1994 ല്‍ 500 രൂപ കൊടുത്ത് മുത്തച്ഛന്‍ വാങ്ങിയ എസ്ബിഐ ഓഹരി; ഇന്നത്തെ വില അറിയാമോ? കുറിപ്പ് വൈറല്‍
നിരവധി പേര്‍ തന്നോട് അതിന്‍റെ ഇപ്പോഴത്തെ മൂല്യമെത്രയെന്ന് അന്വേഷിച്ചതായും തനിക്കിപ്പോള്‍ പണത്തിന് അത്യാവശ്യമില്ലെന്നും അതിനാല്‍ ഓഹരികള്‍ വില്ക്കുന്നില്ലെന്നും അദ്ദേഹം എഴുതി.
ഇന്ന് നിക്ഷേപകര്‍ സ്വര്‍ണ്ണത്തേക്കാളെ ആശ്രയിക്കുന്നത് ഓഹരികളെയാണ്. ഭാവിയില്‍ മികച്ച പ്രതിഫലം നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി അതില്‍ നിക്ഷേപിക്കുകയും മൂല്യം വര്‍ദ്ധിക്കുമ്പോള്‍ അവ വിറ്റ് കാശക്കുകയും ചെയ്യുന്നത് ഇന്ന് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍, ഭാവി മുന്നില്‍ കണ്ട് എടുത്ത ഓഹരി, വില്ക്കാതിരിക്കുകയും ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഓഹരി ഉയര്‍ന്ന മൂല്യത്തില്‍ നില്‍ക്കുമ്പോള്‍ അത് കണ്ടെത്തുന്ന നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? ചണ്ഡീഗഡിലെ ഒരു ഡോക്ടർ തനിക്ക് ലഭിച്ച ഈ അസുലഭ ഭാഗ്യത്തെ കുറിച്ച് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ആ ഭാഗ്യകഥ വായിക്കാന്‍ നിരവധി പേരെത്തി.
ഡോ. തൻമയ് മോട്ടിവാല, തന്‍റെ ഭാഗ്യത്തെ കുറിച്ച് എക്സ് സാമൂഹിക മാധ്യമത്തില്‍ ഇങ്ങനെ എഴുതി. 'ഇക്വിറ്റി കൈവശം വയ്ക്കുന്നതിനുള്ള അധികാരം. എന്‍റെ മുത്തശ്ശി 1994 ൽ 500 രൂപ വിലമതിക്കുന്ന എസ്ബിഐ ഓഹരികൾ വാങ്ങിയിരുന്നു. അവരത് മറന്നു പോയി. വാസ്തവത്തിൽ, എന്തുകൊണ്ടാണ് അവർ അത് വാങ്ങിയതെന്നും അവർ അത് കൈവശം വച്ചിട്ടുണ്ടോ എന്ന് തന്നെയും അവർക്ക് അറിയില്ലായിരുന്നു. കുടുംബത്തിന്‍റെ ഉടമസ്ഥാവകാശം ഏകീകരിക്കുന്നതിനിടെ ഞാന്‍ അത്തരം ചില സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. (അതിനെ ഡീമാറ്റിലേക്ക് മാറ്റാനായി അയച്ചു).' കുറിപ്പിനൊപ്പം അദ്ദേഹം എസ്ബിഐ ഓഹരിയുടെ ഒരു ചിത്രവും പങ്കുവച്ചു. കുറിപ്പ് പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമത്തില്‍ വൈറലായി. ഇന്നലെ ഉച്ചയ്ക്ക് പങ്കുവച്ച കുറിപ്പ് ഇതിനകം ഏതാണ്ട് ഒമ്പത് ലക്ഷം പേരാണ് കണ്ടത്.
30 വർഷത്തിനുള്ളിൽ ഓഹരി വില 750 മടങ്ങ് വര്‍ദ്ധിച്ചെന്നും ഇന്ന് അതിന് ഡിവിഡന്‍റ് ഒഴികെ ഏകദേശം 3.75 ലക്ഷം രൂപയുടെ മൂല്യമുണ്ടെന്നും മറ്റൊരു കുറിപ്പില്‍ ഡോ തൻമയ് മോട്ടിവാല അറിയിച്ചു. നിരവധി പേര്‍ തന്നോട് അതിന്‍റെ ഇപ്പോഴത്തെ മൂല്യമെത്രയെന്ന് അന്വേഷിച്ചതായും അദ്ദേഹം എഴുതി. ഒപ്പം തനിക്കിപ്പോള്‍ പണത്തിന് അത്യാവശ്യമില്ലെന്നും അതിനാല്‍ ഓഹരികള്‍ വില്ക്കുന്നില്ലെന്നും അദ്ദേഹം എഴുതി. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ കുറിപ്പും നിരവധി പേര്‍ വായിച്ചു. ആ കുറിപ്പുകള്‍ക്ക് താഴെ വായനക്കാര്‍ തങ്ങളുടെ അനുഭവമെഴുതി. '3.76 ലക്ഷം ചെറിയ തുകയായിരിക്കാം. ഒരു ചെറിയ എൻട്രി ലെവൽ കാറിന്‍റെ വില. 1994-ൽ ഒരു സർക്കാർ അധ്യാപകന്‍റെ പ്രതിമാസ ശമ്പളം 500 രൂപയാണെന്ന് ഞാൻ കരുതുന്നു. ഇക്കാലത്ത് അത് ഏകദേശം 40,000 ആണ്. അതിനാൽ ഇത് തീർച്ചയായും ആളുകളുടെ വരുമാനത്തേക്കാൾ വളരെയധികം വർദ്ധിച്ചു.' ഒരു കാഴ്ചക്കാരനെഴുതി. അതേസമയം ചില സംശയാലുക്കള്‍ ഓഹരിയുടെ വളർച്ചാ നിരക്കും കണക്കുകളും തമ്മിലുള്ള കൃത്യതയെക്കുറിച്ച് സംശയങ്ങളുന്നയിച്ചു.