വീട്ടിലിരുന്ന ആളോട് 220 രൂപ ഈടാക്കി ടോൾ പ്ലാസ; ഇതെന്ത് മര്യാദയെന്ന് സോഷ്യൽ മീഡിയ
അക്കൗണ്ടിൽ നിന്നും പണം ഈടാക്കുമ്പോൾ താൻ വീട്ടിൽ വിശ്രമിക്കുകയായിരുന്നുവെന്നും ഈ മാസം ഒരിക്കൽ പോലും താനാ റൂട്ടിൽ പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
വീട്ടിൽ വിശ്രമിക്കുകയായിരുന്നു തന്‍റെ അക്കൗണ്ടിൽ നിന്നും 220 രൂപ അനധികൃതമായി ടോൾ ഈടാക്കിയതായി പഞ്ചാബ് സ്വദേശിയുടെ വെളിപ്പെടുത്തൽ. 2024 ഓഗസ്റ്റ് 14 -ന് ഉച്ചയ്ക്ക് 2 മണിക്ക് ലഡോവൽ ടോൾ പ്ലാസയിൽ വച്ച് കിഴിവ് നടത്തിയതാണ് സുന്ദർദീപ് സിംഗ് എന്ന വ്യക്തി എക്സിൽ കുറിച്ചത്. തന്‍റെ അക്കൗണ്ടിൽ നിന്നും പണം ഈടാക്കിയെന്ന് വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
അക്കൗണ്ടിൽ നിന്നും പണം ഈടാക്കുമ്പോൾ താൻ വീട്ടിൽ വിശ്രമിക്കുകയായിരുന്നുവെന്നും ഈ മാസം ഒരിക്കൽ പോലും താനാ റൂട്ടിൽ പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം തന്‍റെ പോസ്റ്റിൽ കുറിച്ചു. അനധികൃതമായി പണം ഈടാക്കിയതിന് ശേഷം ഫാസ്ടാഗ് അക്കൗണ്ടിൽ ബാക്കിയുള്ളത് 790 രൂപയാണെന്നും സ്ക്രീൻഷോട്ടില്‍ വ്യക്തമാണ്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ടോള്‍ പ്ലാസ സിംഗിനോട് ബാങ്കിന്‍റെ കസ്റ്റമർ സർവീസ് ഡെസ്‌കുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃതമായാണ് പണം ഈടാക്കിയതെന്ന് കണ്ടെത്തിയാൽ പണം തിരികെ നൽകുമെന്നും അവർ ഉറപ്പു നൽകി.
6 ലക്ഷത്തിലധികം ആളുകളാണ് ഈ പോസ്റ്റ് ഇതുവരെ കണ്ടത്. സമാനമായ ദുരനുഭവം തങ്ങൾക്കും നേരിട്ടതായി നിരവധി പേർ പോസ്റ്റിന് താഴെ കുറിച്ചു. ഇത്തരം സംഭവങ്ങൾ ആരും നിസ്സാരമായി കരുതി തള്ളിക്കളയരുതെന്നും അബദ്ധത്തിന്‍റെ പേരിലാണെങ്കിൽ കൂടിയും ഇത്തരം ചൂഷണങ്ങൾ ഇപ്പോൾ പതിവായിരിക്കുകയാണെന്നും ചിലർ അഭിപ്രായപ്പെട്ടു. നഷ്ടപ്പെട്ട തുക ചെറുതാണെന്ന് കരുതി ആരും നിശബ്ദരാകരുതെന്നും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുന്നത് വരെ അതിനെതിരെ പ്രതികരിക്കണമെന്നും നിരവധി പേർ കുറിപ്പെഴുതി.
അറുപതോളം പേരുടെ മരണത്തിന് കാരണം; ചാരുകസേരയുടെ ചരിത്രം തേടിയയാള്‍ പറഞ്ഞത് അവിശ്വസനീയമായ കാര്യം