വഞ്ചിക്കപ്പെട്ട കാമുകിയുടെ പ്രതികാരം, ട്രാൻസ് വുമൺ 13 കൊല്ലം കൊണ്ട് പറ്റിച്ചത് കാമുകന്റെ നാട്ടിലെ 73 പേരെ
ജപ്പാൻകാരനായിരുന്ന തൻറെ മുൻ കാമുകനോടുള്ള വിരോധമാണ് ജപ്പാനീസ് പുരുഷന്മാരെ കബളിപ്പിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നാണ് ആമി പൊലീസിനോട് പറഞ്ഞത്.
ജപ്പാനിൽ നിന്നുള്ള തൻ്റെ മുൻ കാമുകനോട് പ്രതികാരം ചെയ്യാൻ തായ്‌ലൻഡിൽ നിന്നുള്ള ട്രാൻസ്‌വുമൺ ഇരകളാക്കിയത് 73 ജപ്പാൻകാരെ. പ്രണയം നടിച്ച് വഞ്ചിച്ച് 73 പേരിൽ നിന്നായി തട്ടിയെടുത്തത് ഏകദേശം ഏഴു കോടി രൂപയാണ്. 13 വർഷം നീണ്ട തട്ടിപ്പിന് ഒടുവിൽ ബാങ്കോക്കിൽ നിന്ന് ആമി എന്ന പേരിൽ അറിയപ്പെടുന്ന ഉതൈ ആമി നന്തഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ജപ്പാൻകാരനായിരുന്ന തൻറെ മുൻ കാമുകനോടുള്ള വിരോധമാണ് ജപ്പാനീസ് പുരുഷന്മാരെ കബളിപ്പിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നാണ് ആമി പൊലീസിനോട് പറഞ്ഞത്. ആമി 15 മില്യൺ ബാറ്റ് (3.6 കോടിയിലധികം രൂപ) കബളിപ്പിച്ചതായി ഒരു ജാപ്പനീസ് യുവാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് ഇവർ പിടിയിലായത്.
തായ് മാധ്യമമായ തൈഗർ പറയുന്നതനുസരിച്ച്, പാസ്‌പോർട്ടും ഹാൻഡ്‌ബാഗും നഷ്ടപ്പെട്ട ഹോങ്കോങ്ങിൽ നിന്നുള്ള ഒരു സന്ദർശകയായി അഭിനയിച്ചാണ് വഞ്ചിക്കപ്പെട്ട ആളുമായി ആമി പരിചയത്തിൽ ആയത്. അന്ന് അവരുടെ താമസ ചെലവുകൾക്കുള്ള തുകയും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാനുള്ള വിവരങ്ങളും അയാൾ ആമിക്ക് കൈമാറിയിരുന്നു. വൈകാതെ ആ പരിചയം വളരുകയും അയാൾ ആമിയുടെ വലയിൽ വീഴുകയും ചെയ്തു.
അതോടെ പല ആവശ്യങ്ങൾക്കും ഇയാളിൽ നിന്നും പണം തട്ടിയെടുത്തു. എന്നാൽ, വാങ്ങിച്ച പണം ഒരിക്കൽ പോലും തിരികെ നൽകിയില്ല. പണം മടക്കി ചോദിക്കാൻ സാധ്യതയുള്ള ഘട്ടങ്ങളിൽ നിന്നെല്ലാം വിദഗ്ധമായി ഒഴിഞ്ഞുമാറി. പണം വാങ്ങിയതിന് പുറമേ ഇയാളുടെ കയ്യിൽ നിന്നും സ്വർണവും തട്ടിയെടുത്തിരുന്നു. തുടർന്ന് അവിടെ നിന്നും കടന്നുകളയുകയായിരുന്നു.
പോലീസ് റിപ്പോർട്ടുകൾ പ്രകാരം, തായ്‌വാനിൽ നിന്നോ ഹോങ്കോങ്ങിൽ നിന്നോ എത്തി യാത്രാരേഖകൾ നഷ്ടപ്പെട്ട് ദുരിതത്തിലായ യാത്രക്കാരിയായി വേഷമിട്ടാണ് ഇവർ പ്രധാനമായും ആളുകളെ തൻറെ വലയിലാക്കിയിരുന്നത്. ഒരേസമയം തന്നെ ഒന്നിലധികം പുരുഷന്മാരെ ഇവർ കബളിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ നീണ്ട 13 വർഷം കൊണ്ട് 73 ഓളം പുരുഷന്മാരെയാണ് താൻ കബളിപ്പിച്ചത് എന്നാണ് ആമി പോലീസിനോട് സമ്മതിച്ചത്.