വൈൻഷോപ്പിൽ മോഷ്ടിക്കാൻ കയറി, കുടിച്ച് ബോധം കെട്ട് കിടന്നു, കള്ളനെ കയ്യോടെ പൊക്കി പൊലീസ്
ഇയാൾക്കൊപ്പം മറ്റൊരാൾ കൂടി മോഷ്ടിക്കാൻ കയറിയിരുന്നു. അയാൾ അവിടെ നിന്നും നൈസായി ഇറങ്ങിപ്പോയി. അപ്പോൾ സമയം പുലർച്ചെ 4.45 ആയിരുന്നു. പട്രോളിംഗിനെത്തിയ പൊലീസ് സംഘത്തിന്റെ കണ്ണിൽ വൈൻ ഷോപ്പിന്റെ സമീപത്ത് സംശയാസ്പദമായി കറങ്ങിയ ഇയാളും പെട്ടു.
കള്ളന്മാരുടെ ചില അവസ്ഥകൾ കാണുമ്പോൾ 'ലോകത്തൊരു കള്ളനും ഇങ്ങനെ ഒരു ഗതി വരുത്തല്ലേ' എന്ന് അറിയാതെ നമ്മൾ പറഞ്ഞു പോകും. മോഷ്ടിക്കാൻ പോയി പലയിടങ്ങളിലും കുടുങ്ങിപ്പോയ അനേകം കള്ളന്മാരുടെ വാർത്തകളും വീഡിയോകളും ഒക്കെ നാം കണ്ടിട്ടുമുണ്ട്. അതുപോലെ ഒരു കള്ളനെ ഇപ്പോൾ ദില്ലിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കയാണ്.
വൈൻ ഷോപ്പിൽ മോഷ്ടിക്കാൻ പോയതാണ് ഇയാൾ. എന്നാൽ, വൈൻ കണ്ടതോടെ കൺട്രോൾ പോയി. നന്നായി കുടിക്കുകയും ചെയ്തു. എന്നാൽ, കുടിച്ച് ബോധം പോയ ഇയാൾ അവിടെ തന്നെ കിടപ്പായി. ഇയാൾക്കൊപ്പം മറ്റൊരാൾ കൂടി മോഷ്ടിക്കാൻ കയറിയിരുന്നു. അയാൾ അവിടെ നിന്നും നൈസായി ഇറങ്ങിപ്പോയി. അപ്പോൾ സമയം പുലർച്ചെ 4.45 ആയിരുന്നു. പട്രോളിംഗിനെത്തിയ പൊലീസ് സംഘത്തിന്റെ കണ്ണിൽ വൈൻ ഷോപ്പിന്റെ സമീപത്ത് സംശയാസ്പദമായി കറങ്ങിയ ഇയാളും പെട്ടു. സംശയം തോന്നിയ പൊലീസ് വൈൻഷോപ്പിന് പുറത്തെത്തി. ഷോപ്പിന്റെ വാതിലിന് കേടുപാടുകൾ പറ്റിയിരിക്കുന്നത് കണ്ട പൊലീസ് ഉടനെ തന്നെ വൈൻ ഷോപ്പിന്റെ ഉടമയെ വിളിച്ചു. അയാൾ അപ്പോൾ തന്നെ സ്ഥലത്തെത്തി ഷോപ്പ് തുറക്കുകയും ചെയ്തു.
പിന്നാലെ, പൊലീസ് നേരെ വൈൻഷോപ്പിനകത്തേക്ക്. അവിടെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ടിരുന്നു. പൊലീസ് ഒന്നുകൂടി സ്ഥലം പരിശോധിച്ചപ്പോൾ മോഷ്ടാവ് തറയിൽ കിടപ്പായിരുന്നു. ഇയാൾ നന്നായി മദ്യപിച്ചിട്ടുമുണ്ടായിരുന്നു. ഇയാളെ പൊലീസ് കയ്യോടെ പിടികൂടി. നന്ദ് നഗരി സ്വദേശി ചമനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. താനും തന്റെ സഹായികളും കൂടി മോഷ്ടിക്കാൻ വേണ്ടിയാണ് വൈൻ ഷോപ്പിൽ കയറിയത്. എന്നാൽ, താൻ നന്നായി മദ്യപിച്ച് അവിടെ പെട്ടുപോയി. തന്റെ സഹായികൾ അവിടെ നിന്നും പോയി എന്നും ചമൻ പൊലീസിനെ അറിയിച്ചു. ചമന്റെ പേരിൽ നേരത്തെയും നിരവധി മോഷണക്കേസുകളുണ്ട്. അയാളുടെ സഹായികളെ പൊലീസ് തെരഞ്ഞു കൊണ്ടിരിക്കയാണ്.
വായിക്കാം: ഇരട്ടി സന്തോഷം; ഒറ്റദിവസം തന്നെ അമ്മയ്‍ക്കും മകനും ഒരേ തുക ലോട്ടറിയടിച്ചു!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: