Science| നിലാവില്‍ ആ പൂവ് ഇരുണ്ടുപോവുന്നത് എന്തുകൊണ്ടാണ്?
സൂര്യ പ്രകാശത്തില്‍ നല്ല ചുവന്ന നിറത്തില്‍ കാണപ്പെടുന്ന ഒരു റോസാപ്പൂവ് അതേ പ്രകാശം ഒന്നു കൂടി പ്രതിഫലിച്ചുണ്ടാവുന്ന നിലാവില്‍ ഇരുണ്ടു പോകുന്നത് എന്തു കൊണ്ടാവാം- തുളസി ജോയ് എഴുതുന്നു
കാണുക നിലാവിനെ,
നാമൊരേ പോലെ,
ദൂരെയാകിലും സഖേ,
പങ്കു വയ്ക്കുക വീണ്ടും വീണ്ടും.
വിജയലക്ഷ്മി
Photo: Elena Popova / Gettyimages
പൗര്‍ണമി, ഒഴുകി പരക്കാറേയുള്ളു; ഉടല്‍ പൊള്ളിക്കാതെ. നിലാവുള്ള രാത്രികള്‍ക്കെല്ലാം ഒരു പൊതു സ്വഭാവമുണ്ട് - വര്‍ണ്ണരാഹിത്യം!
സൂര്യ പ്രകാശം ചന്ദ്രോപരിതലത്തില്‍ തട്ടി പ്രതിഫലിച്ച് ഭൂമിയില്‍ എത്തുന്നതാണ് നിലാവ് എന്ന് നമുക്കറിയാം. അങ്ങനെയെങ്കില്‍ സൂര്യ പ്രകാശത്തില്‍ നല്ല ചുവന്ന നിറത്തില്‍ കാണപ്പെടുന്ന ഒരു റോസാപ്പൂവ് അതേ പ്രകാശം ഒന്നു കൂടി പ്രതിഫലിച്ചുണ്ടാവുന്ന നിലാവില്‍ ഇരുണ്ടു പോകുന്നത് എന്തു കൊണ്ടാവാം?
കാരണങ്ങള്‍, പ്രധാനമായും, രണ്ടാണ് :
1.
ചന്ദ്രോപരിതലം അതില്‍ പതിക്കുന്ന സൂര്യ പ്രകാശത്തിന്റെ വെറും 13 % വരെ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ ( albedo). പരുക്കന്‍ പാറകള്‍ നിറഞ്ഞ, ഐസോ, ജലമോ ഇല്ലാത്ത ചന്ദ്രോപരിതലം നേരിട്ട് പ്രതിഫലിപ്പിക്കുന്ന സൂര്യ പ്രകാശം വളരെ കുറവാണ്. അതേ സമയം, ഭൂമിക്ക് 30 % ഓളം പ്രതിഫലിപ്പിക്കാന്‍ കഴിയുന്നുണ്ട്.
ഇത്രയും കുറച്ചു മാത്രം albedo value ഉള്ളത് കൊണ്ട്, ചാന്ദ്ര രശ്മികള്‍ക്ക് തീവ്രത വളരെ കുറവാണ്.
2.
ക്യാമറയില്‍ ഫിലിമിന്റെ ഭാഗം, നമ്മുടെ കണ്ണില്‍ അവതരിപ്പിക്കുന്നത് കണ്ണിലെ റെറ്റിന ആണ്. റെറ്റിനയില്‍ ഉള്ള റോഡ്, കോണ്‍ - എന്ന രണ്ടു തരം കോശങ്ങള്‍ ആണ് പ്രകാശ രശ്മികളെ സ്വീകരിച്ചു തലച്ചോറിന് കാഴ്ചയുടെ സന്ദേശങ്ങള്‍ നല്‍കുന്നത്.
കോണ്‍ കോശങ്ങള്‍ നിറമുള്ള പ്രകാശ രശ്മികളെ സ്വീകരിക്കും. പക്ഷെ, ഇവയ്ക്ക് ഒരു കുഴപ്പം ഉണ്ട്. മങ്ങിയ, തീവ്രത കുറഞ്ഞ പ്രകാശത്തോട് ഇവ പ്രതികരിക്കില്ല. അല്ലെങ്കില്‍, പ്രതികരിക്കുന്ന തോത്, വളരെ കുറഞ്ഞ അളവില്‍ ആയിരിക്കും.
റോഡ് കോശങ്ങള്‍ അരണ്ട വെളിച്ചവും സ്വീകരിക്കും. പക്ഷെ, അവ വര്‍ണാന്ധരാണ്! നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയില്ല - എന്നര്‍ത്ഥം.
നിലാവ്, ചുവപ്പ് റോസാപ്പൂവില്‍ തട്ടി പ്രതിഫലിച്ച് നമ്മുടെ കണ്ണില്‍ എത്തി, എന്നിരിക്കട്ടെ. തീവ്രത കുറഞ്ഞ പ്രകാശത്തോട് പ്രതികരിക്കാന്‍ ആവാത്ത കോണ്‍ കോശങ്ങള്‍ നിസ്സഹായരാണ്.
പകരം, റോഡ് കോശങ്ങള്‍ ഈ പ്രകാശത്തെ സ്വീകരിച്ച്, ഒരു ഇരുണ്ട പൂവ് - എന്ന സന്ദേശം തലച്ചോറില്‍ ഉണ്ടാക്കുന്നു..
പറഞ്ഞു വന്നത് ഇതാണ്: നിലാവിന്റെ തീവ്രത ( intensity ) കുറവാണ് എന്നതിനേക്കാള്‍, നമ്മുടെ കാഴ്ചയുടെ പരിമിതിയാണ്, പൂവിന്റെ നിറം കവര്‍ന്നെടുക്കുന്നത്.
ഇത്രയും കൂടി:
ഇതോടൊപ്പമുള്ള നാസ പ്രസിദ്ധീകരിച്ച ഭൂമിയുടെയും, ചന്ദ്രന്റെയും ഒരുമിച്ചുള്ള വീഡിയോ നോക്കൂ. ചന്ദ്രന്‍ ഇരുണ്ടു കാണാം. Albedo വ്യത്യാസം വ്യക്തമായി അറിയാം.