
2024 ഡിസംബർ 28 -നാണ്, X-ൽ ഹാൻ എന്ന യുവതി രണ്ട് സെൽഫികൾ ഷെയർ ചെയ്തത്. അതിൽ ആദ്യത്തെ സെൽഫിയിൽ അവൾ പുഞ്ചിരിക്കുന്നത് കാണാം. എന്നാൽ, രണ്ടാമത്തെ സെൽഫിയിൽ അവളുടെ മുഖത്ത് സന്തോഷമില്ല, മുഖം ചുളിച്ചിരിക്കുന്നതാണ് കാണുന്നത്. അവളുടെ ചിത്രങ്ങൾക്കുള്ള കാപ്ഷനിൽ പറയുന്നത്, ആദ്യത്തെ ചിത്രം ഊബർ വന്നു കൊണ്ടിരിക്കുകയാണ് എന്ന് പറയുമ്പോഴുള്ളതാണ്. എന്നാൽ, രണ്ടാമത്തെ ചിത്രം ആ ഊബറിന്റെ ഡ്രൈവർ ഒരു ഇന്ത്യക്കാരനായ പുരുഷനാണ് എന്ന് അറിയുമ്പോഴുള്ളതാണ് എന്നാണ്.
ചിത്രം പങ്കുവച്ചതോടെ വലിയ വിമർശനങ്ങളാണ് ഹാനിന് നേരെ ഉയർന്നത്. വംശീയമായ ഈ പരാമർശത്തിനെതിരെ ആളുകൾ തങ്ങളുടെ രോഷം അറിയിച്ചു. എന്നാൽ, പിന്നീട് ഒരു പോസ്റ്റിൽ അവൾ പറയുന്നത്, താനൊരു വെയിട്രസ്സായി ജോലി ചെയ്യുകയായിരുന്നു. ഈ പോസ്റ്റിട്ടതിന് പിന്നാലെ തന്നെ തന്റെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരിക്കുകയാണ് എന്നാണ്.
തന്നെയും തന്റെ കുടുംബത്തെയും അധിക്ഷേപിച്ചതിന് പിന്നാലെയാണ് തനിക്കിപ്പോൾ ജോലിയും നഷ്ടപ്പെട്ടത് എന്നാണ് ഹാൻ പറയുന്നത്. എക്സിലെ (ട്വിറ്റർ) പോസ്റ്റ് കാരണമാണ് ജോലി നഷ്ടപ്പെട്ടത് എന്നതിനാൽ തന്നെ എക്സുമായി ഈ കാര്യം ചർച്ച ചെയ്യും എന്നാണ് അവൾ പറയുന്നത്.
എന്നാൽ, ജോലി നഷ്ടപ്പെടാനുള്ള കാര്യമൊന്നുമല്ല ഹാൻ പറഞ്ഞത് എന്നു പറഞ്ഞുകൊണ്ട് അവളെ പിന്തുണച്ചവർ ഒരുപാടുണ്ട്. എന്നാൽ, വംശീയമായ അധിക്ഷേപം ഏത് തമാശയുടെ പേരിലാണെങ്കിലും വംശീയമായ അധിക്ഷേപം തന്നെയാണ് അല്ലേ? അക്കാര്യം ചൂണ്ടിക്കാട്ടിയവരും നമ്മുടെ വാക്കുകളും പ്രവർത്തികളുമുണ്ടാക്കുന്ന പരിണിതഫലങ്ങളും നാം തന്നെ അനുഭവിക്കേണ്ടതുണ്ട് എന്ന് പറഞ്ഞുകൊണ്ട് അവളെ വിമർശിച്ചവരും ഒരുപാടുണ്ട്.