ആസ്തി 9,100 കോടി, വയസ് 19, കോളേജ് വിദ്യാർത്ഥിനി; ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി
മുത്തച്ഛനും അച്ഛനും സ്ഥാപിച്ച കമ്പനികളുടെ ഓഹരിമൂല്യമാണ് 19 -ാം വയസില്‍ ലിവിയ വോയ്ഗ്റ്റിനെ ശതകോടീശ്വരിയാക്കിയത്.
കുട്ടിക്കാലത്ത് പണമാണ് ലോകത്തെ നിയന്ത്രിക്കുന്നത് എന്ന് തിരിച്ചറിയുമ്പോള്‍ എങ്ങനെയെങ്കിലും കോടീശ്വരനാകാനായിരിക്കും മിക്ക കുട്ടികളും ചിന്തിക്കുക. ജീവിതകാലം മുഴുവനും ആ ആഗ്രഹവുമായി നടക്കുന്നവരാണ് നമ്മളില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും. ചിലര്‍ അതിനായി പരിശോമിക്കുമെങ്കില്‍ ഭൂരിഭാഗം പേരും അതൊരു ആഗ്രഹം മാത്രമായി കൊണ്ട് നടക്കും. എന്നാല്‍ ബ്രസീലിയയിലെ 19 വയസുകാരി ലിവിയ വോയ്ഗ്റ്റ് അല്പം വ്യത്യസ്തയാണ്. ലിവിയ തന്‍റെ 19 -ാമത്തെ വയസില്‍ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ, ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരിയായി സ്ഥാനം നേടി. ഫോർബ്‌സ് പുറത്തിറക്കിയ ശതകോടീശ്വരന്മാരുടെ പട്ടികയിലാണ് ലിവിയയും ഇടം നേടിയത്.
ലിവിയയെ ശതകോടീശ്വരിയാക്കിയത് WEG-യിലെ ഏറ്റവും വലിയ വ്യക്തിഗത ഷെയർഹോൾഡർമാരിൽ ഒരാളാണെന്നതാണ്. മുത്തച്ഛനും അച്ഛനും സ്ഥാപിച്ച കമ്പനികളുടെ ഓഹരിമൂല്യമാണ് 19 -ാം വയസില്‍ ലിവിയ വോയ്ഗ്റ്റിനെ ശതകോടീശ്വരിയാക്കിയത്. അവളുടെ മുത്തച്ഛനും അച്ഛനും നേരത്തെ മരിച്ചിരുന്നു. മുത്തച്ഛന്‍ വെർണർ റിക്കാർഡോ വോയ്‌ഗ്റ്റും അന്തരിച്ച ശതകോടീശ്വരൻമാരായ എഗ്ഗൺ ജോവോ ഡ സിൽവയും ജെറാൾഡോ വെർണിംഗ്‌ഹോസും ചേർന്ന് സ്ഥാപിച്ച ഇലക്ട്രിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനിയായ WEG-യിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയാണ് ലിവിയ വോയ്ഗ്റ്റ്.
WEG-ൽ ഒരു ഷെയർഹോൾഡറായ ലിവിയ വോയ്‌ഗ്റ്റിന് നിലവില്‍ 1.1 ബില്യൺ ഡോളറും (9,100 കോടിയിലധികം രൂപ) ആസ്തിയാണ് ഉള്ളത്. അതേസമയം ഈ 19 -കാരി ഒരു സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയുമാണ്. കമ്പനിയുടെ ബോര്‍ഡംഗമല്ല ലിവിയ. 1.1 ബില്യൺ ഡോളറിന്‍റെ ആസ്തിയുള്ള ലിവിയയുടെ മൂത്ത സഹോദരി ഡോറ വോഗ്റ്റ് ഡി അസിസും ഫോബ്സിന്‍റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 26 വയസുള്ള ഡോറ വോഗ്റ്റ് ഡി അസിസ് 2020-ൽ ആർക്കിടെക്ചർ ബിരുദം നേടിയിരുന്നു.
തന്നേക്കാൾ രണ്ട് മാസം മാത്രം പ്രായമുള്ള ഇറ്റാലിയൻ കൗമാരക്കാരനായ ക്ലെമെന്‍റ് ഡെൽ വെച്ചിയോയിൽ നിന്നാണ് ലിവിയ 'ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ' എന്ന പദവി സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ കണ്ണട കമ്പനിയായ എസ്സിലോർ ലക്സോട്ടിക്കയുടെ മുന്‍ ചെയർമാൻ ആയിരുന്ന ലിയോനാർഡോ ഡെൽ വെച്ചിയോയുടെ മകനാണ് ക്ലെമന്‍റ് ഡെൽ വെച്ചിയോ. അച്ഛന്‍റെ മരണത്തിന് പിന്നാലെ 2022 ല്‍ ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 18 -ാം വയസില്‍ ഇടം പിടിച്ചയാളാണ് ക്ലെമന്‍റ് ഡെൽ വെച്ചിയോ. നിലവില്‍ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കോടീശ്വരനായ ക്ലെമന്‍റിന്‍റെ ആസ്തി 4.8 ബില്യൺ ഡോളറാണ്. 2022-ൽ അച്ഛന്‍റെ മരണത്തിന് പിന്നാലെ കമ്പനിയിലെ 12.5 ശതമാനം ഓഹരി ക്ലെമന്‍റിന് പിതൃസ്വത്തായി ലഭിച്ചിരുന്നു. സീറോദ സ്ഥാപകരായ നിതിൻ, നിഖിൽ കാമത്ത്, ഫ്ലിപ്കാർട്ട് സ്ഥാപകരായ സച്ചിനും ബിന്നി ബൻസാല്‍ എന്നിവര്‍ ഈ വർഷം ഇന്ത്യയില്‍ നിന്നും ഫോബ്സിന്‍റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടി.
'എന്‍റെ 'പൊന്നേ'... നിന്‍റെ കാര്യം'; ഭൂമിയില്‍ എത്ര സ്വര്‍ണ്ണ നിക്ഷേപമുണ്ടെന്ന് അറിയാമോ?