ഉത്തര കൊറിയയിലെ മൂന്നു കിമ്മുകൾ; ഏകാധിപത്യ കമ്യൂണിസ്റ്റ് പാരമ്പര്യവാഴ്ച ഒരു രാജ്യത്തോട് ചെയ്തത്

ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നോർത്ത് കൊറിയ എന്ന കമ്യൂണിസ്റ്റ്  രാജ്യത്ത്, അതിന്റെ പേരിൽ മാത്രം നിലനിൽക്കുന്നതാണ് ജനാധിപത്യവും, ജനങ്ങളുടെ റിപ്പബ്ലിക്കും എല്ലാം.

three kims of north korea, what communist monarchy regimes did to this country

'അധികാരത്തിന്റെ ഗോതമ്പുമാവ് കുഴച്ചെടുക്കാൻ ഏറ്റവും നല്ലത് ചോരയാണ്' എന്ന് പറയാറുണ്ട്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപാടെ ഗറില്ലായുദ്ധമുറകളിലൂടെ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നോർത്ത് കൊറിയ എന്ന കമ്യൂണിസ്റ്റ് രാജ്യം സ്ഥാപിച്ച അന്നുതൊട്ടേ അത് പ്രവർത്തിച്ചു കാണിച്ച പാരമ്പര്യമാണ് ഉത്തര കൊറിയയിലെ കിം കുടുംബത്തിന്റേത്. ഈ രാജ്യത്ത്, പേരിൽ മാത്രം നിലനിൽക്കുന്ന കാര്യങ്ങളാണ് 'ജനാധിപത്യ'വും 'ജനങ്ങളുടെ റിപ്പബ്ലിക്കും' എല്ലാം. സമഗ്രാധിപത്യത്തിന് എത്രമേൽ ഭീഷണമായ രീതിയിൽ ഒരു സമൂഹത്തെ പൂണ്ടടക്കം പിടിക്കാമോ അത്രയ്ക്ക് പിടിച്ചുവെച്ചിരിക്കുകയാണ് ഉത്തരകൊറിയയിൽ. കിം കുടുംബത്തിലെ ഏറ്റവും ഇലമുറക്കാരനായ കിം ജോങ് ഉൻ ആകട്ടെ, തന്റെ അധികാരത്തിനു വിഘാതമാണ് എന്ന് തോന്നുന്നപക്ഷം ആരെയും ഇല്ലാതാക്കാൻ ഒരു മടിയുമില്ലാത്ത ഒരാളെന്ന കുപ്രസിദ്ധിയാർജ്ജിച്ച വ്യക്തികൂടിയാണ്. അത് 2013 -ൽ തന്റെ അമ്മാവനെയും, 2017 -ൽ സ്വന്തം സഹോദരനെത്തന്നെയും ഈ ഭൂമുഖത്തുനിന്ന് പറഞ്ഞയച്ചപ്പോൾ അദ്ദേഹം തെളിയിച്ചതാണ്. 

സഹോദരൻ കിം ജോങ് നാമിനെ വാടകക്കൊലയാളികൾ മലേഷ്യയിൽ കോലാലംപുരിലെ വിമാനത്താവളത്തിന്റെ ലൗഞ്ചിൽ വെച്ച് അതിമാരകമായ VX നെർവ് ഗ്യാസ് ഉപയോഗിച്ച് വധിച്ചു കളഞ്ഞതിന് കൃത്യം അഞ്ചു മാസങ്ങൾക്കുള്ളിലാണ് സുപ്രീം ലീഡർ കിം ജോങ് ഉൻ അമേരിക്കവരെ ചെന്നെത്താൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ലോകത്തെ വീണ്ടും ഞെട്ടിച്ചു കളഞ്ഞത്. അതിനു തൊട്ടു പിന്നാലെ, അമേരിക്ക ഹിരോഷിമയിൽ പരീക്ഷിച്ചതിന്റെ  പതിനേഴിരട്ടി പ്രഹരശേഷിയുള്ള ഒരു അണ്വായുധവും ഉത്തരകൊറിയ പരീക്ഷിച്ചു. അന്ന് ട്രംപ് അതിനോട് പ്രതികരിച്ചത്, "ഇവിടെ എല്ലാം ലോഡ് ചെയ്തു വെച്ചിരികയാണ്, ഉത്തര കൊറിയ വല്ല അബദ്ധവും കാണിച്ചാൽ പ്രതികരണം ഉറപ്പ്..." എന്നായിരുന്നു. അമേരിക്കൻ നിയന്ത്രണത്തിലുള്ള ഗ്വാം പ്രവിശ്യയിലേക്ക് മിസൈൽ തൊടുത്തുവിടുമെന്ന കിമ്മിന്റെ ഭീഷണിയായിരുന്നു ട്രംപിന്റെ പ്രതികരണത്തിന് കാരണം. 

പക്ഷേ, 2018 ഏപ്രിൽ മുതൽ നമ്മൾ കണ്ടത് ബോധോദയം സിദ്ധിച്ച കിമ്മിനെയാണ്. സ്ഥിരമായി കൊമ്പുകോർക്കാറുള്ള ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നിനെ ആലിംഗനം ചെയ്യുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി സൗഹൃദ സംഭാഷണങ്ങൾ നടത്തുന്നു, ഇരു കൊറിയകൾക്കുമിടയിൽ സമാധാനത്തിന്റെ പുതുയുഗം പിറന്നു എന്ന് പ്രഖ്യാപിക്കുന്നു.

അതെ, ഉത്തര കൊറിയ ഒരു നിഗൂഢരാജ്യമാണ്. ഇത്രയേറെ ഉപരോധിക്കപ്പെട്ടിട്ടും, അവഗണിക്കപ്പെട്ടിട്ടും, അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തപ്പെട്ടിട്ടും, രൂപീകൃതമായി ഏഴു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഒരു കമ്യൂണിസ്റ്റ് രാജ്യം ഇന്നും സാമ്പത്തികമായി തകർന്നടിയാതെ പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ അത്രയ്ക്ക് യുക്തിസഹമായ എന്തെങ്കിലുമൊക്കെ ഉണ്ടാവണം. സായുധവിപ്ലവത്തിലൂടെ അധികാരം സ്ഥാപിച്ചെടുത്ത് നിലവിൽ വന്ന പല കമ്യൂണിസ്റ്റ് സമഗ്രാധിപത്യ രാജ്യങ്ങളും തകർന്നടിഞ്ഞതിന് ചരിത്രം സാക്ഷിയാണ്. തൊണ്ണൂറുകളിലെ റഷ്യയുടെ തകർച്ച തന്നെ അതിനുദാഹരണമാണ്.തൊണ്ണൂറുകളിൽ

ഉത്തര കൊറിയയിലും വിപ്ലവമുണ്ടാകാൻ പോകുന്നു, ഇതാ സമഗ്രാധിപത്യം തകരാൻ പോകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഇടക്കൊക്കെ ശക്തമായിരുന്നു. എന്നാൽ, ഈ രാജ്യത്തെ ജനതയ്ക്കുമേൽ കിം കുടുംബത്തിന്റെ സ്വാധീനം അനുദിനം ഏറിവന്നതേയുള്ളൂ. ഇന്നും ഈ രാജ്യം ഇങ്ങനെ ഒറ്റക്കെട്ടായി തുടരുന്നതിന് ഒരു കാരണമേയുള്ളൂ. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ മറ്റു ലോകശക്തികളിൽ നിന്ന് കൊറിയക്ക് സഹിക്കേണ്ടി വന്ന ക്രൂരമായ പീഡനങ്ങൾ. അതിൽ നിന്ന് മുക്തി നേടി സ്വാഭിമാനം പിടിച്ചുവാങ്ങിയ ഈ രാജ്യത്ത് ആ ദുരനുഭവങ്ങളുടെ ഓർമകളുടെ നെരിപ്പോട് ആറാത്തതുകൊണ്ടാണ് 'കിം കൾട്ട് ' ഇന്നും തകർന്നടിയാതെ നിലനിൽക്കുന്നത്. അവിടെയാണ് കിം കുടുംബം ഉത്തര കൊറിയയുടെ തലവര തിരുത്തിക്കുറിച്ചതിന്റെ കഥകൾ ലോകത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു ചരിത്രപാഠം തന്നെ ആയി മാറുന്നത്. 

കിം ഇൽ സങ് എന്ന 'ഗ്രേറ്റ് ലീഡർ'

അധികാരക്കൊതിമൂത്ത് അശ്വമേധത്തിനിറങ്ങുന്ന സാമ്രാജ്യശക്തികൾ എന്നും കേറി മേഞ്ഞു നാമാവശേഷമാക്കിയിട്ടുള്ള ഒരു പ്രവിശ്യയായിരുന്നു കൊറിയൻ ഉപദ്വീപ്. ഒരു വശത്ത് ചൈന, മറുവശത്ത് ജപ്പാൻ. 1919 മാർച്ച് ഒന്നാം തീയതി, വാഴ്സാ ഉടമ്പടിയിൽ ഒപ്പിട്ട് ഒന്നാം ലോകമഹായുദ്ധം കൊടിയിറങ്ങുന്നതിന് മൂന്നു മാസം മുമ്പ്, കൊറിയൻ ഉപദ്വീപിൽ അങ്ങോളമിങ്ങോളം പതിനായിരക്കണക്കിന് ജനങ്ങൾ പ്രതിഷേധസ്വരവുമായി തെരുവിലിറങ്ങി. ഒരു ദശാബ്ദമായി ജാപ്പനീസ് കോളനിയായിരുന്ന പ്രദേശം അതിന്റെ 'ഇരുണ്ടയുഗ'(Dark Era) യിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന കാലം. നാട്ടിൽ അക്രമവും, ചൂഷണവും, പട്ടാള മുഷ്‌കും, വംശീയമായ അടിച്ചമർത്തലും ഒക്കെ നടമാടുന്ന കാലം. ജാപ്പനീസ്, ചൈനീസ്, മഞ്ചൂരിയൻ, കിഴക്കൻ, മധ്യ ഏഷ്യൻ വംശീയ പാരമ്പര്യങ്ങൾക്കിടയിൽ തങ്ങൾക്ക് വ്യതിരിക്തവും അനന്യവുമായ ഒരു സാംസ്കാരികസ്വത്വം ഉണ്ടെന്നു വിശ്വസിച്ചിരുന്ന, അതിൽ ഊറ്റം കൊണ്ടിരുന്ന ഒരു ജനതയായിരുന്നു ഉത്തര കൊറിയയിലേത്. 

 

three kims of north korea, what communist monarchy regimes did to this country

 

ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനകാലം വുഡ്രോ വിത്സന്റെ 'സ്വയം നിർണയാവകാശം' എന്ന തത്വം പ്രചാരം നേടിയ കാലം കൂടിയായിരുന്നു. അത് സാമ്രാജ്യത്വശക്തികളാൽ കോളനിവൽക്കരിക്കപ്പെട്ട അടിമരാജ്യങ്ങൾക്ക് ലോകമെമ്പാടും പ്രതീക്ഷ പകർന്നു. ചൈനയിലും, ഈജിപ്തിലും, ഇന്ത്യയിലും, കൊറിയയിലെ ഒക്കെ അതിന്റെ ചുവടുപിടിച്ച് ജനകീയപ്രക്ഷോഭങ്ങളുണ്ടായി. അന്ന് തെരുവിലേക്കിറങ്ങിയ യുവരക്തങ്ങളുടെ കൂട്ടത്തിൽ അച്ഛനമ്മമാരുടെ കയ്യും പിടിച്ചുവന്ന്, മുഷ്ടിചുരുട്ടി 'സാമ്രാജ്യത്വം തുലയട്ടെ' എന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളിച്ചുപറഞ്ഞ ആറുവയസ്സുകാരനായ കിം ഇൽ സങ്ങും ഉണ്ടായിരുന്നു. 

1912 -ൽ കിം സോങ് ജ്യൂ എന്ന പേരിൽ ഒരു മധ്യവർഗ മഞ്ചൂരിയൻ കുടുംബത്തിലാണ് കിം ഇൽ സങ് ജനിക്കുന്നത്.  ഒരു ക്രിസ്ത്യൻ അധ്യാപകനും, ആക്റ്റിവിസ്റ്റുമായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ. അക്കാലത്ത് ഹൈസ്‌കൂൾ വിദ്യാഭ്യാസം നല്ല മാർക്കോടെ പൂർത്തീകരിച്ച അദ്ദേഹം ബിസിനസ് രംഗത്തേക്ക് ഇറങ്ങുക എന്ന സ്വാഭാവികമായ തിരഞ്ഞെടുപ്പിന് പകരം, കമ്യൂണിസ്റ്റ് ഗറില്ലാ മുന്നേറ്റത്തിന്റെ ഭാഗമായി മഞ്ചൂരിയയിലെ ജാപ്പനീസ് അധിനിവേശത്തിനെതിരെ പോരാടാൻ ഇറങ്ങിത്തിരിച്ചു. ഏതാണ്ട് ഇതേകാലത്താണ് അദ്ദേഹം കിം ഇൽ സങ് എന്ന തന്റെ പിൽക്കാല നാമം സ്വീകരിക്കുന്നത്. 

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ അംഗത്വം അടക്കമുള്ള കിം ഇത് സങ്ങിന്റെ എല്ലാവിധ വൈദേശിക പാരമ്പര്യത്തെയും തമസ്കരിക്കുന്ന ചരിത്രമാണ് പിന്നീട് ഉത്തരകൊറിയയിൽ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധം കഴിയും വരേയ്ക്കും ചൈനീസ്, റഷ്യൻ കമ്യൂണിസ്റ്റ് സ്വാധീനങ്ങളോടെയാണ് കിം ഇൽ സങ് പ്രവർത്തിച്ചത്. നോർത്ത് കൊറിയയിലെ പ്രൊപ്പഗാണ്ട വിഭാഗം വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെ കിം ഇൽ സങ്ങിന്റെ ഗറില്ലാ പ്രവർത്തനകാലത്തെ വല്ലാതെ പൊലിപ്പിച്ചെടുത്തിട്ടുണ്ട്. ആ കഥകളിൽ 'കാറ്റാടിക്കുരുവിനെ വെടിയുണ്ടയാക്കാൻ' കഴിവുള്ള, 'പൂഴിമണ്ണിനെ പുത്തരിയാക്കാൻ' കഴിവുള്ള അതിമാനുഷജന്മമാണ്  കിം ഇൽ സങിന്റേത്. അതൊക്കെ നിരാകരിക്കുമ്പോഴും, അന്താരാഷ്ട്ര ചരിത്രകാരന്മാർ, അദ്ദേഹത്തിന്റെ ഗറില്ലാ പോരാട്ടവീര്യത്തെ അംഗീകരിക്കുക തന്നെ ചെയ്യുന്നുണ്ട്. 

 

three kims of north korea, what communist monarchy regimes did to this country

 

അങ്ങനെ ഗറില്ലാ മുന്നേറ്റങ്ങളുടെ 'പോസ്റ്റർ ബോയ്' ആയിരുന്നുകൊണ്ട്, കിം ഇൽ സങ് താമസിയാതെ ഉത്തരകൊറിയയുടെ വിമോചകനും, സ്വതന്ത്ര കമ്യൂണിസ്റ്റ് കൊറിയയുടെ സ്ഥാപകനും ഒക്കെയായി. മാവോ സെഡുങ്ങിന്റേയും ഹോചിമിന്റെയും പാതയായിരുന്നു അദ്ദേഹത്തിന്റെയും. തുടക്കത്തിൽ ജാപ്പനീസ് ഭരണാധികാരികളുമായി ജനാധിപത്യപരമായി ചർച്ചകളിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ കിം ഇൽ സങ്ങിന്റെ ചില കമ്യൂണിസ്റ്റ് ഗറില്ലാ സഹയാത്രികരെ ജപ്പാൻ സൈന്യം പിടികൂടി വധിച്ചു കളഞ്ഞതാണ് അദ്ദേഹം ജനാധിപത്യം എന്ന വാക്കുതന്നെ വെറുക്കാനുണ്ടായ കാരണം. ആ സംഭവം രാഷ്ട്രനിർമ്മാണത്തെയും, അധികാര നിർവ്വഹണത്തെയും സംബന്ധിച്ച അദ്ദേഹത്തിന്റെ ധാരണകൾ തന്നെ തിരുത്തിക്കുറിച്ചു. എല്ലാം സ്വന്തം നിയന്ത്രണത്തിൽ തന്നെ സൂക്ഷിക്കാൻ തുടങ്ങി അദ്ദേഹം. അത് ഒരു സ്വേച്ഛാധിപതിയിലേക്കുള്ള ആ യഥാർത്ഥ കമ്യൂണിസ്റ്റിന്റെ അധഃപതനത്തിന്റെ തുടക്കം കൂടി ആയിരുന്നു. 

1945 -ൽ സഖ്യകക്ഷികൾ രണ്ടാം ലോകമഹായുദ്ധത്തിൽ വിജയിക്കുന്നു. കനത്ത പരാജയം ജപ്പാന്റെ വീര്യം ഒന്നിടിച്ച ആ കാലത്താണ് കൊറിയ സ്വാതന്ത്രമാകുന്നതും, തെക്കെന്നും വടക്കെന്നും രണ്ടു രാജ്യങ്ങളായി വിഭജിതമാകുന്നതും. അന്ന് വടക്കൻ കൊറിയയുടെ ഉത്തരവാദിത്തം ചെന്നുവീണത് ഗറില്ലാ പോരാട്ടങ്ങളുടെ നായകനായിരുന്ന കിൽ ഇൽ സങ്ങിലാണ്. രാഷ്ട്രരൂപീകരണം കഴിഞ്ഞ് അധികം വൈകാതെ വലിയൊരു യുദ്ധവും ഇരുകൊറിയകൾക്കും ഇടയിൽ നടന്നു. ദക്ഷിണ കൊറിയൻ പക്ഷത്ത് നാലുലക്ഷത്തിലധികം സൈനികരും, ഉത്തരകൊറിയൻ പക്ഷത്ത്  ഇരുപത് ലക്ഷത്തോളം സൈനികരും കൊല്ലപ്പെടുകയുണ്ടായി അന്ന്. അതിൽ പാതിയിലധികം പേരും നിരപരാധികളായ പൊതുജനങ്ങളായിരുന്നു. അവരെ കൂട്ടത്തോടെ കൊന്നൊടുക്കിയതോ, ഒരു വിവേചനവുമില്ലാതെ അമേരിക്ക ദക്ഷിണകൊറിയയെ പിന്തുണച്ചുകൊണ്ട് നടത്തിയ കാർപെറ്റ് ബോംബിങ്ങും. അമേരിക്കയും ബ്രിട്ടനും കൂടി നാപാം രാസായുധങ്ങളും, പരസ്താതം ബോംബുകളും വർഷിച്ച് ഉത്തര കൊറിയയെ തകർത്തു തരിപ്പണമാക്കി. അതിനു പുറമെ കരമാർഗം സൈന്യത്തെ അയച്ചും യുദ്ധം നടത്തി. ഒടുവിൽ 1953 -ൽ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെടുന്നതിനുള്ളിൽ ലക്ഷക്കണക്കിന് പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ടായിരുന്നു. 


അതിനിടെ റഷ്യക്കും ചൈനയ്ക്കുമിടയിലുണ്ടായ അഭിപ്രായഭിന്നതയും ചേരിതിരിവുമാണ്, അറുപതുകളുടെ മധ്യത്തോടെ, ഇരുരാജ്യങ്ങളെയും ആശ്രയിക്കാതെ സ്വന്തം നിലനിൽക്കണം എന്ന വാശി കിം ഇൽ സങ്ങിൽ ഉണ്ടാക്കിയത്. അദ്ദേഹം തന്റെ 'സ്വയംപര്യാപ്തതാ സിദ്ധാന്ത'ത്തെ വിളിച്ച പേര് 'ജൂഷേ' എന്നായിരുന്നു. ആ പരിശ്രമങ്ങൾ യുദ്ധത്തിന്റെ ചാരത്തിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കാൻ ഉത്തരകൊറിയയിലെ ജനങ്ങളെ പ്രേരിപ്പിച്ചു. തങ്ങളുടെ പ്രിയ നേതാവിനെ അവർ അഭിമാനത്തോടെ 'ദ ഗ്രേറ്റ് ലീഡർ' എന്നുതന്നെ വിളിച്ചു. 

കിം ജോങ് ഇൽ - 'ദ ഡിയർ ലീഡർ'

കിം ഇൽ സോങ്ങിന്റെ മൂത്തമകനായിരുന്നു കിം ജോങ് ഇൽ. അറുപതുകളിലാണ് ഉത്തര കൊറിയ ജനങ്ങളെ 'സോങ്‌ബൻ' എന്ന പേരിൽ ജനങ്ങളെ മൂന്നായി തിരിച്ചു കാണാൻ തുടങ്ങിയത്. 'വിശ്വസ്തർ', 'ചാഞ്ചല്യമുള്ളവർ', 'വിരോധമുള്ളവർ' എന്നിങ്ങനെയായിരുന്നു ആ തരംതിരിവ്. അധികാരക്രമത്തിന്റെ കൺഫ്യൂഷ്യൻ പാരമ്പര്യത്തെ അനുകരിച്ചുകൊണ്ടുള്ള ആ വേർതിരിവ് അടിച്ചമർത്തലിനുള്ള ഒരു മാനദണ്ഡം കൂടിയായിരുന്നു. മൂന്നാമത്തെ ഗണത്തിൽ പെടുന്നു എന്ന് അധികാരികൾക്ക് തോന്നുന്നവരുടെ മൂന്നു തലമുറകൾ ക്രൂരമായ ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടിരുന്നു കൊറിയയിൽ. 

'കിം ഇൽ സങ്ങിന് ശേഷം കിം ജോങ് ഇൽ തന്നെ' എന്ന പ്രഖ്യാപനം 1980 -ൽ പുറത്തുവന്നു. 1994 -ൽ അച്ഛൻ മരിച്ചു. അടുത്ത മൂന്നുവർഷം ദുഃഖാചരണമായിരുന്നു രാജ്യത്ത്. അതിനു ശേഷമായിരുന്നു കിം 2.0 ആയ കിം ജോങ് ഇൽ അധികാരമേറ്റെടുക്കുന്നത്. അതോടെ, ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഏകാധിപത്യരാജ്യമായി ഉത്തരകൊറിയ മാറി. ഗറില്ലാ നേതാവ്, മാർക്സിസ്റ്റ് സൈദ്ധാന്തികൻ, മിലിട്ടറി കമാണ്ടർ എന്നിങ്ങനെ അച്ഛൻ കിമ്മിന് യോഗ്യതകൾ ഏറെയായിരുന്നു. പക്ഷേ അതിന്റെ തഴമ്പൊന്നും മകൻ കിം ജോങ് ഇല്ലിനുണ്ടായിരുന്നില്ല. കിം ഇൽ സങ്ങിനെപ്പോലെ ദൈവസമാനനായ ഒരു മാർക്സിസ്റ്റ് രാജാവിന്റെ പിൻഗാമിയാകാൻ വേണ്ട ഗാംഭീര്യം പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.  ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ ആരാധകനായിരുന്ന അദ്ദേഹം അതുപോലുള്ള വിലകൂടിയ വസ്ത്രങ്ങളും, സൺ ഗ്ലാസുകളും ധരിച്ചുപോന്നിരുന്നു. 

 

three kims of north korea, what communist monarchy regimes did to this country

 

എന്തായാലും നിയുക്ത രാജ്യാധിപന്റെ ജന്മനാലും കർമ്മവശാലുമുള്ള കുറവുകളെല്ലാം പരിഹരിക്കാൻ വേണ്ടി പ്രൊപ്പഗാണ്ടാ വിഭാഗം അവരാൽ കഴിയുമ്പോലെ മിനക്കെട്ടു. ജിം ജോങ് ഇല്ലിന്റെ ജന്മവർഷം, അച്ഛന്റേതുമായി (1912) പ്രാസമൊപ്പിക്കാൻ വേണ്ടി അവർ 1941 -ൽ നിന്ന് 1942  ആക്കി മാറ്റി രേഖകളിൽ. കിം ഇൽ സങ് ഗറില്ലായുദ്ധകാലത്ത് ഒളിവിൽ പാർത്തിരുന്ന സൈബീരിയൻ മരുഭൂമിയിലായിരുന്നു അദ്ദേഹത്തിന് തന്റെ രണ്ടാം ഭാര്യയിൽ കിം ജോങ് ഇൽ എന്ന മകൻ ജനിച്ചത്. ജന്മസ്ഥലവും മാറ്റി, രാജ്യത്തെ പുണ്യപുരാതനഭൂമിയായ പേക്തൂ മലനിരകളാക്കി. അദ്ദേഹത്തിന്റെ യൗവ്വനം സാഹസികമായ നിരവധി പോരാട്ടങ്ങളുടെ കഥകളാൽ സമ്പന്നമാക്കി. അവയ്ക്കുവേണ്ട തെളിവുകളും പ്രതിഷ്ഠിച്ചു. 

കിം ജോങ് ഉൻ : 'ദ ഗ്രേറ്റ് സക്സസ്സർ' 

2009 -ലാണ് മുതിർന്ന രണ്ടു മക്കളും തന്റെ പാരമ്പര്യം പിന്തുടരാൻ യോഗ്യരല്ല എന്ന ബോധ്യത്തിൽ കിം ജോങ് ഇൽ എത്തിച്ചേരുന്നത്. മൂത്തപുത്രൻ കിം ജോങ് ചുൽ വേണ്ടത്ര പുരുഷ പ്രകൃതമുള്ളയാളല്ല എന്ന് അച്ഛന് തോന്നി. രണ്ടാമൻ കിം ജോങ് നാം ആകട്ടെ പാശ്ചാത്യ സംസ്കാരത്തിൽ ഭ്രമിച്ചു കഴിയുന്നവനും. സദാസമയവും ഡിസ്നിലാൻഡിൽ കറക്കമാണ് നാമിന്റെ നേരംപോക്ക്. അതുകൊണ്ട്, ഇരുവരോടും അതൃപ്തിയുണ്ടായിരുന്ന കിം ജോങ് ഇൽ, മൂന്നാമത്തെ പുത്രനായ കിം ജോങ് ഉന്നിനെ തന്റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു.

1984 -ൽ ജനിച്ച കിം ജോങ് ഉന്നിനെ രണ്ടു വർഷം പിന്നോട്ടടിപ്പിച്ച് മുത്തച്ഛനും അച്ഛനുമായുള്ള ജനനപ്രാസം നിലനിർത്തി. സ്വിറ്റ്‌സർലണ്ടിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കിം ജോങ് ഉന്നിന് പാശ്ചാത്യലോകത്തിന്റെ രഹസ്യങ്ങൾ അറിയാമായിരുന്നു എന്നും, സൈനികവൃന്ദങ്ങളെ നിയന്ത്രിക്കുന്നതിൽ അമാനുഷികമായ സിദ്ധികളുണ്ടെന്നും പ്രൊപ്പഗാൻഡിസ്റ്റുകൾ പതിവുപോലെ സ്തുതിപാടി. അച്ഛന് പകരം, മുത്തച്ഛനെ അനുകരിച്ച്, അതേപോലുള്ള ഹെയർ സ്റ്റൈൽ സ്വീകരിച്ച് സ്വന്തം ജനതയുടെ കിം ഇൽ സങ് നൊസ്റ്റാൾജിയ മുതലെടുക്കാൻ കിം ജോങ് ഉൻ ശ്രമിച്ചു, അതിൽ വിജയിക്കുകയും ചെയ്തു. 

 

three kims of north korea, what communist monarchy regimes did to this country

 

അച്ഛനെപ്പോലെ തന്നെ, സൈന്യത്തിന് മുൻഗണന നൽകിക്കൊണ്ടാണ് ആദ്യവർഷങ്ങളിൽ കിം ജോങ് ഉന്നും ഭരിച്ചത്. മിസൈലുകളും അണ്വായുധങ്ങളും കൊണ്ട് തന്റെ അവനാഴികൾ നിറച്ചു. അമേരിക്കയിൽ പോലും ചെന്നെത്താവുന്ന മിസൈലുകൾ പരീക്ഷിച്ചു കൊണ്ട് ലോകത്തെ കിടുകിടാ വിറപ്പിച്ചു കിം ജോങ് ഉൻ. അച്ഛനിൽ നിന്ന് ഒരു കാര്യത്തിൽ വ്യത്യസ്തനായിരുന്നു മകൻ. അച്ഛൻ കിം ജോങ് ഇൽ ജനങ്ങൾക്കുമുന്നിൽ ഒരു കാരണവശാലും വാതുറക്കുന്ന പ്രകൃതക്കാരനായിരുന്നില്ല എങ്കിൽ മകൻ കിം ജോങ് ഉൻ ഇടയ്ക്കിടെ ജനങ്ങളോട് സംവദിച്ചു. തന്റെ പത്നിയും പോപ്പ് ഗായികയുമായ റി സോൾ യുവിനെ രാജ്യത്തിൻറെ പ്രഥമവനിതയാക്കി ഉയർത്തി അദ്ദേഹം. 1974 -നു ശേഷം ആദ്യമായിട്ടാണ് അങ്ങനെ സംഭവിക്കുന്നത്. സഹോദരിയായ കിം ജോ യോങിനെയും താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാൻ അദ്ദേഹം മടിച്ചില്ല. 

തന്റെ പരാജയങ്ങളും തുറന്നു സമ്മതിക്കാൻ ചിലപ്പോഴെങ്കിലും കിം ജോങ് ഉൻ തയ്യാറായിരുന്നു. 2013 -ൽ കിം രാജ്യത്തിന് മുന്നിൽ ബ്യുങ്ങ്ജിൻ പദ്ധതി അവതരിപ്പിച്ചു. അണ്വായുധങ്ങൾക്കൊപ്പം സമ്പദ്‌വ്യവസ്ഥയും പരിപോഷിപ്പിച്ചുകൊള്ളാം എന്ന ഉറപ്പായിരുന്നു അത്. തോക്കുകൾക്കൊപ്പം ആഹാരവും നൽകാം എന്ന വാഗ്ദാനം. ഈ സാമ്പത്തിക പരിഷ്കാര പരിശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു വർഷങ്ങളായി ദക്ഷിണ കൊറിയയുമായി നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടിയുള്ള ബോധപൂര്വമുള്ള ശ്രമങ്ങൾ കിം ജോങ് ഉന്നിന്റെ പക്ഷത്തുനിന്നുണ്ടാകാൻ ഒരു കാരണം. അതിന്റെ വിജയമാണ് ട്രംപ് അടക്കമുള്ളവർ കിം ജോങ് ഉന്നിനുനേരെ വെച്ചുനീട്ടിയ സൗഹൃദക്ഷണങ്ങളും. രണ്ടുമൂന്നു വർഷമായി രാജ്യത്തിനകത്തും, ലോകരാഷ്ട്രങ്ങൾക്കുമുന്നിലും മിനക്കെട്ട് കെട്ടിപ്പൊക്കിയിരിക്കുന്ന കിമ്മിന്റെ 'ജനപ്രിയ' ഇമേജിന് പിന്നിൽ പ്രവർത്തിച്ചത് ഗവണ്മെന്റിന്റെ 'ചീഫ് പ്രൊപ്പഗാൻഡിസ്റ്റ്' പദവി വഹിക്കുന്ന, സ്വന്തം സഹോദരിയുടെ തലച്ചോറായിരുന്നു. 

 

three kims of north korea, what communist monarchy regimes did to this country

 

 കിം ജോങ് ഉന്നും സഹോദരി കിം യോ ജോങ്ങും ചേർന്നുകൊണ്ട് ഉത്തര കൊറിയയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് ഇങ്ങനെ കിമ്മിന് എന്തോ ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ട് എന്നതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. അത് അവശേഷിപ്പിച്ചിരിക്കുന്നത് മൂന്നു 'ആൺ' കിമ്മുകൾക്ക് പിൻഗാമിയായി ഒരു 'ലേഡി' കിം  ഉത്തരകൊറിയയുടെ സുപ്രീം ലീഡറായി വരുമോ എന്ന ചോദ്യമാണ്.

ALSO READ

ചൈനീസ് ഏജന്റ് മകളുടെ ശരീരത്തിൽ നോട്ടമിട്ടപ്പോൾ, അത് തടയാൻ സ്വന്തം ശരീരം നൽകേണ്ടി വന്ന ഉത്തര കൊറിയയിലെ ഒരമ്മ

കിം ജോങ് ഉൻ : തലതെറിച്ച പയ്യനിൽ നിന്ന് ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതിയിലേക്കുള്ള ദൂരം

കിം ജോംഗ്ഉന്നിന്റെ ആരോഗ്യനിലയെപ്പറ്റിയുള്ള അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ ലോകം ഉറ്റുനോക്കുന്നത് കിം യോജോങിലേക്ക്

കിം ജോങ് ഉന്നിന്റെ തിരോധാനം, ഇനിയും ഉത്തരം കിട്ടാത്ത അഞ്ചു ചോദ്യങ്ങൾ

ഉത്തര കൊറിയയിലെ മൂന്നു കിമ്മുകൾ; ഏകാധിപത്യ കമ്യൂണിസ്റ്റ് പാരമ്പര്യവാഴ്ച ഒരു രാജ്യത്തോട് ചെയ്തത്

Latest Videos
Follow Us:
Download App:
  • android
  • ios