ബോംബ് വെച്ച മണ്ണില്‍ അതറിയാതെ ചവിട്ടിക്കളിക്കുന്ന ഒരു അഫ്ഗാന്‍ കുട്ടി!
മാംസം പിളര്‍ന്ന് അവന്‍ അപ്രത്യക്ഷനായി-അഫ്ഗാനിസ്താനില്‍ ഏറെക്കാലം ജോലിചെയ്ത മുന്‍ യു എസ് സൈനികന്റെ കണ്ണുനനയിക്കുന്ന അനുഭവം
എ പി വാര്‍ത്താ ഏജന്‍സിയുടെ ഗ്ലോബല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ റിപ്പോര്‍ട്ടറായ ജെയിംസ് ലപോര്‍ട്ട, നേരത്തെ സൈനികനായിരുന്നു. അഫ്ഗാനിസ്താനില്‍ ഏറെക്കാലം ജോലി ചെയ്ത യു എസ് മറീന്‍. സൈനിക ജോലി നിര്‍ത്തി പിന്നീട് അദ്ദേഹം മാധ്യമപ്രവര്‍ത്തകനായി മാറി. ഇത് ജയിംസിന്റെ ഒരു അഫ്ഗാന്‍ ഓര്‍മ്മയാണ്. അഫ്ഗാനിസ്താനിലെ പേരിറിയാത്ത ഒരു കുട്ടിയെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പ്. എ പി പ്രസിദ്ധീകരിച്ച ഈ കുറിപ്പിന്റെ സ്വാതന്ത്രവിവര്‍ത്തനം: സ്‌നിഗ്ധ മേനോന്‍
Image courtesy: Marta Lavandier/AP Photo/
അഫ്ഗാനിസ്ഥാനില്‍ യു എസ്സിന്റെ അധിനിവേശ സമയത്ത് ജോലിചെയ്തിരുന്ന ഒരു സൈനികന്റെ അനുഭവ കുറിപ്പാണ് ഇത്. അദ്ദേഹത്തിന്റെ പേര് ജെയിംസ് ലാപോര്‍ട്ട. മുന്‍ അമേരിക്കന്‍ മറൈന്‍ കാലാള്‍പ്പടയാളിയും അഫ്ഗാനിസ്ഥാന്‍ യുദ്ധത്തിലെ ഒരു സൈനികനുമാണ്. ഇപ്പോള്‍ എപിയുടെ ഗ്ലോബല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ റിപ്പോര്‍ട്ടറാണ് അദ്ദേഹം.
കുച്ചുനാള്‍ മുമ്പാണ്. എന്റെ മൂന്ന് വയസ്സുള്ള മകന്‍ 'ഹോ', 'ഹേ' എന്നും പറഞ്ഞ് ചാടി തിമിര്‍ക്കുദ്ദു. അമേരിക്കന്‍ നാടോടി-റോക്ക് ബാന്‍ഡായ ലൂമിനേഴ്‌സിന്റെ ഗാനമാണത്. അടുക്കളയിലും വീട്ടിലുമെല്ലാം ആ ഗാനവും അവന്റെ ചുവടുകളും പ്രതിധ്വനിക്കുന്നു. ഓരോ വാക്യത്തിന്റെ അവസാനവും എന്റെ മകന്‍ ചാടുന്നു.
'അതിനാല്‍, എന്നെ കാണിക്കൂ, കുടുംബമേ. (ഹേയ്)!' അവന്‍ ചാടി.
'ഞാന്‍ ചൊരിയുന്ന രക്തമെല്ലാം. (ഹോ)! 'അവന്‍ ചാടി.
'എന്റെ ദേശമെവിടെയാണ് എന്നെനിക്കറിയില്ല. (ഹേയ്)!' അവന്‍ ചാടുന്നു.
'എനിക്ക് എവിടെയാണ് പിഴച്ചതെന്ന് എനിക്കറിയില്ല. ഹോ!'
അവന്‍ ചാടുന്നു. കൂടെ ഞാനും.
....................
പേരറിയാത്ത ഒരാണ്‍കുട്ടിയെക്കുറിച്ചുള്ള കഥയാണ് ഇത്.
വര്‍ഷം 2013. 9/11 ആക്രമണം കഴിഞ്ഞ് ഒരു പതിറ്റാണ്ടിലേറെയായി. ഞാനന്ന് അഫ്ഗാനിസ്ഥാനില്‍ സൈനികനായി ജോലി ചെയ്യുന്നു. അക്കാലത്ത്, സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ദ്ധരായ ഒരു താലിബാന്‍ സംഘത്തിനെ കണ്ടെത്തി കീഴടക്കാനുളള അസൈന്‍മെന്റിനു പിന്നാലെയായിരുന്നു.
ആ ശ്രമത്തിനിടെ, ഒരു വീഡിയോ കാണാനിടയായി. അതവന്റെ വീഡിയോ ആയിരുന്നു. എനിക്ക് അവനെ മറക്കാന്‍ കഴിയില്ല.
രണ്ട് മണ്‍ കുടിലുകളുടെ ഇടയിലെ ഇടുങ്ങിയ പാതയിലൂടെ, ഒരു സ്റ്റാറ്റിക് വീഡിയോ ക്യാമറ പകര്‍ത്തിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആയിരുന്നു അത്. കുടിലുകള്‍ക്ക് ചുറ്റും മയക്കുമരുന്നായ കറുപ്പ് കൃഷി ചെയ്യുന്ന ഇടങ്ങളായിരുന്നു.
അന്നേരമാണ്, ഊര്‍ജം തിങ്ങിവിങ്ങുന്ന, ജീവസ്സുറ്റ ഒരു ആണ്‍കുട്ടി ഫ്രെയിമിലേക്ക് ഓടിവന്നത്. അവനപ്പോലുള്ള കുട്ടികളെ സംബന്ധിച്ചും- എന്നെപ്പോലുള്ള കുട്ടികളെ സംബന്ധിച്ചും- ജിജ്ഞാസയാണ് ജീവവായു. അങ്ങനെ പേരറിയാത്ത ജിജ്ഞാസുവായ ആ കുട്ടി പതുക്കെ ഫ്രെയിമിലേക്ക് വന്നു. അവന്‍ ഒരു അഫ്ഗാനിയാണ്. ഞങ്ങള്‍ താമസിക്കുന്ന ഹെല്‍മന്ദ് പ്രവിശ്യക്കാരന്‍ തന്നെയാവണം അവനും. പഷ്‌തോ ഭാഷ ആയിരിക്കണം സംസാരിക്കുന്നത്. കാഴ്ചയ്ക്ക് ഏതണ്ട് 5 വയസ്സ് മതിക്കും, ചിലപ്പോള്‍ ഒരാറ്. അഫ്ഗാനിസ്ഥാനിലെ 10 കുട്ടികളില്‍ ഒരാള്‍ 5 വയസ്സ് തികയുന്നതിനുമുമ്പ് മരിക്കുന്നു എന്നാണ് കണക്ക്.
ചെളിവെള്ളത്തില്‍ കളിച്ചും, ചുറ്റും ഓടിത്തിമിര്‍ത്തും അവന്‍. ഇനിയൊന്നും ചെയ്യാനില്ലെന്നു തോന്നിയ നിമിഷം അവന്റെ കൗതുകം നിറഞ്ഞ കണ്ണുകള്‍ മണ്ണില്‍ പതിച്ചു. സമീപത്തെ മറ്റു സ്ഥലങ്ങളില്‍നിന്നും വത്യസ്തമായി മണ്ണ് അല്‍പ്പം ഇളകിയിരിക്കുന്നു. അവനത് സൂക്ഷിച്ചു നോക്കി. എന്താണതെന്നു മനസ്സിലാക്കാനെന്നോണം ഒന്നു ചവിട്ടി. അതെന്താണ്, അവന്‍ നോക്കി, ഞാനും.
പിന്നെ, ഒരു പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ സന്തോഷത്തോടെ പതുക്കെ ചെളിയില്‍ കുതിര്‍ന്ന നിലത്ത് വീണ്ടും വീണ്ടും ചവിട്ടി. നൃത്തം ചെയ്യുന്നൊരു കുട്ടിയെപ്പോലെ.
....................
VOIED. ഇരകളുടെ സ്പര്‍ശത്താല്‍ പ്രവര്‍ത്തിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ ആണത്. അവയ്ക്ക് പ്രഷര്‍ പ്ലേറ്റുകള്‍ എന്നറിയപ്പെടുന്ന വിവിധ സ്വിച്ചുകള്‍ ഉണ്ട്. സ്വിച്ചില്‍ സമ്മര്‍ദ്ദമുണ്ടായാലോ അത് നീക്കം ചെയ്യാന്‍ നോക്കിയാലോ സര്‍ക്യൂട്ട് ചേര്‍ന്ന് ബോംബ് പൊട്ടിത്തെറിക്കുന്നു.
ചുരുക്കത്തില്‍, മണ്ണില്‍ കുഴിച്ചിട്ട ബോംബില്‍ ചവിട്ടിയാല്‍, അല്‍പ്പം ഭാരം അതില്‍ വന്നാല്‍ പൊട്ടിത്തെറിയുണ്ടാവുന്നു.
....................
എന്നാല്‍ പേരറിയാത്ത ആ കുട്ടി ഇെതാന്നും അറിയാതെ ബോംബിന് മുകളില്‍ ചവിട്ടിക്കൊണ്ടിരുന്നു. അത് ബോംബ് ആണെന്നോ ബോംബ് എന്നാല്‍ എന്താണെന്നോ അറിയാതെ.
ബോംബ് പൊട്ടിയില്ല.
അതിനൊരു സങ്കടകരമായ കാരണമുണ്ടായിരുന്നു. പോഷകാഹാരക്കുറവുണ്ടായിരുന്നു അവന്. ബോംബ് പൊട്ടാനുള്ള കനം അവന്റെ ചവിട്ടിനില്ല. അതിനുള്ള ഭാരവും അവനില്ല. അതിനാല്‍, ഒന്നുമറിയാതെ അവന്‍ ചവിട്ടു തുടരുന്നു.
ഞാനെല്ലാമോര്‍ക്കുന്നു. 'നിര്‍ത്തൂ എന്നലറി വിളിക്കാന്‍ എനിക്ക് തോന്നിയത് ഞാനോര്‍ക്കുന്നു. 'നിലത്ത് ചവിട്ടല്ലേ, എന്ന് ഉറക്കെ നിലവിളിക്കാന്‍ ആഗ്രഹിച്ചതോര്‍ക്കുന്നു. തൊണ്ടയില്‍ കുരുങ്ങിയ നിലവിളി അടക്കികൊണ്ട് നിശ്ശബ്ദമായി വീഡിയോ കാണുന്നതോര്‍ക്കുന്നു. ശക്തിയെല്ലാം ചോര്‍ന്ന് പോയത് ഞാനോര്‍ക്കുന്നു.
പേരില്ലാത്ത ജിജ്ഞാസുവായ കുട്ടി വീണ്ടും ചാടി, അവസാനത്തെ ചാട്ടം. പിന്നെ, തീയിന്റെയും പുകയുടെയും ഇടയില്‍ മാംസം പിളര്‍ന്ന് അവന്‍ അപ്രത്യക്ഷമാകുന്നു.
'റീപ്ലേ?' എന്ന ലളിതമായ ചോദ്യത്തോടെ വീഡിയോ അവസാനിക്കുന്നു.
എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല.
....................
മനസ്സില്‍ ആ വീഡിയോയുടെ റീപ്ലേകള്‍ വീണ്ടും വീണ്ടും നടന്നു. മാസങ്ങളോളം, വര്‍ഷങ്ങളോളം. പല തരത്തില്‍, യുദ്ധം എന്റെ ജീവിതത്തില്‍ ഭീകരനായൊരു ജീവിയായി മാറി. ഞാന്‍ അതിനുമുമ്പ് ആരായിരുന്നുവെന്നും അതിന് ശേഷം ആരാണെന്നുമെല്ലാം അത് നിര്‍ണയിച്ചു. എന്റെ അനേകം സുഹൃത്തുക്കളെ യുദ്ധം കൊണ്ടുപോയി. എന്നില്‍ ദേഷ്യവും, വെറുപ്പും നിറച്ചു. ഉറക്കമില്ലാത്ത രാത്രികളും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ശരീരഭാരവും സമ്മാനിച്ചു. എന്റെ പരാജയപ്പെട്ട വിവാഹം. ഗുളികകള്‍. എന്റെ ചെവിയില്‍ എപ്പോഴും കേട്ടിരുന്ന മുഴക്കം, പതിവുള്ള ശ്വാസംമുട്ട്, ഒടുവില്‍ കാന്‍സര്‍. എല്ലാം അതിന്റെ ദാനങ്ങളായിരുന്നു.
എന്റെ നെഞ്ചിലെ തീരാമുറിവാണ് അഫ്ഗാനിസ്ഥാന്‍ എന്നും. കഴിഞ്ഞ ആഴ്ച നമ്മള്‍ കണ്ടപോലെ, പിന്മാറുന്നത് കൊണ്ട് അല്ലെങ്കില്‍ ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നത് കൊണ്ട് യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ 'യുദ്ധം ചിരഞ്ജീവിയാണ.' അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധത്തിന്റെ അരാജകത്വവും രക്തരൂക്ഷിതമായ പര്യവസാനവും സമീപകാല ചരിത്രം ഊട്ടി ഉറപ്പിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട് വരുന്നുവെന്ന വര്‍ഷങ്ങളായുള്ള അമേരിക്കയുടെ പ്രസ്താവനകള്‍ക്ക് ശേഷം, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലെ ഡിസംബറില്‍ പറഞ്ഞത് അമേരിക്കയുടെ വിജയം വളരെ നേരിയതായിരുന്നു എന്നാണ്. കാരണം, ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട ആ യുദ്ധത്തില്‍ നിരവധി അമേരിക്കന്‍, അഫ്ഗാന്‍ കുടുംബങ്ങളാണ് എന്നെന്നേക്കുമായി തകര്‍ന്നത്.
ഞാന്‍ എന്റെ ചുറ്റും നോക്കി. ഈ യുദ്ധത്തെക്കുറിച്ചും രക്തം ചൊരിഞ്ഞതിനെക്കുറിച്ചും പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും എന്റെ ആളുകള്‍ക്ക് എന്താണ് അറിയാവുന്നത്? 2009-ല്‍, അന്നത്തെ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് പറഞ്ഞു, 'മിക്ക അമേരിക്കക്കാര്‍ക്കും യുദ്ധങ്ങളെ കുറിച്ചുളള അറിവ് പരിമിതമാണ്. അവരെ വ്യക്തിപരമായി ബാധിക്കാത്ത വാര്‍ത്തകളുടെ വിദൂരവും അസുഖകരവുമായ പരമ്പര മാത്രമാണ് അത്.' എനിക്ക് ചുറ്റും, നിങ്ങള്‍ക്ക് ചുറ്റും, അമേരിക്കയിലെ ഏറ്റവും പുതിയ തലമുറയിലെ പട്ടാളക്കാര്‍ സിവിലിയന്‍ ജീവിതത്തിലേക്ക് മടങ്ങുന്നു. അവര്‍ ജോലി തേടുന്നു, ആരോഗ്യ പരിരക്ഷ തേടുന്നു. അവര്‍ ചിലപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നു, ചിലപ്പോള്‍ അവഗണിക്കപ്പെടുന്നു. യുദ്ധത്തിന്റെ കെടുതി അനുഭവിച്ച അമേരിക്കക്കാരുടെ ഒരു ചെറിയ വിഭാഗവും, യുദ്ധത്തിന്റെ ഭീകരത അറിയാത്ത ഒരു വലിയ വിഭാഗവും തമ്മില്‍ ആഴത്തിലുള്ള ഒരു വിഭജനമുണ്ട് ഇപ്പോഴും, ഗേറ്റ്‌സ് പറഞ്ഞു.
Image courtesy: Marta Lavandier/AP Photo/
ഞാനിപ്പോള്‍ വീണ്ടും എന്റെ വീട്ടിലാണ്. ഹെല്‍മന്ദ് പ്രവിശ്യയില്‍ നിന്ന് അകലെ, അഫ്ഗാനിസ്ഥാനിലെ എന്റെ തിരക്കേറിയ ദിവസങ്ങളില്‍ നിന്ന് അകലെ, ഇപ്പോള്‍ അഫ്ഗാന്‍ അനുഭവിക്കുന്ന വേദനയില്‍ നിന്ന് വളരെ അകലെ.
പേരറിയാത്ത ആ ആണ്‍കുട്ടി അഫ്ഗാന്‍ ഭൂമിയുടെ മൃദുവായ മണ്ണിലേക്ക് ചാടിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
വീട്ടിലിപ്പോള്‍, എന്റെ മൂന്നു വയസ്സുള്ള മകന്‍ പാട്ടിനൊപ്പം ചാടുകയാണ്.
'ഞാന്‍ വാര്‍ക്കുന്ന രക്തമത്രയും. ഹോ! ' അവന്‍ ചാടുന്നു.
'എന്റെ ദേശമെവിടെയെന്ന് എനിക്കറിയില്ല. ഹേയ്!' അവന്‍ ചാടുന്നു.
'എനിക്ക് എവിടെയാണ് പിഴച്ചതെന്ന് എനിക്കറിയില്ല. ഹോ! '
ഒരിക്കല്‍ കൂടി അവന്‍ ചാടി.
നൃത്തം തുടര്‍ന്നു.