ലോകത്തിലെ ഏറ്റവും പ്രായമുള്ള നവദമ്പതികൾ; 'മൊത്തം പ്രായം' 202 വയസ്
ഇരുവരും സർവകലാശാലയില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു. പിന്നീട് ജീവിതത്തിന്‍റെ പല വഴികളിലൂടെ സഞ്ചരിച്ച് ഇരുവരും ഒരേ വൃദ്ധസദനത്തിലെത്തി ചേര്‍ന്നു.
ആരോഗ്യ രംഗത്ത് ഇത്രയേറെ മുന്നേറ്റമുണ്ടായിട്ടും ഒരു നൂറ്റാണ്ട് കാലം ജീവിക്കുകയെന്നത് ഇന്നും മനുഷ്യന് അത്ര സാധ്യമായ ഒന്നല്ല. ഇതിനൊരു അപവാദം ജപ്പാനാണ്. ജപ്പാനില്‍ 100 -ന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം മറ്റ് രാജ്യങ്ങളെക്കാള്‍ കൂടുതലാണ്. എന്നാല്‍, ഇവരെല്ലാം തന്നെ ഒറ്റയ്ക്കാണ്. അതായത്, ഒന്നെങ്കില്‍ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് മരിച്ചവരാണ് മിക്കവരും എന്നത് തന്നെ. എന്നാല്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും 100 വയസിന് മുകളിലുണ്ടെങ്കിലോ? അതെ, അങ്ങനെ ഒരു ദമ്പതികളുണ്ട്. യുഎസില്‍ നിന്നുള്ള ബെർണി ലിറ്റ്മാനും മർജോറി ഫിറ്റർമാനുമാണ് ആ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ദമ്പതികള്‍.
ബെർണി ലിറ്റ്മാന് പ്രായം 100. മർജോറി ഫിറ്റർമാനാകട്ടെ 102 ഉം. ഇരുവരും വിവാഹിതരായിട്ട് ഏഴ് മാസമേയായിട്ടൊള്ളൂ. പക്ഷേ, ഇന്ന് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നവദമ്പതികൾ എന്ന ഗിന്നസ് വേള്‍ഡ് റിക്കോർഡിന് ഉടമകളാണ് ഇരുവരും. 'ശതാബ്ദി ദമ്പതികൾ' എന്നും അറിയപ്പെടുന്ന ഇരുവര്‍ക്കും കൂടി 202 വയസും 271 ദിവസവും പ്രായമായെന്ന് ഗിന്നസ് വേള്‍ഡ് റെക്കോർഡ് സ്ഥിരീകരിച്ചു.
ആദിമ മനുഷ്യരുടെ ഭക്ഷണ മെനുവിലെ പ്രധാന ഇനം 11 ടൺ ഭാരമുള്ള 'മാമോത്തു'കളെന്ന് പഠനം
ബെർണി ലിറ്റ്മാനും മർജോറി ഫിറ്റർമാനും തങ്ങളുടെ ആദ്യ പങ്കാളികളുമായി 60 വര്‍ഷത്തോളം ദമ്പത്യ ജീവിതം നയിച്ചു. ഇരുവരുടെയും പങ്കാളികള്‍ മരിച്ചതിന് ശേഷമാണ് ഇവര്‍ വൃദ്ധസദനത്തിലേക്ക് എത്തിയത്. എന്നാല്‍, അവര്‍ വൃദ്ധസദനത്തിൽ വച്ചല്ല ആദ്യമായി പരസ്പരം കണ്ടുമുട്ടിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവരുടെ കൌമാര കാലത്ത് ഇരുവരും ഒരുമിച്ച് പെൻസിൽവാനിയ സർവകലാശാലയിൽ പഠിക്കുകയും പരിചയക്കാരുമായിരുന്നു.
പിന്നീട് മർജോരി അദ്ധ്യാപികയും ബെർണി എഞ്ചിനീയറുമായി. പിന്നാലെ വിവാഹിതരായ ഇരുവരും സ്വന്തം കുടുംബ ജീവിതവുമായി മുന്നോട്ട് പോയി. എന്നാല്‍, ജീവിതത്തിലെ വഴിത്തിരിവുകള്‍ അവരെ ഇരുവരെയും വീണ്ടും ഒരു വൃദ്ധസദനത്തില്‍ ഒന്നിപ്പിച്ചു. വൃദ്ധസദനത്തില്‍ വച്ചുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലായി. അതും നീണ്ട ഒമ്പത് വര്‍ഷത്തെ പ്രണയം. ഒടുവില്‍, 2024 മെയ് മാസത്തില്‍ ഇരുവരും ഔദ്ധ്യോഗികമായി വിവാഹം കഴിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ദമ്പതികളായി ഇരുവരും മാറിയെന്ന് ഗിന്നസ് വേള്‍ഡ് റെക്കോർഡും പറയുന്നു.