ഭർത്താവിനും ആറ് കുട്ടികൾക്കും ഒപ്പം ഒരു മുറി വീട്ടിൽ താമസം; ഗർഭിണിയായി ടിക് ടോക്കർക്ക് സോഷ്യൽ മീഡിയയിൽ വിമർശനം
ഒരൊറ്റ മുറി, അതില്‍ ആറ് കുട്ടികളും അമ്മയും അച്ഛനും. എന്നിട്ടും എഴാമതൊരു കുട്ടിയ്ക്കായുള്ള കാത്തിരിപ്പും. വീഡിയോയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സമൂഹ മാധ്യമ ഉപയോക്താക്കള്‍.
സമൂഹ മാധ്യമങ്ങളുടെ സാധ്യത വർദ്ധിച്ചതോടെ ഓരോ നിമിഷവും സാമൂഹിക മാധ്യമങ്ങളിൽ നിറയുന്ന കണ്ടന്‍റുകൾ എണ്ണിയാൽ ഒടുങ്ങാത്ത അത്രയാണ്. പലപ്പോഴും ആളുകൾ തങ്ങളുടെ വ്യക്തി ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ കാര്യങ്ങൾ പോലും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നു. ഇത് വലിയ സൈബർ ആക്രമണങ്ങൾ ക്ഷണിച്ചു വരുത്തുന്നതും പതിവാണ്. സമാനമായ രീതിയിൽ ഒരു വിദേശ സമൂഹ മാധ്യമ ഇൻഫ്ലുവെൻസർ തന്‍റെ ടിക് ടോക്കിൽ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് വലിയ വിമർശനമാണ് നേരിടേണ്ടിവന്നത്.
ആറ് കുട്ടികൾക്കും ഭർത്താവിനും ഒപ്പം ഒരു കിടപ്പുമുറി മാത്രമുള്ള അപ്പാർട്ട്മെന്‍റിൽ താമസിക്കുന്ന ഗർഭിണിയായ ടിക് ടോക്കർ തങ്ങളുടെ ഏഴാമത്തെ കുഞ്ഞിന്‍റെ ജനനത്തിന് മുമ്പ് വീട് ഒരുക്കുന്നതിന്‍റെ വീഡിയോയാണ് തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ പങ്കുവെച്ചത്. 'ഒരു കിടപ്പുമുറിയിൽ കിടക്കാൻ ആറ് പേരുള്ളപ്പോൾ ഒരു ഡൈനിംഗ് റൂമിനേക്കാൾ അത്യാവശ്യം ഒരു കിടപ്പുമുറിയാണ്' എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ആകട്ടെ ഡൈനിങ് റൂമെന്ന് തോന്നിപ്പിക്കുന്ന ഒരു സ്ഥലത്തെ മേശയും മറ്റ് സാധനങ്ങളും മാറ്റി അവിടം അടിച്ചു വൃത്തിയാക്കി കിടപ്പുമുറിക്ക് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുന്ന ദൃശ്യങ്ങളുമാണുള്ളത്. ഈ വീഡിയോ വളരെ വേഗത്തിൽസമൂഹ മാധ്യമങ്ങളില്‍ വൈറലായിയെന്ന് മാത്രമല്ല, വീഡിയോയിലുള്ള യുവതിക്കും അവരുടെ ഭർത്താവിനും എതിരെ വലിയ വിമർശനങ്ങളും ഉയരുന്നതിന് കാരണമായി.
പാവകള്‍ നിറഞ്ഞ ജപ്പാന്‍ ഗ്രാമം; ഇരുപത് വര്‍ഷത്തിനിടെ ജനിച്ചത് ഒരൊറ്റ കുട്ടി മാത്രം
ഒന്നിലധികം ടിവികളും പ്ലേ സ്റ്റേഷനുമൊക്കെ ഉണ്ടെങ്കിലും കുട്ടികൾക്ക് സ്വസ്ഥമായി ഉറങ്ങാൻ ഒരു മുറി ഉണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കില്ലേയെന്നാണ് വീഡിയോ കണ്ടവരിൽ ചിലർ ചോദിച്ചത്. ഇത് ഭ്രാന്താണെന്നും മറ്റ് ചിലർ പ്രതികരിച്ചു. ആറ് കുട്ടികൾക്ക് കിടക്കാൻ സ്ഥലം ഇല്ലാത്തിടത്തേക്ക് ഏഴാമത് ഒരു കുട്ടിയെ കൂടി കൊണ്ടുവരാൻ നിങ്ങൾക്ക് നാണമില്ലേയെന്നും നെറ്റിസൺസിൽ ചിലർ അഭിപ്രായപ്പെട്ടു. നിരവധി ഉപയോക്താക്കൾ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസസിന് (സിപിഎസ്) വീഡിയോ ടാഗ് ചെയ്യുകയും അവർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. നല്ല നിലവാരമുള്ള ജീവിതം നൽകാൻ കഴിയാതെ വരുമ്പോൾ ഒന്നിൽ കൂടുതൽ കുട്ടികളുള്ളത് ക്രിമിനൽ കുറ്റമാണെന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്.