Asianet News MalayalamAsianet News Malayalam

Cheng Lei: ചാരപ്പണി നടത്തിയെന്ന് ആരോപണം: ചാനല്‍ അവതാരകയ്ക്ക് രഹസ്യവിചാരണ

വിചാരണ നടക്കുന്ന കോടതി വളപ്പിലെത്തിയ ഓസ്‌ട്രേലിയന്‍ നയതന്ത്ര പ്രതിനിധികളെ ചൈന തടഞ്ഞുവെച്ചു. തങ്ങളുടെ പ്രതിനിധികളെ വിചാരണയ്ക്ക് കടത്തിവിടാത്ത സംഭവത്തില്‍ ഓസ്ട്രേലിയ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 
 

trial of Australian journalist Cheng Lei in China for espionage
Author
Beijing, First Published Mar 31, 2022, 4:52 PM IST | Last Updated Mar 31, 2022, 4:52 PM IST

രാജ്യത്തിന്റെ രഹസ്യങ്ങള്‍ ശത്രുരാജ്യങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്ന് ആരോപിച്ച് ചൈന അറസ്റ്റ് ചെയ്ത ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയുടെ രഹസ്യവിചാരണ ആരംഭിച്ചു. ചൈനീസ് വംശജയായ ആസ്ത്രേലിയന്‍ മാധ്യമപ്രവര്‍ത്തക ചെംഗ് ലീയാണ്, ചാരവൃത്തിക്കേസില്‍ ചൈനയില്‍ വിചാരണയ്ക്ക് വിധേയമായത്. ഓസ്‌ട്രേലിയയില്‍ വന്‍ വിവാദമിളക്കിവിട്ട സംഭവത്തില്‍, വിചാരണ നടക്കുന്ന കോടതി വളപ്പിലെത്തിയ ഓസ്‌ട്രേലിയന്‍ നയതന്ത്ര പ്രതിനിധികളെ ചൈന തടഞ്ഞുവെച്ചു. തങ്ങളുടെ പ്രതിനിധികളെ വിചാരണയ്ക്ക് കടത്തിവിടാത്ത സംഭവത്തില്‍ ഓസ്ട്രേലിയ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 

ചൈനീസ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള സിജിടിഎന്‍ ചാനലിലെ അവതാരകയായിരുന്നു ചെംഗ് ലീ. ചൈനയില്‍ ജനിച്ച് ഓസ്‌ട്രേലിയന്‍ പൗരത്വം സ്വീകരിച്ച ലീ ചൈനയിലെ പ്രശസ്തയായ അവതാരകമാരില്‍ ഒരാളായിരുന്നു. 2020 ഓഗസ്തിലാണ് ഇവരെ പൊടുന്നനെ കാണാതായത്. ചാനല്‍ പരിപാടികളില്‍നിന്നും ഇവര്‍ അപ്രത്യക്ഷയായതിനു പിന്നാലെ, ചാനല്‍ വൈബ്‌സൈറ്റില്‍നിന്നും ചെംഗ് ലീയുടെ പ്രൊഫൈല്‍ അപ്രത്യക്ഷമായി. ഇവര്‍ക്കെന്ത് സംഭവിച്ചു എന്ന കുടുംബത്തിന്റെ ചോദ്യങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ ഉത്തരം നല്‍കിയില്ല. അതു കഴിഞ്ഞ് ആറു മാസത്തിനു ശേഷമാണ്, ഇവരെ അറസ്റ്റ് ചെയ്തതായി ചൈന സ്ഥിരീകരിച്ചത്. ചൈനയുടെ തന്ത്രപ്രധാന രഹസ്യങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് കടത്തി, ചാരവൃത്തി നടത്തി, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ചൈന ഔദ്യോഗികമായി വിശദീകരിച്ചു. എന്നാല്‍, എന്ത് രഹസ്യങ്ങളാണ് ലീ ചോര്‍ത്തിയത് എന്നോ ആര്‍ക്കാണ് ചോര്‍ത്തിനല്‍കിയതെന്നോ ചൈന ഇതുവരെ വിശദീകരിച്ചിട്ടില്ല. അതോടൊപ്പം കേസിന് ആസ്പദമായ സംഭവങ്ങളുടെ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. 

ലീയ്ക്ക് നിയമപരമായ അവകാശങ്ങള്‍ ലഭിക്കുമെന്ന് ചൈനീസ് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള മാനുഷിക പരിഗണനയും നീതിയും ലഭിക്കുന്നില്ലെന്ന് ഓസ്‌ട്രേലിയ ആരോപിച്ചു. വിചാരണ കോടതിയിലേക്ക് തങ്ങളെ കടത്തിവിട്ടില്ലെന്ന് ചൈനയിലെ ഓസ്‌ട്രേലിയന്‍ അംബാസഡര്‍ ഗ്രഹാം ഫ്‌ലെച്ചര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചൈനയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും  ലീയുടെവിചാരണ നടക്കുന്നുവെന്നു കരുതുന്ന കോടതിക്കു പുറത്ത് അദ്ദേഹം പറഞ്ഞു. ലീയ്ക്ക് നിതിയുക്തമായ വിചാരണ ലഭിക്കുമെന്ന പ്രതീക്ഷ ചൈന ഇല്ലാതാക്കിയെന്നും അദ്ദേഹം ആരോപിച്ചു. 

അതേ സമയം അറസ്റ്റിന് കാരണമായി ചൈന പറയുന്ന വസ്തുതകള്‍ വ്യാജമാണെന്നാണ് ഓസ്‌്രേടലിയയില്‍ കഴിയുന്ന ലീയുടെ കുടുംബം പറയുന്നത്. രാജ്യ രഹസ്യങ്ങള്‍ പുറത്താക്കി എന്ന ആരോപണം വിശ്വസനീയമല്ലെന്നും ഇതിനു  പിന്നില്‍ ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളാവാമെന്നും കുടുംബ വക്താവ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലീയുടെ അമ്മയും ഒമ്പതും പതിനൊന്നും വയസുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്ന കുടുംബം മെല്‍ബണിലാണ് താമസിക്കുന്നത്. അറസ്റ്റിനു ശേഷം കുട്ടികളുമായി സംസാരിക്കാന്‍ ലീയ്ക്ക് സാധിച്ചിട്ടില്ല. ഓസ്‌ട്രേലിയ ഇക്കാര്യം നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ചൈന നിഷേധിക്കുകയായിരുന്നു. 

ചൈനയ്ക്കും ആസ്‌ത്രേലിയയ്ക്കും ഇടയിലുള്ള വ്യാപാര -നയതന്ത്ര പ്രശ്‌നങ്ങള്‍ക്കിടയിലാണ് ലീ അറസ്റ്റ് ചെയ്യപ്പെട്ടത്.  കൊറോണ വൈറസ് വന്നത് ചൈനീസ് ലാബില്‍നിന്നാണോ എന്ന സംശയതെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടതുമുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. അത് പിന്നീട് വ്യാപാര ബന്ധങ്ങളെയും നയതന്ത്ര ബന്ധങ്ങളെയും ബാധിച്ചു. 

ചൈനീസ് ചാനലായ സിജിടിഎന്നിലെ ശ്രദ്ധേയമായ പരിപാടിയായ ബിസ് ഏഷ്യയുടെ അവതാരകയായിരുന്നു ലീ. 2003 -ല്‍ അവര്‍ ചൈനീസ് മാധ്യമമായ സിസിടിവിയിലും പ്രവര്‍ത്തിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios