'മഗ്‌ഷോട്ടുകളുടെ മൊണാലിസ'; ട്രംപിന്‍റെ അറസ്റ്റ് ചിത്രത്തിന് ട്രോളോടുട്രോള്‍, ട്രോളും പണമാക്കാന്‍ ട്രംപ് !
തന്‍റെ മഗ്ഷോട്ട് ചിത്രം ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളാനായി ഉപയോഗിക്കുകയാണെന്ന് മനസിലാക്കിയ ട്രംപ് ഒരു മുഴം മുന്നേ എറിഞ്ഞു. അതേ ചിത്രം വച്ച് അടുത്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണപ്പിരിവ് തുടങ്ങി.
സാമൂഹിക മാധ്യമങ്ങളുടെ കടന്ന് വരവോടെ ലോകത്തുള്ള സകലതിനെയും വിമര്‍ശിക്കാന്‍ സാധാരണക്കാര്‍ക്ക് ഒരു 'പൊതു ഇടം' കിട്ടുകയായിരുന്നു. തങ്ങളുടെ ചുറ്റുമുള്ള എന്തിനെയും അവര്‍, തങ്ങളുടെതായ ആ പൊതു ഇടത്തില്‍ വിമര്‍ശന വിധേയമാക്കി, കളിയാക്കി... ഇത്തരം കളിയാക്കലുകള്‍ പിന്നീട് മീമുകള്‍ക്കും ട്രോളുകള്‍ക്കും വഴി തുറന്നു. സാധാരണക്കാര്‍ക്ക് കൂടി പറയാനുള്ള കാര്യങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കാന്‍ ഏതാനും വാചകങ്ങള്‍ മാത്രം ചേര്‍ത്ത് ഇത്തരത്തില്‍ ഇറക്കുന്ന ചിത്ര മീമുകള്‍ക്കും ട്രോളുകള്‍ക്കും കഴിഞ്ഞു. കഴിഞ്ഞ ദിവസം അത്തരത്തിലൊരു ചിത്രത്തിന്‍റെ മീമുകളും ട്രോളുകളും സാമൂഹിക മാധ്യമങ്ങളിലൂടെ ലോകമെങ്ങും തരംഗം തീര്‍ത്തു. മറ്റാരുമായിരുന്നില്ല, മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് തന്നെയായിരുന്നു. അത്.
2020 ലെ ജോർജിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൃത്രിമം നടത്തി എന്ന ആരോപണങ്ങളെ തുടര്‍ന്ന് ജോര്‍ജ്ജിയയില്‍ കീഴടങ്ങിയ ട്രംപിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തുടര്‍ന്ന് അറ്റ്ലാന്‍റയിലെ ഫുള്‍ട്ടന്‍ കൗണ്ടി ജയിലില്‍ ഏതാണ്ട് മുപ്പത് മിനിറ്റോളം കിടന്ന ട്രംപിനെ പിന്നീട് രണ്ട് ലക്ഷം ഡോളറിന്‍റെ ജാമ്യത്തുകയില്‍ വിട്ടയക്കുകയായിരുന്നു. ജയിലിലേക്ക് അയക്കുന്നതിന് മുമ്പ് പോലീസ് ട്രംപിന്‍റെ മഗ്ഷോട്ട് (പോലീസ് രേഖകളില്‍ സൂക്ഷിച്ച് വയ്ക്കുന്നതിനായി എടുക്കുന്ന കുറ്റവാളിയുടെ ചിത്രം) പകര്‍ത്തിയിരുന്നു. ഈ ചിത്രത്തിന്‍റെ മീമുകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ലോകമെങ്ങും വ്യാപകമായി പ്രചരിക്കുന്നത്. '
നിരശായനായ ട്രംപിന്‍റെ മഗ്ഷോട്ട് ചിത്രം നെറ്റിസണ്‍സിനിടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പിന്നാലെ ചിത്രത്തെ ഉള്‍പ്പെടുത്തിയ മീമുകളുടെ പ്രവാഹമായിരുന്നു. മഗ്ഷോട്ടിലുള്ള ട്രംപിന്‍റെ രൂക്ഷമായ നോട്ടം ചരിത്രത്തിലെ നിരവധി സ്വേച്ഛാധിപതികളോടുള്ള താരതമ്യത്തിന് ഇടയാക്കി. ചിലര്‍ രസകരമായ കുറിപ്പുകളെഴുതി. “മഗ്‌ഷോട്ട് കരാർ മുദ്രവച്ചു… ട്രംപ് 2024,” ഒരാള്‍ എഴുതി. “ചിലർ ഇതിനെ മഗ്‌ഷോട്ടുകളുടെ മൊണാലിസ എന്ന് വിളിക്കുന്നു.” മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. തന്‍റെ മഗ്ഷോട്ട് ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് മനസിലാക്കിയ ട്രംപ് പിന്നീട് ഈ ചിത്രം സ്വന്തം സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ, തന്‍റെ പ്രചാരണ വെബ്‌സൈറ്റിലേക്കുള്ള ലിങ്കിനൊപ്പം പങ്കവച്ചു. പൊതു ജീവിതത്തില്‍ ആളുകള്‍ മഗ്ഷോട്ട് ചിത്രങ്ങള്‍ അപമാനകരമായി കരുതുന്നു. കാരണം അത് പോലീസ് കേസുമായി ബന്ധപ്പെട്ട് ചിത്രീകരിക്കുന്നുവെന്നതിനാല്‍ തന്നെ. എന്നാല്‍, അതും തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുകയായിരുന്നു ട്രംപ് ചെയ്തത്. മാത്രമല്ല, ഈ ചിത്രം പതിച്ച ടീ ഷര്‍ട്ടിന് 34 ഡോളറിന് വില്പനയ്ക്ക് വച്ച് ട്രംപ് കാമ്പെയ്‌നിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് ഒരു പടി കൂടി കടന്നു. ഇതിനിടെ 2021 ന് ശേഷം ആദ്യമായി ട്രംപ് ട്വിറ്ററിലേക്ക് (X) തിരിച്ചെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക